പത്തനാപുരം: ആദിത്യമോളുടെ ആത്മാവ് ഇതെല്ലാം കണ്ട് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. അത്രവലിയ പുണ്യപ്രവര്‍ത്തിയാണ് ഈ മനുഷ്യന് ചെയ്യുന്നത്. പാമ്പ് കടിയേറ്റ് മരണപ്പെട്ട ആദിത്യയെന്ന പത്തുവയസുകാരിയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം വാവാ സുരേഷിന്റെ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. കഴിഞ്ഞ ദിവസം കട്ടിളവെപ്പ് ചടങ്ങിനെത്തിയ വാവാ സുരേഷ് ആദിത്യമോള്‍ക്ക് വേണ്ടി പഴയ മേസ്തിരി കുപ്പായം അണിയാനും മടി കാണിച്ചില്ല. തിരക്ക് പിടിച്ച പാമ്പ് പിടിത്ത ജോലിക്കിടെ സമയം കണ്ടെത്തി വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി. ഏറെ നേരം മേസ്തിരി ജോലി ചെയ്ത ശേഷമാണ് സുരേഷ് മടങ്ങിയത്.
800 ചതുരുശ്ര അടി വിസ്തൃതിയില്‍ പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുളള മനോഹരമായ വീടാണ് ഒരുങ്ങുന്നത്. മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ് പറഞ്ഞു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കള്‍ തനിക്ക് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വീടാണ് സ്നേഹപൂര്‍വ്വം നിരസിച്ച് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഇവരുടേതടക്കം പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
പത്തനാപുരം മാങ്കോട് ചരുവിളപുത്തന്‍വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ കഴിഞ്ഞ മാസം നാലിനാണ് പാമ്പ് കടിയേറ്റു മരിച്ചത്. അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിക്കുകയായിരുന്നു. മണ്‍കട്ട കൊണ്ട് പണിത ചെറിയ വീട്ടിലായിരുന്നു എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. ആദിത്യയുടെ അമ്മ സിന്ദു പലതവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും വിവിധകാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് ആദിത്യയുടെ വീട്ടിലെത്തിയ വാവാ സുരേഷ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: