ചീട്ടുകൊട്ടാരം തകരുമെന്നതൊക്കെ ഇനി പഴമൊഴിയായി കണ്ടാല്‍ മതി. ഈ പതിനേഴു വയസ്സുകാരന് മനസു വെച്ചാല്‍ ചീട്ടുകള്‍ കൊണ്ട് ഏത് കൊട്ടാരവും നിസ്സാരമായി പണിതെടുക്കാം.
ബെംഗളൂരുവിലെ കോത്തന്നൂരില്‍ താമസിക്കുന്ന പതിനേഴുകാരന് വിഷ്ണു വാസുവാണ് ചീട്ടുകള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്നത്. 3.25 മീറ്റര്‍ ഉയരത്തില്‍ ബുര്‍ജ് ഖലീഫ, 140 സെന്റിമീറ്റര്‍ ഉയരത്തില്‍ അയോദ്ധ്യ രാമ മന്ദിരം ഇവയെല്ലാം വിഷ്ണു തീര്‍ത്തത് നമ്മള് കളിക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ കാര്‍ഡുകള്‍ കൊണ്ടുള്ള വിഷ്ണുവിന്റെ മിനിയേച്ചര്‍ കെട്ടിടങ്ങളും മറ്റും അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. ഫെവികോള്‍, ഫെവിസ്റ്റിക്, സൂപ്പര്‍ ഗ്ലൂ എന്നിവ പോയിട്ട് സാധാരണ പശ പോലും ഉപയോഗിക്കാതെയാണ് ഈ പന്ത്രണ്ടാം ക്ലാസുകാരന് ഇത്തരം കെട്ടിടങ്ങളുടെ മാതൃക നിര്‍മിക്കുന്നതെന്ന വസ്തുതയാണ് വിഷ്ണുവിനെ മറ്റുള്ളവരിലും നിന്ന് വേറിട്ടു നിര്‍ത്തുന്ന സവിശേഷത.
കോഴിക്കോട് വടകരയിലെ ചീക്കോന്ന് വെസ്റ്റിലാണ് വിഷ്ണുവിന്റെ സ്വദേശം. അച്ഛന് വാസു പി.കെ ബെംഗളുരുവില്‍ ശ്രീഗോകുലം ചിട്ട്സില് എജിഎം ആണ്. അമ്മ സവിത വീട്ടമ്മയും. ഏക സഹോദരി കാവ്യ ബെംഗളൂരുവിലെ ക്രിസ്തു ജയന്തി കോളേജില്‍ എംബിഎ വിദ്യാര്‍ത്ഥിനിയുമാണ്. കാര്‍ഡുകള്‍ ഉപയോഗിച്ച് ഇത്തരം വിസ്മയങ്ങള്‍ തീര്‍ക്കുന്ന വിഷ്ണുവിന്റെ പ്രയാണത്തില്‍ എന്നും കൂട്ടായത് അച്ഛനായ വാസു തന്നെയാണ്.
നാലാം ക്ലാസ് തൊട്ടാണ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചെറുകെട്ടിടങ്ങളുടെ മാതൃക ഉണ്ടാക്കാന്‍ വിഷ്ണു ആരംഭിക്കുന്നത്. എന്നാല്‍ അതിനു മുന്‍പേ തന്നെ വിഷ്ണു പ്ലാസ്റ്റിക് ഉപയോഗിച്ച് ബില്‍ഡിംഗ് ബ്ലോക്കുകള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ കപ്പലിന്റേയും വീടിന്റേയും മറ്റും മാതൃകകള്‍ വിഷ്ണു നിര്‍മിക്കുമായിരുന്നു. നാലാം ക്ലാസിലെത്തിയപ്പോഴേക്കും വിഷ്ണുവിന്റെ ശ്രദ്ധ വീട്ടില്‍ ഉണ്ടായിരുന്ന ചീട്ടുകളിലേക്ക് തിരിഞ്ഞു. പിന്നീട് ആ ചീട്ടുകള്‍ ഉപയോഗിച്ച് ചെറിയ വീട് നിര്‍മ്മിക്കാനും തുടങ്ങി.
വിഷ്ണുവിന്റെ കഴിവ് കണ്ട് അച്ഛന് വാസു പിന്നീട് ധാരാളം കാര്‍ഡുകള്‍ വിഷ്ണുവിന് എത്തിച്ചു നല്കാന് തുടങ്ങി. പിന്നീട് ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഉയരത്തിലുള്ള കെട്ടിടങ്ങളും മറ്റു രൂപങ്ങളും ഉണ്ടാക്കുന്നതിനായുള്ള ശ്രമം തുടങ്ങുകയായിരുന്നു.
അന്നു തൊട്ട് ഇന്നോളം പല മോഡലുകളും വിഷ്ണു കാര്ഡുകള്വച്ച് നിര്‍മിച്ചിട്ടുണ്ട്. നെസ്റ്റ്ലെ മഞ്ചിന്റെ ഒരു ഇന്‍സ്റ്റഗ്രാം പരിപാടിക്ക് വേണ്ടിയാണ് രാമമന്ദിരത്തിന്റെ മാതൃക കാര്‍ഡുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നത്. ഈ രാമമന്ദിര നിര്‍മാണത്തിന്റെ വീഡിയോ മഞ്ച് സ്റ്റാറിന്റെ ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ വിഷ്ണു പോസ്റ്റ് ചെയ്തിട്ടുണ്ട്. 8600 കാര്‍ഡുകള്‍ ഉപയോഗിച്ച് വെറും 20 മണിക്കൂറുകള്‍ കൊണ്ടാണ് വിഷ്ണു തന്റെ 140 സെന്റി മീറ്റര്‍ ഉയരമുള്ള രാമ മന്ദിരം പണികഴിച്ചത്. കാര്‍ഡുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവക്കുമ്പോള്‍ വിഷ്ണുവിന്റെ കണ്ണിലും മനസിലും അയോദ്ധ്യയിലെ ശ്രീരാമ മന്ദിരം മാത്രമായിരുന്നു. മന്ദിരത്തിന്റെ ഉള്ളില്‍ ഒരു കുഞ്ഞു ശ്രീരാമനെയും വിഷ്ണു പ്രതിഷ്ഠിച്ചിട്ടുണ്ട്. കാണുന്നവര്‍ക്ക് ഇത് കാര്‍ഡുകള്‍ കൊണ്ട് നിര്‍മിച്ചവയാണെന്ന് തോന്നിപ്പിക്കാത്തവിധമാണ് വിഷ്ണുവിന്റെ നിര്‍മാണം.
ഉച്ചവരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് വിഷ്ണു കാര്‍ഡ് കൊണ്ടുള്ള സൃഷ്ടികള്‍ക്ക് സമയം കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസ് ശരിക്കും വിഷ്ണുവിന് ഒരു ലഭിച്ച ഒരു ഭാഗ്യമാണെന്ന് പറയാം. സാധാരണ ക്ലാസുകള്‍ ആയിരുന്നുവെങ്കില്‍ ഈ അവസരം ഒരിക്കലും തനിക്ക് ലഭിക്കുമായിരുന്നില്ലെന്നാണ് വിഷ്ണു പറയുന്നത്.
ബെംഗളൂരുവിലെ സെന്റ് ജോസഫ് പിയു കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണുവിന് അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മുന്‍പ് 5420 കാര്‍ഡുകള്‍ ഉപയോഗിച്ച് 3.25 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ മാതൃക നിര്‍മിച്ചതിനു വിഷ്ണു ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും കരസ്ഥമാക്കിയിട്ടുണ്ട്.
ഒഴിവു സമയങ്ങളില്‍ കാര്‍ഡുകള്‍ക്ക് പുറമേ പേപ്പര്‍ ക്രാഫ്റ്റുകളും വിഷ്ണു ചെയ്യാറുണ്ട്. ഷിപ്പുകളുടെയും മറ്റും ഹ്രസ്വ രൂപങ്ങള്‍ വിഷ്ണു പേപ്പറില്‍ തീര്‍ക്കാറുണ്ട്. പ്ലസ് ടു പൂര്‍ത്തിയായാല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കോ ഡാറ്റ സയന്‍സ് വിഭാഗത്തിലേക്കോ പോകുവാനാണ് വിഷ്ണുവിനു താല്‍പ്പര്യം. എന്നിരുന്നാലും ഇതിന്റെ കൂടെ എന്‍ഡിഎ പരീക്ഷയും വിഷ്ണു എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രവൃത്തിയില്‍ ക്ഷമാശീലം എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വിഷ്ണു തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: