ഇസ്രായേലിൽ മൂന്ന് ബസുകളിൽ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സൂചന. ടെൽ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തിൽ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്. രണ്ട് ബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ഇതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.
കണ്ടെടുത്ത അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആർക്കും പരിക്കേൽക്കാതിരുന്നത് ഒരു അത്ഭുതമാണെന്ന് ബാറ്റ് യാം മേയർ ത്സ്വിക ബ്രോട്ട് പറഞ്ഞു. ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസി അന്വേഷണം ഏറ്റെടുത്തുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അദ്ദേഹത്തിന്റെ സൈനിക സെക്രട്ടറിയിൽ നിന്ന് അപ്ഡേറ്റുകൾ ലഭിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: