തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടാന്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നതായി സിപിഎം. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ഈ നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കുന്നത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ മൊഴി സൃഷ്ടിക്കാനാണ്. ഇത് നിയമ വിരുദ്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് ജനാധിപത്യ വ്യവസ്ഥയോട് പരസ്യമായി നടത്തുന്ന വെല്ലുവിളിയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും സാധിക്കില്ല. അതിനാലാണ് അന്വേഷണ ഏജന്‍സിയെ കൂട്ടുപിടിക്കുന്നത്.
മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്തിട്ടുണ്ടെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തി എന്‍ഐഎ കേസ് അന്വേഷിക്കുന്നത്. അതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്നതാണ് എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ലക്ഷ്യം വെച്ചുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നത്. തിരക്കഥയ്ക്ക് അനുസരിച്ചാണ് അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫും സിപിഎമ്മും ഇതിനെതിരെ ശക്തമായി രംഗത്തുവരും. അന്വേഷണ ഏജന്‍സികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറകണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: