ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ശക്തിതെളിയിച്ച മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ പ്രസ്ഥാനം ഇത്തവണ മത്സര രംഗത്തില്ല. സംഘടനയ്ക്കുള്ളിലെ തമ്മിലടിയും മത്സരിച്ച് ജയിച്ചാലുടന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്ന മെമ്പര്‍മാരെ വലവീശിപ്പിടിക്കുന്നതുമാണ് പെമ്പിളൈ ഒരുമയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വാങ്ങുന്നതിലേക്ക് നയിച്ചത്.
2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ദേവികുളം, മൂന്നാര്‍, പളളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറ് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണ് പെമ്പിളൈ ഒരുമൈ ബാററില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഇറങ്ങിയത്.
ഇതില്‍ ഗോമതി അഗസ്റ്റിന് ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ജയിച്ച ഉടന്‍ തന്നെ വെള്ളത്തായ്, മാരിയമ്മ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കുറച്ചുകാലത്തിന് ശേഷം സിഐടിയുവിലും സിപിഎമ്മിലുമത്തിയ ഗോമതി പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.
തങ്ങളോടൊപ്പം ഇപ്പോഴും രണ്ടായിരത്തിലധികം മെമ്പര്‍മാരുണ്ടെന്നും എന്നാല്‍ മത്സര രംഗത്തേയ്ക്കില്ലെന്നും പെമ്പിള ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറയുന്നു. ഇത്തവണ മനസാക്ഷി വോട്ട് ചെയ്യാനാണ് പെമ്പിളൈ ഒരുമൈ അംഗങ്ങളുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോമതിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയെങ്കിലും ചുരുങ്ങിയ എണ്ണം വോട്ടുകള്‍ മാത്രമാണ് ഗോമതിക്ക് ലഭിച്ചത്. സിപിഎമ്മിലേക്കുള്ള ചേക്കേറ്റവും പിന്നീട് പാര്‍ട്ടി വിട്ടതും ഉള്‍പ്പെടെ ഇതിനിടെ വിവാദങ്ങളിലും പെട്ടു.
കൂലി വര്‍ധനയും ബോണസും ആവശ്യപ്പെട്ടാണ് 2015 സെപ്തംബറില്‍ നാല്‍പ്പതിനായിരത്തോളം വരുന്ന സ്ത്രീ തോട്ടം തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന ബാനറില്‍ മൂന്നാറില്‍ സമരത്തിനിറങ്ങിയത്. ദേശീയ ശ്രദ്ധയാര്‍ജിക്കാന്‍ സമരത്തിന് കഴിഞ്ഞുവെങ്കിലും പിന്നീട് രാഷ്ട്രീയ കളി മൂലം സംഘടനയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: