ശ്ലോകം 264
ഉക്തമര്ത്ഥമിമമാത്മനി സ്വയം
ഭാവയേത് പ്രഥിതയുക്തിഭിര്ധിയാ
സംശയാദിരഹിതം കരാംബുവത്
തേന തത്ത്വനിഗമോ ഭവിഷ്യതി
മുമ്പ് പറഞ്ഞ പോലെ സാധകന് യുക്തിക്ക് നിരക്കുന്ന പോലെ ബുദ്ധി കൊണ്ട് ഉള്ളില്‍ ബ്രഹ്മാനുസന്ധാനം ചെയ്യണം.അതേ തുടര്‍ന്ന് കൈക്കുമ്പിളിലെ വെള്ളം പോലെ സംശയങ്ങള്‍ നീങ്ങി സത്യത്തെ സാക്ഷാത്കരിക്കാം.
കഴിഞ്ഞ 10 ശ്ലോക ങ്ങളില്‍ വിവരിച്ചിരിക്കുന്ന ബ്രഹ്മത്തെ ഉള്ളില്‍ നന്നായി അനുസന്ധാനം ചെയ്യണം. ശാസ്തസമ്മതമായ രീതിയില്‍ വിചാരം ചെയ്യാന്‍ ബുദ്ധിയെ പരിശീലിപ്പിക്കണം. ശാസ്ത്രങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ വേണം ധ്യാനിക്കാന്‍.
ഓരോ ശാസ്ത്രത്തിലും ഓരോ പ്രത്യേക രീതിയില്‍ വിശകലനം ചെയ്താലേ അന്വേഷണം വേണ്ടവിധത്തിലാവുകയുള്ളൂ .ബ്രഹ്മവിദ്യയെ നേടാനും ഒരു വിചാരരീതിയുണ്ട്.സാധകന് അത് അറിയണം എന്നാലേ ആത്മതത്ത്വം സംശയം ഒട്ടുമില്ലാതെ അനുഭവരൂപത്തില്‍ അറിയാന്‍ കഴിയൂ. കൈക്കുമ്പിളിനകത്തെ വെള്ളം പോലെ സംശയങ്ങള്‍ ഇല്ലാത്തതാകണം.
അനുഭവരൂപത്തിലുള്ള ആത്മതത്ത്വത്തെക്കുറിച്ച് സംശയമേ ഉണ്ടാകില്ല. ഐക്യ രൂപമായ അര്‍ത്ഥത്തെ ശ്രുതിയ്ക്ക് അനുസൃതങ്ങളായ യുക്തികളെ കൊണ്ട് നിര്‍മ്മലമായ അന്ത: കരണത്താല്‍ ബുദ്ധിയില്‍ സ്വയം ഭാവന ചെയ്യണം.കൈക്കുള്ളിലെ വെള്ളം പോലെ അത് സ്പഷ്ടമായിരിക്കും.
യുക്തികളില്‍ പ്രസിദ്ധി ശ്രുത്യനുസാരിയായുള്ളതാണ്. സംശയാദി എന്ന് പറഞ്ഞത് വിപര്യയം, അസംഭാവന എന്നിവയെ ഉദ്ദേശിച്ചാണ്. സംശയങ്ങള്‍ക്കോ മറ്റ് വികല്പ്പങ്ങള്ക്കോ ഇടകൊടുക്കാതെ ബ്രഹ്മത്തെ സാക്ഷാല്‍കരിച്ച് കൃതകൃത്യനാവണം.
ശ്ലോകം 265
സ്വബോധമാത്രം പരിശുദ്ധതത്ത്വം
വിജ്ഞായ സംഘേ നൃപവച്ച സൈന്യേ
തദാശ്രയഃ സ്വാത്മനി സര്‍വ്വദാ സ്ഥിതോ
വിലാപയ ബ്രഹ്മണി വിശ്വജാതം
സ്വബോധ മാത്രവും പരിശുദ്ധ തത്ത്വവുമായ പരമാത്മാവിനെ സൈന്യത്താല്‍ ചുറ്റപ്പെട്ട രാജാവിനെയെന്ന പോലെ കാര്യകാരണ സംഘാതത്തില്‍ നിന്ന് വേര്‍തിരിച്ചറിയണം. അതിനെ ആശ്രയിച്ച് അതില്‍ തന്നെ സ്വസ്വരൂപമായ ബ്രഹ്മത്തില്‍ തന്നെ നിഷ്ഠയോടെയിരിക്കണം. വിശ്വത്തെ ബ്രഹ്മത്തില്‍ വിലയിപ്പിക്കണം.
അനേകം യോദ്ധാക്കളുടെ ഇടയില്‍ തേര് കൊടിയടയാളം തുടങ്ങിയവ കൊണ്ട് രാജാവിനെ തിരിച്ചറിയുന്നതു പോലെ ആത്മാവിനെ കാര്യ കാരണ സംഘാതത്തില്‍ നിന്ന് വേര്‍തിരിച്ചറിയണം. എന്നിട്ട് സകല ദൃശ്യജാലങ്ങളേയും ആ ബ്രഹ്മത്തില്‍ വിലയിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: