തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇടക്കാലത്തു നിര്‍ത്തി വെച്ചിരുന്ന ‘മഞ്ഞ ചന്ദനം’ ഭക്ത ജനങ്ങള്‍ക്ക് വീണ്ടും നല്കി തുടങ്ങി. ഭക്തരുടെ ആഗ്രഹപ്രകാരം ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം അനുസരിച്ചാണ് പുതിയ നടപടി. ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നടന്ന ചടങ്ങില്‍ തന്ത്രി നെടുംപള്ളി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട് മഞ്ഞചന്ദനം പ്രസാദമായി നല്‍കുന്നതിന് തുടക്കം കുറിച്ചു.
എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ കാലത്താണ് മഞ്ഞചന്ദനം നിര്‍ത്തലാക്കിയത്. ഇതിനെതിരെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരുടെ സംഘടനയായ കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായില്ല. ആറുവര്‍ഷത്തിന് ശേഷമാണ് ‘മഞ്ഞ ചന്ദനം’ ഭക്തര്‍ക്ക് നല്‍കുന്നത്.
തുടര്‍ന്ന് കവടിയാര്‍ കൊട്ടാരം അംഗങ്ങളും ഭക്തജനങ്ങളും നിരന്തരം ആവശ്യം ഉന്നയിച്ചു. എന്നിട്ടും തീരുമാനം മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ ഭരണ സമിതി അധികാരത്തില്‍ കയറിയതോടെയാണ് ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ഞചന്ദനം പ്രസാദമായി നല്കാന് തീരുമാനിച്ചത്.
രാജകുടുംബാംഗങ്ങളായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷമിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ബായി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ ടി.ബാലകൃഷ്ണന്, ഭരണസമതി അംഗങ്ങളായ കുമ്മനം രാജശേഖരന്, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പി.കെ.മാധവന്‍നായര്‍, എക്സിക്യട്ടീവ് ഓഫീസര്‍ വി.രതീശന് മാനേജര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: