നന്മണ്ട: തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നന്മണ്ട ഗ്രാമപഞ്ചായത്തില്‍ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ- സിപിഎം നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ചേര്‍ത്ത പത്ത് വോട്ടുകളാണ് തെരഞ്ഞെടുപ്പ് ചുമതലള്ള ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ സഹായിക്കാന്‍ രണ്ടാം വാര്‍ഡിലേക്ക് മാറ്റിനല്‍കിയത്. ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ വോട്ട് ഒന്നാം വാര്‍ഡിലേക്ക് തന്നെ തിരിച്ച് മാറ്റുകയായിരുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വൃദ്ധ സേവാ കേന്ദ്രത്തില്‍ സ്ഥിര താമസമുള്ള ഏഴു പേരുടേയും സമീപത്തെ മൂന്ന് പേരുടെയും വോട്ടുകളാണ് ഒന്നാം വാര്‍ഡില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടന്നത്. സിപിഎമ്മിന് വാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിനു പിന്നില്‍.
ഇവരുടെ വോട്ട് ചേര്‍ക്കാന്‍ താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ അധികൃതര്‍ നല്‍കിയിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ നന്മണ്ട വില്ലേജ് ഓഫീസര്‍ അനില്‍ കുമാറും അസിസ്റ്റന്റ് സെക്രട്ടറി രാജീവനും നേരിട്ട് ഇവരുടെ താമസസ്ഥലത്ത് എത്തി ഉറപ്പ് വരുത്തിയാണ് താമസ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുടര്‍ന്ന് ഒന്നാം വാര്‍ഡിലെ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പത്തിന് പ്രസിദ്ധീകരിച്ച പട്ടിക പരിശോധിച്ചപ്പോള്‍ ഇവരുടെ വോട്ട് രണ്ടാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസില്‍ എത്തി പ്രതിഷേധിച്ചത്.
രണ്ടാം വാര്‍ഡില്‍ അപേക്ഷ ലഭിച്ചിട്ടാണ് ഇങ്ങോട്ട് മാറ്റിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ പത്തുപേരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ അധികൃതരുടെ കള്ളത്തരം പൊളിയുകയായിരുന്നു. നന്മണ്ട പഞ്ചായത്തില്‍ സിപിഎം ഭീഷണിയിലാണ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ബിജെപിക്ക് അംഗം ഉള്ള ഏഴാം വാര്‍ഡില്‍ വികസന പ്രവര്‍ത്തനം വൈകിപ്പിക്കാനും തടസപ്പെടുത്താനും ശ്രമമുണ്ടായിരുന്നു.
കൊറോണയുടെ മറവില്‍ വാര്‍ഡില്‍ അനാവശ്യമായി കടകള്‍ അടപ്പിച്ച് വ്യാപാരികളെയും നാട്ടുകാരേയും ദ്രോഹിച്ച് വാര്‍ഡ് മെമ്പര്‍ക്കെതിരെ ജനരോഷം തിരിച്ചുവിടാനും ശ്രമം നടന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലും വ്യാപക ക്രമക്കേട് നടന്നിട്ടും സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കണ്ണടക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇവിടെ ജോലി ചെയ്ത ഓവര്‍സിയര്‍ ബിനാമി കരാറുകാരനെ നിര്‍ത്തി മറ്റ് കരാറുകാരെ ഭീഷണിപ്പെടുത്തി കരാര്‍ നേടിയ സംഭവവും പഞ്ചായത്തില്‍ ചര്‍ച്ചയാണ്. ബിജെപിയുടെ കൂടുതല്‍ അംഗങ്ങള്‍ പഞ്ചായത്തില്‍ എത്തിയാല്‍ അഴിമതി പുറത്ത് വരുമെന്നതിനാലാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത്.
സിപിഎമ്മിന് അനുകൂലമായി വോട്ടര്‍പട്ടികയില്‍ തിരുത്തല്‍ നടത്തിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. ക്രമവിരുദ്ധമായി വോട്ടുകള്‍ മാറ്റിയ പാഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: