വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഇതിഹാസകാവ്യങ്ങളായ മഹാഭാരതവും രാമായണവും കേട്ട് വളർന്നതിനാൽ തന്റെ ഹൃദയത്തില്‍ ഇന്ത്യ ഒരു പ്രത്യേകസ്ഥാനം കയ്യടക്കിയിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 2010-ല്‍ യു.എസ്. പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഓര്‍മ്മക്കുറിപ്പുകള്‍ വിവരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഒബാമ ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്നത്. ബാല്യകാലത്ത് ഏതാനും വര്‍ഷങ്ങള്‍ ഇന്തോനേഷ്യയില്‍ ചെലവഴിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചപ്പോഴാണ് ഒബാമ ഇന്ത്യയുമായുള്ള ആത്മബന്ധം വിശദീകരിച്ചത്.
കിഴക്കന്‍ മേഖലയിലെ മതങ്ങളെക്കുറിച്ച് അറിയാന്‍ എപ്പോഴും താത്പ്പര്യപ്പെട്ടിരുന്നെന്നും ഇന്ത്യക്കാരായ ചില സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ബോളീവുഡ് ചിത്രങ്ങള്‍ താന്‍ കാണാറുണ്ടായിരുന്നെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ലോക ജനസംഖ്യയില്‍ ആറിലൊന്നും ഇന്ത്യയിലാണ്. രണ്ടായിരത്തിലധികം വംശങ്ങളുള്ള രാജ്യമായ ഇന്ത്യയില്‍ 700ലധികം ഭാഷകള്‍ പ്രചാരത്തിലുണ്ടെന്നും ഒബാമ പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയവും തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഒബാമ പങ്കുവെക്കുന്നുണ്ട്.
2008-ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ ആദ്യതവണ പ്രസിഡന്റായിരുന്ന കാലത്ത് പാകിസ്താനില്‍ യു.എസ്. നടത്തിയ കടന്നാക്രമണത്തേയും അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച സംഭത്തേയും കുറിച്ച് ഒബാമ പുസ്തകത്തില്‍ പറയുന്നു. രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ‘എ പ്രോമിസ്ഡ് ലാന്‍ഡി’ന്റെ ആദ്യഭാഗം ചൊവ്വാഴ്ച പുസ്തകശാലകളില്‍ ലഭ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: