Categories: Kerala

അധികാരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ വിഴുങ്ങി; ഒത്തുകളികളില്‍ വിള്ളല്‍; വിജിലന്‍സിനെ ആയുധമാക്കി സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ വിജിലന്‍സിനെ തുറുപ്പുചീട്ടാക്കുന്നു. അഴിമതി നടത്തുന്നതില്‍ ഒരേതൂവല്‍ പക്ഷികളായ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ കയറുമ്പോള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് പരസ്പരം സഹായിക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വിള്ളല്‍. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളകള്‍ കണ്ടുപിടിക്കാന്‍  കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വിജിലന്‍സിനെ രംഗത്തിറക്കി തടിയൂരാനാണ് പിണറായിയുടെ നീക്കം.  

യുഡിഎഫ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ സമരത്തീച്ചൂളയില്‍ നിര്‍ത്തിയതിനു ശേഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. എന്നാല്‍, അധികാരം കിട്ടിയപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അപ്പാടെ വിഴുങ്ങി. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുടെ പേരിലായിരുന്നു ഇത്.  

ഒന്നിലും ഒരന്വേഷണവും നടത്തിയില്ല. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം മുള്‍ മുനയില്‍ നിര്‍ത്തി സമരം ചെയ്തിരുന്നു. നൂറുകണക്കിന് കെഎസ്ആര്‍ടിസി ബസുകളും പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം സെന്‍ട്രല്‍ ജയിലില്‍ ആയിരിക്കുമെന്നു വരെ യോഗങ്ങളില്‍ പ്രഖ്യാപിച്ചു.  

എന്നാല്‍, അധികാരത്തില്‍ കയറി കാലാവധി കഴിയാറായിട്ടും സോളാര്‍ കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ല. സോളാര്‍ വിവാദം അന്വേഷിക്കാന്‍ നിയമിച്ച ശിവരാജന്‍ കമ്മീഷന്‍ 2017ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ സര്‍ക്കാരിനായില്ല. പിണറായി വിജയനും

ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള രഹസ്യകൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നത് പാട്ടാണ്. തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ ഇര കേസ് ഫയലുകളുമായി കോടതികള്‍ കയറി ഇറങ്ങുന്ന അവസ്ഥയിലും.  

തൊട്ടുപിന്നാലെ വന്ന ബാര്‍ക്കോഴയില്‍ നിരവധി കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസിലാണ് കോടിക്കണക്കിന് രൂപ കമ്മീഷന്‍ പറ്റിയെന്ന് ആരോപണമുയര്‍ന്നത്. നിയമസഭയില്‍ വരെ ഇരുകൂട്ടരും ഏറ്റുമൂട്ടി. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന് വി.എസ് സഭയില്‍ പറഞ്ഞു. എന്നാല്‍ നാലര വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ആരോപണവിധേയരായവര്‍ക്കെതിരെ ഒന്നും ചെയ്തില്ല. കൂടാതെ രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി സ്ഥലം വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിലും അന്വേഷണം വന്നില്ല. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്, കവിയൂര്‍-കിളിരൂര്‍ പീഡനക്കേസ് തുടങ്ങിയവയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒത്തുകളിച്ചു.  

തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സിപിഎം അഴിമതികളുടെ നടുക്കുഴിയിലായി. യുഡിഎഫുമായി ഇനി ഒത്തുതീര്‍പ്പിലൂടെ മുന്നോട്ട് പോയാല്‍ തന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവിലെത്തി മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച് വന്ന ഇ ഡി ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ പടിവാതിലില്‍ വരെയെത്തി. ഇരുകൂട്ടരും ഒത്തുകളിച്ച അഴിമതികളും കോഴപ്പണവുമൊക്കെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കും. സോളാറും ബാര്‍ക്കോഴയും വരെ ഇ ഡി അന്വേഷിച്ചേക്കാം. അതിനാല്‍ ഇനി ഒത്തുതീര്‍പ്പ് കളി നടത്തിയാല്‍ പരുങ്ങലിലാകുന്ന രാഷ്‌ട്രീയ ഭാവി ഓര്‍ത്താണ് പിണറായി അവസാന ആയുധമായി വിജിലന്‍സിനെ ഇറക്കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക