തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ വിദേശത്തെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കണംമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തോമസ് ഐസക്ക് വിദേശചാരനാണെന്ന് സിപിഎമ്മിലെ ഒരു വിഭാഗം നേരത്തെ തന്നെ ആരോപിച്ചിരുന്നു. സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിന് കിഫ്ബിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതുമാണ്. സ്വര്‍ണ്ണക്കടത്തിലെ പലര്‍ക്കും കിഫ്ബിയുമായുള്ള ബന്ധം പുറത്തായിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഐസക്കിന്റെ ഈ ഏകപക്ഷീയമായ നടപടികളില്‍ മന്ത്രിസഭയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിസഭയേയും നോക്കുകുത്തിയാക്കിയാണ് മന്ത്രി കിഫ്ബിയിലെ പദ്ധതികള്‍ നടപ്പാക്കിയത്. കിഫ്ബി എന്നത് പണം വിഴുങ്ങുന്ന ബെകനാണെന്ന മന്ത്രി ജി.സുധാകരന്റെ പ്രയോഗവും സിഎജിയാണ് സംസ്ഥാന പദ്ധതിയെ കുറിച്ച് അന്വേഷിക്കേണ്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
സിഎജി മസാല ബോണ്ടിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അതിന് മറുപടി പറഞ്ഞില്ല. അഴിമതി പുറത്താകുമെന്ന് മനസിലായതുകൊണ്ടാണ് കേന്ദ്രസംസ്ഥാന വിഷയമാക്കി ഐസക്ക് കിഫ്ബിയെ മാറ്റുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. സിഎജി കണ്ടെത്തിയ അഴിമതി കേസില്‍ സമരം ചെയ്തവരാണ് സിപിഎം. സിഎജിയെ മറ്റ് അന്വേഷണ ഏജന്‍സികളെ പോലെ വിമര്‍ശിക്കുന്നത് ഗൂഡാലോചനയാണ്. വികസന പദ്ധതികളെ ആരും എതിര്‍ക്കില്ല. പക്ഷെ സുതാര്യത വേണമെന്നും സുരേന്ദ്രന് പറഞ്ഞു.
കിഫ്ബിയെ സങ്കല്പ്പ സ്വര്‍ഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് തോമസ് ഐസക്ക്. എല്ലാ നിയമങ്ങളും ടെന്‍ഡര്‍ മാനദണ്ഡങ്ങളും കരാര്‍ വ്യവസ്ഥകളും ലംഘിച്ചാണ് അഴിമതി നടത്തുന്നത്. കേന്ദ്ര അന്വേഷണം കിഫ്ബിയിലും വന്നേക്കുമെന്ന ഭയമാണ് ഐസക്കിനെ സിഎജിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി കൊടുക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: