ഇന്ത്യന്‍ ഭരണഘടനയുടെ 330-ാം വകുപ്പു പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റിലും, 332 പ്രകാരം നിയമ സഭകളിലും പട്ടിക ജാതി – പട്ടിക ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഇപ്പോള്‍ 131 അംഗങ്ങള്‍ പട്ടിക വിഭാഗങ്ങളുടെ പ്രതിനിധികളായിട്ടുള്ളത്. കേരളത്തില്‍ പതിനാറ് എംഎല്‍എ മാര്‍ പട്ടിക വിഭാഗത്തിന്റെ പ്രതിനിധികളാണ്. ഇത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഔദാര്യമോ സംഭാവനയോ അല്ല. ഭരണഘടന ഉറപ്പ് നല്‍കിയ അവകാശമാണ്; അധികാര പങ്കാളിത്തമാണ്. ഈ വസ്തുത അറിയാത്ത ജഡ്ജിമാരും, മന്ത്രിമാരും, പൊതുപ്രവര്‍ത്തകരും നമുക്കുണ്ടെന്നത് നാണക്കേടാണ്. ഇത്തരക്കാരുടെ അസൂയയും വിദ്വേഷവും നിറഞ്ഞ അപക്വമായ പ്രതികരണങ്ങള്‍ ഓര്‍മ്മയിലുണ്ട്. ഇന്ത്യന്‍ ജാതി വ്യവസ്ഥയിലെ ഇരകളായി അയിത്തത്തിന്റേയും അടിമത്തത്തിന്റേയും പീഡനങ്ങള്‍ ഏറ്റുവാങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ ആണ്ടുപോയ ഒരു ജനതയുടെ തുല്യനീതിയും അവസരസമത്വവും അധികാരപങ്കാളിത്തവും ഉറപ്പ് വരുത്തുക എന്നതാണ് സംവരണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം.
പൂനാ കരാറിന്റെ അടിസ്ഥാനത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ദ്വയാംഗ മണ്ഡലങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഭരണഘടന നിലവില്‍ വന്ന് പത്ത് വര്‍ഷത്തേയ്‌ക്ക് മാത്രേമ അതുണ്ടായിരുന്നുള്ളു. ഇപ്പോള്‍ പട്ടിക വിഭാഗങ്ങളുടെ പ്രത്യേക സംവരണ മണ്ഡലങ്ങളാണ് നിലവിലുള്ളത്. ഇവിടെ നിന്ന് രാഷ്‌ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പൂണൂല്‍ അരഞ്ഞാണച്ചരടായി കൊണ്ടു നടക്കുന്ന അടിമകളും, സ്വന്തം സമൂഹത്തോട് പ്രതിബദ്ധതയില്ലാത്തവരും, വായില്ലാക്കുന്നിലപ്പന്‍മാരുമായി രൂപാന്തരപ്പെട്ടിരിക്കുന്നു. സ്വന്തം സമൂഹത്തെ പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെടുമ്പോഴും, അവരുടെ വികസനഫണ്ടുകള്‍ വഴിതിരിച്ച് വിടുമ്പോഴും, ലാപ്‌സാക്കുമ്പോഴും സ്വന്തം സമൂഹത്തിന്റെ തലയെണ്ണി നിയമ നിര്‍മ്മാണ സഭകളില്‍ എത്തിയിട്ടുള്ളവര്‍ സഭയ്‌ക്ക് അകത്തോ പുറത്തോ പ്രതികരിക്കാതെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച് അടുത്ത ഊഴം കാത്തിരിക്കുന്ന ഭിക്ഷാംദേഹികളായി മാറിയിരിക്കുന്നു.
ഡോ.ബി.ആര്‍.അംബേദ്കറുടെ സ്വപ്‌നങ്ങളും മഹാത്മാ അയ്യന്‍കാളിയുടെ പോരാട്ടങ്ങളും ഉള്‍ക്കൊള്ളാത്ത ആണും പെണ്ണും കെട്ട ശവം തീനികളായി, പാര്‍ട്ടി അടിമകളായി മാത്രം നിലകൊള്ളുന്നു. പാര്‍ലമെന്റില്‍ 131 എംപി മാരും പട്ടിക വിഭാഗ വിരുദ്ധമായ നിയമങ്ങള്‍ പാസ്സാക്കുന്നതിന് കൈപൊക്കുന്ന കേവല രാഷ്‌ട്രീയ ഹിജഡകളായി മാറുന്നു. ഒന്നു പ്രതിഷേധിക്കാന്‍ പോലും ത്രാണിയില്ലാത്ത അടിമകള്‍. ഈ സാഹചര്യത്തിലാണ് പഴയ ദ്വയാംഗ മണ്ഡലങ്ങള്‍ എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കായി പുന:സ്ഥാപിക്കണമെന്ന മുദ്രാവാക്യം ഉയരുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പട്ടിക വിഭാഗങ്ങളുടെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ ജനപ്രതിനിധികള്‍ പോലും പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. കൊലപാതകങ്ങളുടെ പരമ്പര തന്നെ ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഒരു ജനപ്രതിനിധിയും അക്രമങ്ങള്‍ക്കെതിരെ വാ തുറന്നിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷത്തിനിടയില്‍ 5832 കോടി രൂപയുടെ പട്ടിക വിഭാഗഫണ്ടുകള്‍ ലാപ്‌സാക്കി. വക മാറ്റി ചെലവഴിച്ചതിന് വ്യക്തമായ കണക്കില്ല. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പോലും സമയബന്ധിതമായി നല്‍കുന്നതില്‍ പരാജയപ്പെട്ടു. പട്ടികജാതി വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. എസ്‌സിപി/ ടിഎസ്പി ഫണ്ടുകള്‍ ഉപയോഗിച്ച് പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കിയ പാലക്കാട് മെഡിക്കല്‍ കോളേജ് അതിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ ലംഘിച്ച് ഉദ്ദ്യേശലക്ഷ്യങ്ങള്‍ രാഷ്‌ട്രീയ വല്‍ക്കരിച്ചിരിക്കുന്നു. കോളേജിന് പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാതെ 300 കോടി രൂപ വെറുതെ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു. കോളേജ് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാനും, അവിടെ അക്വയര്‍ ചെയ്ത് ഭൂമി പാര്‍ട്ടിയാവശ്യങ്ങള്‍ക്ക് മാറ്റിമറിക്കാനും ശ്രമിക്കുന്നു.
പട്ടിക വിഭാഗങ്ങളെ ഭൂരഹിതരും, ഭവനരഹിതരും ആക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഭൂമാഫിയയായി മാറി. സര്‍ക്കാര്‍ ഭൂമി വ്യക്തികള്‍ക്ക് വിറ്റ് പിന്നീടത് വിലകൊടുത്ത് തിരികെ വാങ്ങി ലാഭം ഉണ്ടാക്കി പാര്‍ട്ടി ഫണ്ടില്‍ നിക്ഷേപിക്കുന്നു. ഒരു കൂരവയ്‌ക്കാന്‍ 2 സെന്റ് ഭൂമി പട്ടിക വിഭാഗക്കാരന് കൊടുക്കാനില്ല. അവരെ ഫഌറ്റിന്റെ മുകളില്‍ ആകാശത്ത് ജീവിക്കാന്‍ കൂടൊരുക്കുന്നു. ലൈഫ് പദ്ധതി’ അഴിമതിയ്‌ക്കുള്ള വല മാത്രമാണ്. 380 ചതുരശ്ര അടിയില്‍ ഒറ്റമുറിയാണ് ഫഌറ്റില്‍ ഉള്ളത്. അച്ഛനും, അമ്മയും, വിവാഹം കഴിച്ച മകനും, ഭാര്യയും, മക്കളും ഒരു മുറിയില്‍ ഒറ്റ പായ് വിരിച്ച് താമസിച്ചാല്‍ മതിയെന്ന കമ്മ്യൂണിസ്റ്റ് മുരട്ട് തത്വവാദത്തിന്റെ പ്രതിനിധികളായ പുണ്ണുപിടിച്ച മനസ്സുള്ള ബ്യൂറോക്രസിയാണ് ഈ ചതിയൊരുക്കിയിട്ടുള്ളത്.
കേരളത്തില്‍ എല്ലാം നേടിയ ജനതയാണ് പട്ടിക വിഭാഗങ്ങള്‍ എന്ന് വീമ്പിളക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ പട്ടിക വിഭാഗം സ്ത്രീകളുടേയും കുട്ടികളുടേയും നേര്‍ക്ക് നടന്ന അതിക്രമങ്ങള്‍ 2017 ല്‍ 8516 എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം അക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ജിഷയുടെ അമ്മയുടെ നിലവിളി റിംഗ്ട്യൂണായി കേട്ടത് ഓര്‍ക്കുന്നു. പ്രമാദമായ ആ കേസ്സിലെ യഥാര്‍ത്ഥ പ്രതികളാണോ ശിക്ഷിക്കപ്പെട്ടത്? ഇനിയൊരു ജിഷ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണ്ണെണ്ണ ഒഴിച്ച് നടുറോഡില്‍ തീ കൊളുത്തി എരിഞ്ഞടങ്ങിയ ജിത്തുമോള്‍, റെയില്‍ പാലത്തില്‍ തൂങ്ങി നിന്ന പ്രവീണ്‍, അട്ടപ്പാടി മധു, കഴക്കൂട്ടം രാജേഷ്, റാന്നിയിലെ പെണ്‍കുട്ടികള്‍, മൃതശരീരം കലുങ്കിനടിയില്‍ കണ്ട ആദിവാസി യുവാവ് ബാബു, കോട്ടയത്ത് ദുരഭിമാനക്കൊലചെയ്യപ്പെട്ട കെവിന്‍ ജോസഫ്, കോളേജില്‍ അക്രമികള്‍ കത്തിക്കിരയാക്കിയ അഭിമന്യു, പാലത്തായി കൊലപാതകം, വാളയാറിലെ പെണ്‍കുട്ടികള്‍, ആറന്മുളയിലെ 108 അംബുലന്‍സ് പീഡനം, നാണയം വിഴുങ്ങി മരിച്ച പൃത്ഥിരാജ്, കട്ടപ്പനയിലെ പെണ്‍കുട്ടി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളും കൊലപാതകങ്ങളും നമ്മുടെ കണ്‍മുന്നിലൂടെ ജിഷയ്‌ക്ക് പിന്നാലെ കടന്ന് പോയി. മെഴുകുതിരി കത്തിക്കാനും എന്തിന് ഒന്നു പ്രതിഷേധിക്കാന്‍ പോലും ഒരു വിപ്ലവയുവജന, വനിതാസംഘടകളും മുന്നോട്ട് വന്നില്ല. സാംസ്‌ക്കാരിക നായകരാവട്ടെ ജിറാഫിന്റെ അവതാരമെടുത്ത് വടക്ക് നോക്കികളായി പരിണമിച്ചു. ജനപ്രതിനിധികള്‍ ഇതൊന്നും അറിയുന്നതേ ഇല്ല. കാരണം അവര്‍ പട്ടിക വിഭാഗങ്ങളാണല്ലോ? കേസ്സെടുത്തെങ്കിലും ഒരു കേസ്സും ശിക്ഷിക്കപ്പെടാത്ത അവസ്ഥയിലെത്തി. വേട്ടക്കാര്‍ യഥേഷ്ടം പുറത്ത് വിലസുന്നു.
വാളയാറിലെ 9ഉം, 13 ഉം വയസ്സുള്ള ബാലികമാരെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന് കെട്ടിതൂക്കിയ പ്രതികള്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാവിന്റെ ബന്ധുക്കളാണ്. ഈ കേസ്സ് സര്‍ക്കാരും, പോലീസും ചേര്‍ന്ന് പരിപൂര്‍ണ്ണമായി അട്ടിമറിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് പാലക്കാട് പോസ്‌കോ കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചു. മുഖ്യമന്ത്രിയുടെ ദൂതന്‍ രക്ഷകര്‍ത്താക്കളെ പ്രലോഭിപ്പിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച് കാലുപിടിപ്പിച്ചു. കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയും ആസൂത്രിതമായി അട്ടിമറിച്ചു. കേസ്സില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
പോക്‌സോ കോടതി വിധി റദ്ദാക്കണം. സി.ബി.ഐ പുനരന്വേഷണം നടത്തിച്ച് അതിക്രമനിരോധന നിയമപ്രകാരം കേസ്സെടുത്ത് പുതിയ തെളിവുകളും സാക്ഷിമൊഴികളും, സാഹചര്യത്തെളിവുകളും, ഫോറന്‍സിക്ക് റിപ്പോര്‍ട്ടും സമഗ്രമായി തയ്യാറാക്കി പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍വിചാരണ ചെയ്യണം. കുറ്റവാളികളെ തുറങ്കലിലടയ്‌ക്കണം. സി.ബി.ഐ അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ എതിര് നില്‍ക്കരുത്. സി.ബി.ഐ കേരളത്തിന്റെ വ്യോമാതിര്‍ത്തി കടക്കരുതെന്ന നിയമസഭാ നിയമം പാസ്സാക്കിയിട്ടുണ്ട്. അത് ഈ കേസ്സില്‍ ബാധകമല്ലെന്ന് തീരുമാനിക്കണം. ഈ കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥന് ഐ.പി.എസ്. നല്‍കിയ നടപടി പുനപരിശോധിക്കണം. രക്ഷാകര്‍ത്താക്കള്‍ക്ക് അതിക്രമ നിരോധന നിയമപ്രകാരം ലഭിക്കേണ്ട 16.5 ലക്ഷം രൂപയുടെ ധനസഹായവും ലഭ്യമാക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സാമൂഹ്യനീതി കര്‍മ്മസിമിതിയുടെ ആഭിമുഖ്യത്തില്‍ നവം.25ന് എസ് സി എസ്ടി എംഎല്‍എ മാരുടെ ഓഫീസുകളിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ വികസന വഴികളില്‍ ഒറ്റപ്പെട്ടുപോയ പട്ടികവിഭാഗം സര്‍ക്കാറിന് കുറ്റപത്രം സമര്‍പ്പക്കുന്നു.
എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍
കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: