കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ച പ്രതികള്‍ക്കും പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്ത വിചാരണത്തടവുകാര്‍ക്കും പരോളോ ജാമ്യമോ അനുവദിക്കണമെന്ന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്കി. ജയില്‍ ഡിജിപി ഈ ആവശ്യമുന്നയിച്ച് നല്കിയ കത്ത് പരിഗണിച്ചാണ് ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ ചെയ്തിരിക്കുന്നത്, ഇതു സംബന്ധിച്ച് ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
മയക്കു മരുന്ന്, പോക്സോ, ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായവരും ഹൈവേകളില്‍ പിടിച്ചുപറി നടത്തിയവരുമൊഴികെയുള്ള പ്രതികള്‍ക്കാണ് ഇളവു നല്കാന് സമിതി ശുപാര്‍ശ ചെയ്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ച 869 തടവുകാരാണ് വിവിധ ജയിലുകളില്‍ ഉള്ളതെന്നും ഡിജിപിയുടെ കത്തില്‍ പറയുന്നു. നിലവില്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ച തടവുകാര്‍ക്കും വിചാരണത്തടവുകാര്‍ക്കുമാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു കൊണ്ടു മാത്രം ജയിലുകളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെ പാലിക്കാന്‍ കഴിയില്ലെന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുള്‍പ്പെടെ ബുദ്ധിമുട്ട് രൂക്ഷമാണെന്നും കത്തില്‍ പറയുന്നു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ് എന്നിവരാണ് അംഗങ്ങള്‍. മാര്‍ച്ച് 23ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലുകളിലെ നിലവിലുള്ള സ്ഥിതി പരിശോധിച്ചാണ് ഹൈക്കോടതി ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവര്‍ക്കും വിചാരണത്തടവുകാര്‍ക്കും പരോള്‍ നല്കാന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: