മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സിപിഐ(എം) തെരഞ്ഞെടുപ്പ് അടിമറിക്കുകയാണെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു ആരോപിച്ചു. ചാളക്കടവ്, അടുക്കത്ത് പറമ്പ്, കക്കാട്ട് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയായിരുന്നു. നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പിട്ടവരുടെ വീടുകളില്‍ നൂറിലധികം വരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറി ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവഭയത്താലും വസ്തുവകകള്‍ നശിപ്പിക്കുന്നതിനാലും പോലിസില്‍ പരാതിപ്പെടാന്‍ പോലുമാവാതെ ഭയന്നിരിക്കുകയാണ് അവര്‍.
ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടാനായി എതിര്‍സ്ഥാനാര്‍ത്ഥികളേയും നിര്‍ദ്ദേശകരേയും ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കുന്ന ഫാസിസ്റ്റ് നയം സിപിഐഎമ്മിന് വരും ദിവസങ്ങളില്‍ ജനരോഷം നേരിടേണ്ടിവരും. ചാളക്കടവ്, അടുക്കത്ത് പറമ്പ്, കക്കാട് എന്നി വാര്‍ഡുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാമനിര്‍ദ്ദേശപത്രിക കൊടുക്കാനാവാത്തതിനാല്‍ സിപിഐഎമ്മിന് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്ത അവസ്ഥയാണ്.
സിപിഐഎമ്മിന് സ്വാധിനമുള്ള മേഖലകളില്‍ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ എതിര്‍പ്പും നേരിടേണ്ടിവരുമെന്ന് കണക്കു കൂട്ടിയാണ് ഈ രീതിയില്‍ ഭീഷണി മുഴക്കി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത്.
കേരളത്തിലുടനീളം സിപിഐഎം വിരുദ്ധ രാഷ്‌ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി നേരിടാനാവാതെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണാധികാരികളും സൗകര്യമൊരുക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധിക്കണം. അല്ലാത്തപക്ഷം സിപിഐഎം കേന്ദ്രങ്ങളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് ബിജെപി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: