കൊല്ലം: സുരേഷേട്ടന് വിരിയിച്ച താമര വാടാതെ കാക്കാനാണ് സൂര്യയുടെ പോരാട്ടം. തൂവനാട്ട് സുരേഷ് കുമാറിലൂടെ തിരുമുല്ലവാരത്ത് പോയ തവണ നേടിയ വന്‍വിജയം ആവര്‍ത്തിക്കാന്‍ ബിജെപി ഇക്കുറി ഇറക്കിയത് യുവമോര്‍ച്ച മുളങ്കാടകം ഏരിയ പ്രസിഡന്റ് കൂടിയായ സൂര്യ ബി. ചന്ദ്രനെ….
ചിത്രകാരിയാണ് സൂര്യ. വരച്ചിടുന്നതത്രയും നാടിന്റെ വികസനചിത്രങ്ങള്‍. പല വര്‍ണങ്ങള്‍ ചാലിച്ച് വരച്ച ചിത്രങ്ങളില്‍ സൂര്യന്റെ പുലരിത്തുടിപ്പും ചന്ദ്രികയുടെ നിലാക്കുളിരുമുണ്ട്. രണ്ടും സേവനത്തിന്റെ അടയാളങ്ങളാണ്… തുടങ്ങിവച്ചതെല്ലാം
പൂര്‍ത്തിയാക്കണം. തര്‍പ്പണകേന്ദ്രമായ തിരുമുല്ലാവാരത്തിന്റെ പവിത്രത കാക്കണം. സൂര്യ ജില്ലാ സംസ്ഥാന തലത്തില്‍ പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, ഡോള്‍ മേക്കിങ് തുടങ്ങിയ മത്സര ഇനങ്ങളില്‍ വിജയിയാണ്. ബികോം ബിരുദധാരിയായ സൂര്യയുടെ ആദ്യകളരി ബാലഗോകുലമാണ്. പാലോണില്കാവ് ശ്രീഭദ്ര ബാലഗോകുലം പ്രസിഡന്റ്, പിന്നീട് എബിവിപിയിലുടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവ പ്രവര്‍ത്തക. എബിവിപി യൂണിറ്റ് കണ്‍വീനറായിരുന്നു. നാട്ടില്‍ യുവജന സാംസ്കാരിക സംഘടനകളില്‍ സജീവ സാന്നിധ്യവും ഭാരവാഹിയുമാണ്.
‘വികസന തുടര്‍ച്ചയ്ക്ക് നാടിന്റെ സ്വന്തം യുവത്വം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ കൗണ്‍സിലറായി തിരുമുല്ലാവാരത്തെ കാത്ത തൂവനാട്ട് വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 736ലും കൂടുതല്‍ എത്തണമെന്ന വാശിയിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇടതു വലതു മുന്നണികളില്‍ ഉടലെടുത്ത അസ്വാരസ്യം ബിജെപി ക്യാമ്പിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
എസ്എഫ്ഐ സംസ്ഥാന സമിതി അംഗം യു. പവിത്രയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി ബി. രാധിക കുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: