ശബരിമല : മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. നാളെ നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍.
രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ.സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന് നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീര്‍ത്ഥാടനം. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതി. 10 വയസ്സിനു താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കില്ല. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ലക്ഷകണക്കിനു ആളുകള്‍ എത്തിയ സ്ഥലത്താണ് ഇത്തവണ പ്രതിദിനം ആയിരം പേര് മാത്രമെത്തുന്നത്.
ശബരിമലയില്‍ എത്തുന്നതിനു 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ബന്ധമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ദ്രുത ആന്റിജന്‍ ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ദര്‍ശനം നടത്താന്‍ അനുവദിക്കൂ. മലകയറാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കൈയില്‍ വേണം.
യാത്രയില്‍ മാസ്ക് നിര്‍ബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയില്‍ കരുതിയിരിക്കുന്നതൊന്നും വഴിയില്‍ ഉപേക്ഷിക്കരുത്. മല കയറുന്ന സമയത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. മാസ്കിന് പുറമെ സാനിറ്റൈസര്‍, കൈയുറ എന്നിവ നിര്‍ബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തര്‍ക്ക് സാമൂഹിക അകലം കര്‍ശനമാക്കും. മല കയറുന്ന സമയത്ത് മാത്രം മാസ്ക് ഒഴിവാക്കാം. അല്ലാത്ത സമയത്തെല്ലാം മാസ്ക് ധരിച്ചിരിക്കണം.
പമ്പ സ്നാനം ഇത്തവണ അനുവദിക്കില്ല. ഷവര്‍ സജ്ജമാക്കിയിട്ടുണ്ട്. ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഇത്തവണ ഉണ്ടാവില്ല. വെര്‍ച്ച്വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറില്‍ പരിശോധിക്കും. പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയില്‍ പിടിച്ചു കയറ്റാന്‍ പോലീസ് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍നിന്ന് ഫ്ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടര്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: