കൊല്ലം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ഥികൂടി പിന്‍വാങ്ങി. കൊല്ലം കോര്‍പ്പറേഷനില്‍ തങ്കശേരി ഡിവിഷനിലെ സ്ഥാനാര്‍ഥി ആന്‍സില്‍ ജോര്‍ജാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞ് പൊടുന്നനെ പിന്‍വാങ്ങിയത്. ഇതുസംബന്ധിച്ച് നേതാക്കള്‍ക്ക് കത്ത് നല്കി ആന്‍സില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് ഡിവിഷന് പ്രസിഡന്റായ ആന്സിലിനെ ഡിവിഷന് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തോല്‍ക്കുമെന്ന സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൂചന. ആന്‍സിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലവിലെ കൗണ്‍സിലറും ഇപ്പോള്‍ മുളങ്കാടകം ഡിവിഷന് സ്ഥാനാര്‍ഥിയുമായ ഉദയാ സുകുമാരന്‍ രംഗത്തുവന്നിരുന്നു. അതോടെ തങ്കശേരി ഡിവിഷനില്‍ പുതിയ സ്ഥാനാര്‍ഥിയായി സന്തോഷിനെ തിങ്കളാഴ്ച കോണ്‍ഗ്രസ് തീരുമാനിച്ചു.
ഐഎന്‍ടിയുസി ദേശീയസെക്രട്ടറി കെ. സുരേഷ്ബാബുവിന്റെ ശുപാര്‍ശയില്‍ സ്ഥാനാര്‍ഥിയായി ഡിസിസി പ്രഖ്യാപിച്ച കോര്പ്പറേഷന് കന്നിമേല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അമ്പിളി രാജേഷും കഴിഞ്ഞദിവസം മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു. അതുപോലെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയും അണികളും പ്രചരിപ്പിച്ചിരുന്ന യുവതി തൊട്ടടുത്ത ദിവസം ബിജെപി സ്ഥാനാര്‍ഥിയായതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിു. താമരക്കുളം ഡിവിഷനിലെ ശ്രീജാ ചന്ദ്രനാണ് ഇവിടെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇവരുടെത് ആര്‍എസ്എസ് കുടുംബമായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി മറിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: