മലപ്പുറം: കാര്യകാരണങ്ങള്‍ തിരക്കാതെ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും എതിര്‍ക്കുന്ന മലപ്പുറത്തെ അസഹിഷ്ണുത നിറഞ്ഞവര്‍ക്ക് വഴികാട്ടികളാകുകയാണ് ടി.പി. സുല്‍ഫിത്തും ആയിഷാ ഹുസൈനും. ബിജെപിയെന്ന ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി ഇരുവരും ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കുന്നു. സ്ത്രീകള്‍ക്ക് എന്നും അതിര്‍വരമ്പ് കല്‍പ്പിച്ചവരുടെ തുറിച്ചുനോട്ടങ്ങളൊന്നും വകവെയ്ക്കാതെ ഹരിതകുങ്കുമകാവി ഷാളണിഞ്ഞ് ഇരുവരും വോട്ടുതേടി വീടുകള്‍ കയറിയിറങ്ങുകയാണ്, ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ.
വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നാണ് വാണിയമ്പലം ശാന്തിനഗര്‍ കൂറ്റമ്പാറ സ്വദേശിനി ടി.പി. സുല്‍ഫിത്ത് എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. ആയിഷ ഹുസൈന് മത്സരിക്കുന്നത് പൊന്മുണ്ടം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ്. പത്രിക സമര്‍പ്പിച്ച് ഇരുവരും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
ബിജെപി പിന്തുടരുന്ന പുരോഗമന ആശയങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുല്‍ഫിത്ത് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് പറയുമ്പോള്‍ സുല്‍ഫിത്തിന്റെ മുഖത്ത് അഭിമാനതിരയിളക്കം.
പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ ആളാണ് താന്‍, കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുടുംബിനിയായതിന്റെ പ്രയാസം എന്താണെന്ന് ശരിക്കും അറിയാം. മുത്തലാഖ് നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ മനുഷ്യസ്ത്രീയായ തനിക്ക് അതിനോട് യോജിക്കാതിരിക്കാനാവില്ല. ജനമനസ്സറിഞ്ഞ് ഭരിക്കുന്ന ഭരണാധികാരിക്കല്ലാതെ മറ്റാര്‍ക്കാണ് പിന്തുണ നല്‍കേണ്ടത്. ബിജെപി സുരക്ഷിത ഇടമാണെന്ന സന്ദേശം എന്നെ പോലുള്ള മറ്റ് സ്ത്രീകളിലേക്കെത്തിക്കാനാണ് ശ്രമം. പ്രീണനരാഷ്ട്രീയത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ബദലായി ബിജെപി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന സത്യം എല്ലാവരും മനസ്സിലാക്കണമെന്നും സുല്‍ഫിത്ത് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയംഗം ഹുസൈന് വരിക്കോട്ടിലിന്റെ ഭാര്യയായത് കൊണ്ട് തന്നെ ആയിഷക്ക് ബിജെപി മാതൃസംഘടനയാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. എ.ബി. വാജ്പേയി, നരേന്ദ്രമോദി എന്നിവരുടെ കടുത്ത ആരാധികയാണ് താനെന്നും ആയിഷ പറഞ്ഞു. ഭര്‍ത്താവ് ഹുസൈന് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എടരിക്കോട് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: