പിണറായി രാജാവിന്റെ പണമന്ത്രി തോമസ് ഐസക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാജരായിട്ടുണ്ട്. പതിവുള്ള പരപുച്ഛത്തിനും ആളെ ഐസാക്കുന്ന ഇളിഭ്യച്ചിരിക്കും ഇപ്പോള്‍ ലേശം കുറവുണ്ട്. കാട്ടുകള്ളന് മന്ത്രി കള്ളം പറയുന്നവനെങ്കിലും ആകണമെന്നത് നാട്ടുവഴക്കമായതിനാല്‍ തോമസ് ഐസക്കിന്റെ ക്രെഡിബിലിറ്റിയെ പറ്റി ഇപ്പോള്‍ മലയാളികള്‍ക്ക് ശങ്കയില്ല. അതിങ്ങനെയല്ലേ വരൂ എന്നതാണ് പൊതുബോധ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണക്കാരെ അടിപടലം പൂട്ടാന്‍ രംഗത്തിറങ്ങിയ നാള് മുതല്‍ കാണുന്നതാണ് ഐസക്കിന്റെ മരണവെപ്രാളം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് റദ്ദാക്കിയെന്ന് മോദി പ്രഖ്യാപിച്ച ആ രാത്രി മുതല്‍ ഐസക്കിന് ചെമ്പന്‍കുഞ്ഞിന്റെ ഭാവമായിരുന്നു. എന്റെ വല, എന്റെ കാശ് എന്ന് ഉറക്കെ അലമുറയിട്ട് കടാപ്പുറത്തുകൂടി പരക്കം പാഞ്ഞ ചെമ്മീനിലെ ചെമ്പന്‍കുഞ്ഞിനെപ്പോലെ ഐസക്ക് ഓരോ വേദികളിലും കയറിയിറങ്ങി മോദിയെ ഭള്ള് പറഞ്ഞു. നോട്ട് റദ്ദാക്കിയതുമൂലം വണ്ടിയിടിച്ച് മരിച്ചവരുടെയും വെള്ളത്തില്‍ മുങ്ങി മരിച്ചവരുടെയുമൊക്കെ കണക്കുപുസ്തകം പത്രസമ്മേളനങ്ങളില്‍ നിരത്തിയായിരുന്നു ഐസക്കിന്റെ അന്നത്തെ പതം പറച്ചില്. പിണറായി രാജാവും ഐസക്കും ബിനീഷിന്റെ അച്ഛനുമൊക്കെക്കൂടി തിരുവനന്തപുരത്ത് റിസര്‍വ്ബാങ്കിന്റെ മുന്നില്‍ പോയി ഉപരോധിച്ചുകളഞ്ഞു. മോദി നോട്ട് നിരോധിച്ചതിന് കുമ്മനത്തിന് നേരെയായിരുന്നു ആക്രോശം. ‘എടോ ഗോപാലകൃഷ്ണാ’ എന്ന വിളി കേട്ട് കാത് കുളിര്‍ത്ത മലയാളി ‘രാജശേഖരാ കേട്ടോണം’ എന്ന രാജാവിന്റെ ആക്രോശം കേട്ട് അന്ന് കോള്‍മയിരണിഞ്ഞു.
മോദിക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് ഫെഡറേഷനുണ്ടാക്കാന്‍ മസ്കറ്റില്‍ യോഗം വിളിച്ച അതിബുദ്ധിമാനാണ് ഐസക്ക്. പിണറായി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. അവരത് കീറി കുട്ടയിലെറിയും. ഐസക്ക് ധനമന്ത്രിമാര്‍ക്ക് കത്തയയ്ക്കും. അവരത് ചുരുട്ടിക്കൂട്ടി കുറ്റിക്കാട്ടില്‍ കളയും. മോദി അധികാരത്തിലേറിയതിന്റെ അസൂയയും അസഹിഷ്ണുതയും തലയ്ക്ക് പിടിച്ച് രാജാവും മന്ത്രിയും കൂടി കാട്ടിക്കൂട്ടിയ പോഴത്തങ്ങള്‍ ചില്ലറയല്ല. സമാന്തര കേന്ദ്രമാകാനായിരുന്നു പരിപാടി.
നോട്ട് റദ്ദാക്കലിന് ശേഷം എപ്പോഴൊക്കെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ പ്രഖ്യാപനങ്ങളുമായി വന്നോ അന്നേരമെല്ലാം ചെമ്പന്‍കുഞ്ഞ് പുറത്തിറങ്ങി നിലവിളിച്ചു. ആരൊക്കെയോ പറഞ്ഞതുകേട്ട് സ്വയം സാമ്പത്തികശാസ്ത്രജ്ഞനായി കോട്ടും തയ്പിച്ചിരുന്ന് പരപുച്ഛം സമാസമം ചേര്‍ത്ത് മോദിയെയും കേന്ദ്രത്തെയും പരിഹസിക്കുകയായിരുന്നു അപ്പോഴത്തെ വിനോദം. ജിഎസ്ടി ബില്‍ പാസായപ്പോള്‍ പുള്ളി പിരാന്തെടുത്ത് കരണംകുത്തിമറിഞ്ഞു. ഇത് കേരളമാണെന്ന് തല കുലുക്കി മുഷ്ടി ചുരുട്ടി ആക്രോശിച്ചു.
സഹകരണബാങ്കുകളെല്ലാം കുളം തോണ്ടി കേരളാബാങ്കെന്ന അസംബന്ധത്തിന് വേണ്ടി പ്രചാരവേല നടത്തുകയായിരുന്നു കുറേനാള്‍. റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടാതായപ്പോള്‍ സ്വന്തമായി ബോര്‍ഡും വെച്ച് പരിപാടിയങ്ങ് തുടങ്ങി. പെട്ടിക്കട തുടങ്ങുന്നതുപോലെ ബാങ്ക് തുടങ്ങാമെന്ന് കണ്ടെത്തിയതാണ് സാമ്പത്തികശാസ്ത്രജ്ഞനെ ഇത്രകണ്ടങ്ങ് പ്രശസ്തനാക്കിയത്. ആളൊരു കറക്കുകമ്പനിയാണെന്ന് പണ്ടേ ആക്ഷേപമുണ്ട്. അധികാര വികേന്ദ്രീകരണവും ജനകീയ സൂത്രപ്പണിയുമൊക്കെയായി അഴിമതി അടിത്തട്ടുവരെ എത്തിച്ച വിപ്ലവകാരികളൊരാളാണ് ഐസക്ക്. രാജ്യത്തെങ്ങും ആളില്ലാഞ്ഞ് റിച്ചാര്‍ഡ് ഫ്രാങ്കിയെ കെട്ടിയിറക്കിയായിരുന്നു സൂത്രപ്പണികള്‍. സാന്തിയാഗോ മാര്ട്ടിന്, ഫ്രാങ്കി, ഫാരിസ് അബൂബേക്കര്‍ തുടങ്ങി കേട്ടിട്ടില്ലാത്ത പല എമണ്ടന്‍ പേരുകളും മലയാളിക്ക് പരിചയപ്പെടുത്തിയ ഒരു അന്താരാഷ്ട്രനായാണ് ഐസക്ക് പാര്‍ട്ടിക്കുള്ളില്‍ വിലസിയത്. നീണ്ട ജൂബ്ബയ്ക്കുള്ളില്‍ നിറയെ ബുദ്ധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ തന്നെ വിചാരം.
അച്ചുതാനന്ദന്റെ കാലത്ത് ലോട്ടറി വിവാദത്തില്‍ തുറന്ന സംവാദത്തിനിറങ്ങി ഉടുതുണിപോയതില്‍ പിന്നെ സംവാദം എന്ന് കേട്ടാല്‍ ഐസക്ക് ആ വഴി പോവാറില്ലാത്തതാണ്. കിഫ്ബിയും പൊക്കിപ്പിടിച്ച് പിണറായി രാജാവിനെ വളര്‍ത്താനിറങ്ങിയപ്പോഴേ വിവരമുള്ളവര്‍ പറഞ്ഞതാണ് ഇതൊരു തട്ടിപ്പ് കമ്പനിയാണെന്ന്. കേട്ടില്ല. വിജയന് വിരട്ടാനറിയാം. ഐസക്കിന് പുച്ഛിക്കാനല്ലാതെ മറ്റൊന്നുമറിയില്ല താനും. കരടേതാ ഒര്‍ജിനലേതാ എന്ന് അറിയാത്ത വിധം അജ്ഞനാണ് ഐസക്ക്. പിന്നെ വിജയന് പറേന്നതുപോലെ ആക്രോശിക്കുകയാണ് വഴി. ‘ഇത് കേരളമാണ്. കേരളത്തെ തകര്‍ക്കാമെന്ന് കരുതണ്ട’ എന്നൊക്കെയാണ് ഐസക്ക് കൊമ്പുകുലുക്കുന്നത്. മാലോകര്‍ക്ക് വിവരം വെച്ചതോടെ കള്ളത്തരങ്ങള്‍ അപ്പോഴപ്പോള്‍ പൊളിയും. ഐസക്ക് രാവിലെ മുതല്‍ വൈകിട്ട് വരെ പറഞ്ഞതത്രയും കല്ലുവെച്ച കള്ളമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടും ഉളുപ്പില്ലാതെ പിന്നെയും വിജയന് മോഡല്‍ നാടകമാടുകയാണ് ഐസക്ക്.
പണപ്പിരിവും വിനിയോഗവും മലയാളികളും മാധ്യമങ്ങളും ഐസക്കിനെ പഠിപ്പിക്കരുത്. കള്ളം പറയുകയും കള്ളത്തരം കാട്ടുകയും ചെയ്യാതെ പണസമാഹരണവും വര്‍ഗസംഘര്‍ഷവും സാധ്യമല്ലെന്നാണ് തിയറി. കയര്‍മേഖലയെക്കുറിച്ച് പഠിച്ചാണ് ഐസക്ക് പിഎച്ച്ഡി തരമാക്കിയതെന്നാണ് സഖാക്കള്‍ ഓരിയുടുന്നത്. കയര്‍മേഖലയിലെ വര്‍ഗസംഘര്‍ഷമായിരുന്നു ഇനം. എന്നുപറഞ്ഞാല്‍ കൊടി പിടിത്തവും തമ്മില്‍ത്തല്ലുമെന്നര്‍ത്ഥം. അതിനപ്പുറത്തേക്ക് ഒരു സാമ്പത്തികശാസ്ത്രവും തിരിയില്ലെന്ന് പ്രവര്‍ത്തനത്തിലൂടെ ബോധിപ്പിച്ചയാളാണ് ഐസക്ക്. ഇനിയും ആഘോഷിക്കാനാണെങ്കില്‍ ഒന്നും പറയാനില്ല. കള്ളം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്ന് നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കരുത്. അത്ര മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: