കൊച്ചി: കേരള കോണ്‍ഗ്രസ്(എം) തര്‍ക്കത്തില്‍ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്ത് പി.ജെ. ജോസഫ് നല്കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബഞ്ചാണ് വിധിപറഞ്ഞത്.
കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന തര്‍ക്കത്തിനാണ് ഇപ്പോള്‍ തീരുമാനമായത്. അവകാശവാദം ഉന്നയിച്ച് പി.ജെ. ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നം ഉപയോഗിക്കുന്നത് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും വ്യത്യസ്ത ചിഹ്നങ്ങള്‍ അനുവദിച്ചകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
പിന്നീട് വസ്തുതകളും രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ജോസ് കെ. മാണി വിഭാഗത്തിനെ അനുകൂലിച്ചുകൊണ്ട് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിച്ചത്. അതില്‍ ഇടപെടില്ലെന്നും വിധിപ്രസ്താവനയ്ക്കിടെ ഹൈക്കോടതി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ ആകുമോയെന്നത് സംശയമാണ്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് തങ്ങള്‍ക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: