കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലെ ബിജെപി ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ്. ജില്ലയില്‍ ബിജെപി ജയിച്ച രണ്ട് കോര്പ്പറേഷന് ഡിവിഷനുകളിലും മറ്റ് നഗരസഭാ ഡിവിഷനുകളിലും പഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി നടന്നിരിക്കുന്നത്.
ഇവരെല്ലാവരും മുമ്പ് വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരാണ്. പനയം പഞ്ചായത്തില്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കി യിരിക്കുകയാണ്. പ്രത്യേകിച്ചും ഗുരുകുലം, കണ്ടച്ചിറ, ചാറുകാട് വാര്‍ഡുകളില്‍. എഴുകോണ്‍, നെടുമ്പന പഞ്ചായത്തുകളിലും നിരവധി ബിജെപിക്കാര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്താണ്. ഇത്തരത്തില്‍ പട്ടികയില്‍ പേരില്ലാത്ത പനയം പഞ്ചായത്തിലെ ഗുരുകുലം വാര്‍ഡിലെ രണ്ടുബൂ
ത്തില്നിന്നായി 34 പേര് റിവിഷന്‍ ഹര്‍ജിയുമായി കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ഇന്നലെ സമീപിച്ചു. ബിജെപിയുടെ ജെ. മോഹനന്‍പിള്ളയാണ് നിലവില്‍ വാര്‍ഡ് മെംബര്‍. ഈ വാര്‍ഡില്‍ നിന്നുമാത്രം 97 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഈ വാര്‍ഡില്‍ നിന്ന് 20 പുതിയ വോട്ടുകള്‍ ചേര്‍ക്കാനായി നല്കിയ അപേക്ഷയും ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. പരാതിയുമായി സമീപിച്ചപ്പോള്‍ പഞ്ചായത്തുസെക്രട്ടറി ഒന്നും ചെയ്യാനാകില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒഴിവാക്കിയവരെ കത്തയച്ച് ഹിയറിംഗിന് വിളിച്ചിട്ടില്ല. യാതൊരുവിധത്തിലും അന്വേഷിക്കാതെയാണ് ഇത്രയും പേരെ ഒറ്റയടിക്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
വോട്ടര്‍പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുസംഘടനകളില്‍ പെട്ട ജീവനക്കാരാണ് ഈ ഹീനകൃത്യം ചെയ്തിരിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം പാര്‍ട്ടി നടത്തും. പരാജയഭീതി പൂണ്ട സിപിഎം ബിജെപിയുടെ തെരഞ്ഞെടുപ്പുവിജയം അട്ടിമറിക്കാന്‍ ഇതിനെക്കാള്‍ നീചമായ പ്രവൃത്തികള്‍ ചെയ്യും. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജില്ലാ അദ്ധ്യക്ഷന്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: