കൊല്ലം: പരാജയഭീതി പൂണ്ട് ജില്ലയിലെമ്പാടും പ്രത്യേകിച്ചും കൊല്ലം നഗരത്തില്‍ അക്രമം അഴിച്ചുവിടാന്‍ സിപിഎം ഗൂഢാലോചന. ഇതിന്റെ ഭാഗമായാണ് എതിര്‍സ്ഥാനാര്‍ഥികളുടെ ഫ്ളക്സും പോസ്റ്ററും വ്യാപകമായി നശിപ്പിക്കുന്നതും. കഴിഞ്ഞദിവസം ഇരവിപുരത്ത് സിപിഎം വിട്ടുവന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നവരുടെ ഫ്ളക്സ് ബോര്‍ഡും പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. എന്നാല്‍ സിപിഎം ആസൂത്രണം ചെയ്യുന്ന അക്രമത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗവും സ്പെഷ്യല്‍ ബ്രാഞ്ചും മൗനം പാലിക്കുകയാണെന്നും സൂചന.
ജില്ലയിലെമ്പാടും സിപിഎമ്മിനെതിരായ വികാരം ശക്തമാണ്. ശബരിമലയെ തകര്‍ക്കാന്‍ സുപ്രീംകോടതി വിധിയുടെ മറപിടിച്ച് പോലീസ് സഹായത്തോടെ യുവതികളെ പ്രവേശിപ്പിച്ചതും ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിനേതാക്കളുടെയും അണികളുടെയും ഗുണ്ടായിസവുമാണ് ജനവികാരം സിപിഎമ്മിന് എതിരാകാന്‍ കാരണം. കൂനിന്മേല് കുരുവെന്ന പോലെ സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് പങ്കുള്ളതും പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് മയക്കുമരുന്ന് കേസില്‍പ്പെട്ടതും ലൈഫ്മിഷന്-സ്പ്രിംഗ്ളര്‍ അഴിമതിയും തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി.പൗരത്വനിയമഭേദഗതി വിരുദ്ധ സമരത്തിലൂടെ ന്യൂനപക്ഷവികാരം ആളിക്കത്തിച്ച് പ്രത്യേകിച്ചും മുസ്ലിം വോട്ടു ബാങ്കിനെ കൈയിലെടുക്കാന്‍ വിജയനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും ഇപ്പോഴത്തെ പോക്ക്.
സംസ്ഥാനം ആകെ അലയടിക്കുന്ന ഈ ജനവികാരം കൊല്ലത്തും വളരെ ശക്തമാണ്. പ്രത്യേകിച്ചും കോര്പ്പറേഷന് പരിധിയില്‍. പല സ്ഥലത്തും മത്സരിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ. ഒടുവില്‍ തട്ടിക്കൂട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. കോര്പ്പറേഷന്, ജില്ലാ പഞ്ചായത്ത് ഭരണത്തിലും അഴിമതി വ്യാപകമായിരുന്നു.
ജില്ലയില്‍ യുഡിഎഫ് നിര്‍ജീവമായിരുന്നത് എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാക്കി. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ബിജെപിയുടെ നേതൃത്വത്തില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായ സമരപരമ്പരകള്‍ ജില്ലയിലെമ്പാടും അരങ്ങേറി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ അമ്മമാരും യുവതികളും കൂട്ടത്തോടെ സര്‍ക്കാരിനെതിരായ സമരത്തില്‍ മാത്രമല്ല കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും അഴിമതിക്കെതിരെ തെരുവിലിറങ്ങി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വീറുറ്റ പോരാട്ടങ്ങള്‍ക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്.
കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലായതോടെയാണ് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നത്. ജനങ്ങളെ ഭയപ്പെടുത്തി കാര്യങ്ങള്‍ അനുകൂലമാക്കാനാണ് പരാജയഭീതിപൂണ്ട സിപിഎം ശ്രമം. ഇതിന്റെ ഭാഗമായി എതിര്‍സ്ഥാനാര്‍ഥികളുടെ പ്രത്യേകിച്ചും ബിജെപിക്കാരുടെ ഫ്ളക്സ്, പോസ്റ്ററുകള്‍ വ്യാപകമായി ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കപ്പെടുകയാണ്.
ഇത് അക്രമത്തിന്റെ ആദ്യപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തതായി ബിജെപി സ്ഥാനാര്‍ഥികളെയും ജില്ലാ, മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയെന്ന പതിവുശൈലിയിലേക്ക് കടക്കും. സമാധാനപൂര്‍ണമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന തിരിച്ചറിവാണ് അക്രമത്തിന് അവരെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: