മൂന്നാര്‍: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 100 ദിവസം പിന്നിടുമ്പോഴും കാണാതായ മകനെ തേടി ഷണ്മുഖനാഥന്. രണ്ട് മക്കളടക്കം ഷണ്മുഖനാഥന്റെ കുടുംബത്തിലെ 22 പേരാണ് ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത്.
മൂന്നാര്‍ സ്വദേശിയായ ഷണ്മുഖനാഥന്റെ മക്കളായ ദിനേശ്കുമാറും, നിതീഷ്കുമാറും പിറന്നാളാഘോഷത്തിനായാണ് പെട്ടിമുടിയിലെത്തിയത്. ഇതിനിടെയാണ് ദുരന്തം മഴയുടെ രൂപത്തിലെത്തിയത്. നിതീഷിന്റെ മൃതദേഹം ലഭിച്ചെങ്കിലും ദിനേശിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇനി കണ്ടെത്താന്‍ അവശേഷിക്കുന്ന നാലില്‍ മൂന്നുപേരും ഷണ്മുഖനാഥന്റെ ബന്ധുക്കളാണ്.
അപകട ദിവസം മുതല്‍ ഷണ്മുഖനാഥന് സ്ഥലത്ത് പരിശോധനക്ക് ഒപ്പമുണ്ട്. കാലാവസ്ഥ പ്രതികൂലമാവുകയും ജോലിക്ക് പോകേണ്ടി വരികയും ചെയ്യുന്നതിനാല്‍ ഇപ്പോള്‍ അവധി ദിവസങ്ങളിലാണ് കൂടുതലും പരിശോധന. അവധിയായതിനാല്‍ ഇന്നലെ രാവിലെ തന്നെ ഷണ്മുഖനാഥന് പെട്ടിമുടിയിലെത്തി നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. തന്റെ മകന്റെ മൃതദേഹമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹം ഇപ്പോഴും കൈവിടുന്നില്ല. മറയൂര്‍ ഗ്രാമീണ്‍ ബാങ്കിലെ കാഷ്യറാണ് ഷണ്മുഖനാഥന്.
അതേസമയം ദുരന്ത സ്ഥലത്ത് ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. മകനെ തിരഞ്ഞ് ഷണ്മുഖനാഥന് എന്നയാള്‍ സ്ഥലത്ത് ഇപ്പോഴും എത്താറുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ പുഴയിലും അപകട സ്ഥലത്തും വീണ്ടും പരിശോധന നടത്താനാണ് ആലോചിക്കുന്നത്. ഇതിന് മുമ്പും ശ്രമംനടത്തിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നെന്നും സബ് കളക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: