ചക്കുളത്തുകാവ്: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷത്രത്തില്‍ പൊങ്കാലയുടെ വിളംബരമറിയിച്ച് നിലവറ ദീപം തെളിഞ്ഞു. മൂലകുടുംബത്തിലെ നിലവയില്‍ കെടാതെ സൂക്ഷിച്ച നിലവിളക്കില്‍ നിന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പകര്‍ന്നെടുത്ത ദീപം ശ്രീകോവിലിന് മുമ്പിലെ കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവെച്ച നിലവിളക്കിലേയ്ക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ദീപം പകര്‍ന്നതോടെ പൊങ്കാല വിളംബരത്തിന് തുടക്കംകുറിച്ചു.
നിലവറ ദീപം കൊടിമര ചുവട്ടില്‍ തെളിക്കുന്നതിന് മുമ്പ് മൂലകുടുംബ ക്ഷേത്രത്തില്‍ വലംവെച്ച ശേഷം താലപ്പൊലിയുടേയും വായ്കുരവയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടിയണ് ക്ഷേത്ര സന്നിധിയില്‍ ദീപം എത്തിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. തിന്മയുടെ പ്രതീകമായ കാര്‍ത്തിക സ്തംഭം ഉയര്‍ന്നു. നെടുമ്പ്രം പുല്ലംചെപ്പില് പെണ്ണമ്മയുടെ ഭവനത്തില്‍ നിന്നാണ് സ്തംഭത്തിനുള്ള കവുങ്ങ് ക്ഷേത്രത്തില്‍ എത്തിച്ചത്. ദേവിക്ക് ഒരുവര്‍ഷം കിട്ടിയ ഉടയാടകളും, വാഴക്കച്ചിയും, കവുങ്ങിന് പാളയും, പഴയോലയും വെച്ചുകെട്ടിയാണ് സ്തംഭം ഉയര്‍ത്തിയത്. ക്ഷേത്ര സന്നിധിയില്‍ ഉയര്‍ന്ന സ്തംഭത്തിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. കാര്‍ത്തിക പൊങ്കല ദിവസം ദീപാരാധനയ്ക്ക് മുന്നോടിയായാണ് സ്തംഭം കത്തിക്കുന്നത്. ഇതോടെ സകല പാപങ്ങളും പരിഹരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ചക്കുളത്തുകാവ് പൊങ്കാലയുടെ കേളികൊട്ടുയര്‍ന്ന ഇരുചടങ്ങുകള്‍ക്കും രഞ്ജിത്ത് ബി. നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, പിആര്‍ഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
ചക്കുളത്തുപൊങ്കാല 29ന് നടക്കും. പൊങ്കാലദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവെച്ചിരിക്കുന്ന മണ്ഡപത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടര്‍ന്ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നിപകരും. 12ന് പൊങ്കാലനേദ്യം നടക്കും. തുടര്‍ന്ന് ദേവിയെ അകത്തേയ്ക്ക് എളുന്നള്ളിച്ച് ഉച്ചദീപാരാധനയും, ദിവ്യാഭിഷേകവും നടത്തും. വൈകിട്ട് ദീപാരാധനയോടെ കാര്‍ത്തിക സ്തംഭത്തില്‍ അഗ്നിപകരും. പൊങ്കാലയും, തുടര്‍ന്ന് നടക്കുന്നചടങ്ങുകളും സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: