തിരുവല്ല: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഇതര സാധനങ്ങളുടെയും ലേലം പൂര്‍ത്തിയായില്ല. വ്യാഴാഴ്ച രാത്രി വൈകി വരെ നടന്ന തുറന്ന ലേലത്തില്‍ നൂറിലേറെ ഇനങ്ങള്‍ ലേലത്തില്‍ പോയി. ഇനിയും അമ്പതോളം ഇനങ്ങള്‍ കൂടി ലേലത്തില്‍ പോകാനുണ്ട്. ഇവ ഇനി ലേലത്തില്‍ പോകാനുള്ള സാധ്യത വിരളമാണ്. ലേലത്തില്‍ പോയ ഇനങ്ങളുടെ അടിസ്ഥാന നിരക്ക് 95 ശതമാനം കുറയ്ക്കേണ്ടി വന്നതിനാല്‍ ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 50 കോടി രൂപയോളം ലേലത്തിലൂടെ ദേവസ്വം ബോര്‍ഡിന് വരുമാനം ലഭിച്ചെങ്കില്‍ മൂന്നിലൊന്ന് തുക പോലും ഇത്തവണ ലഭിച്ചില്ല.
ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വ്യാപാരികള്‍ മുമ്പോട്ട് വച്ച് തുകയ്ക്ക് തന്നെ കടകള്‍ കൊടുക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ ലേലത്തില്‍ പോയിരുന്ന സന്നിധാനത്തെ ഹോട്ടലുകള്‍ക്ക് ലഭിച്ചത് ഏഴു ലക്ഷം രൂപയാണ്. അഞ്ച് ലക്ഷത്തിന് പോയ കടകളുമുണ്ട്. കൊപ്ര മുന്‍ വര്‍ഷം അഞ്ചു കോടിക്ക് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 1.5 കോടി മാത്രമാണ്. സന്നിധാനത്തെ ടോയ്ലറ്റ് കോംപ്ലക്സ് നടത്തിപ്പ് മുന്‍ വര്‍ഷം 26 ലക്ഷത്തിനാണ് ലേലം കൊണ്ടതെങ്കില്‍ ഇത്തവണ കിട്ടിയത് 50,000 രൂപ മാത്രമാണ്. ശബരിമലയിലെ വ്യാപാരികളുടെ സംഘടനകള്‍ നിരക്കുകള്‍ കുറയ്ക്കണമെന്നും കുത്തക ലേല നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരക്കുകള്‍ കുറയ്ക്കാതെ വന്നപ്പോള്‍ രണ്ട് തവണയും ഇ-ടെണ്ടര്‍ ബഹിഷ്ക്കരിച്ചു. ഒടുവില്‍ വ്യാപാരികളുടെ ആവശ്യത്തിന് ബോര്‍ഡ് വഴങ്ങി.
അതേ സമയം ലേലം കൊണ്ട കടകളില്‍ നല്ലൊരു ശതമാനവും തുറക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. മുന്‍ വര്‍ഷം ലേലത്തില്‍ പിടിച്ച കടകള്‍ കൈവിട്ട് പോകാതെയിരിക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കാതെയിരുന്നാല്‍ കടകള്‍ പൊളിച്ച് കൊണ്ടുപോകേണ്ടി വരും. ഇത് ലക്ഷങ്ങളുടെ ചെലവാണ്. ഇതൊഴിവാക്കാനാണ് പലരും ലേലത്തില്‍ പങ്കെടുത്തത്. ഈ തുകയ്ക്ക് തന്നെ ലേലത്തില്‍ പിടിച്ചാലും കടകളുടെ നടത്തിപ്പ് നഷ്ടത്തിലാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കടകള്‍ തുറക്കാതെ വരുമ്പോള്‍ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി അലയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: