Categories: Wayanad

വര്‍ഷങ്ങളായി റോഡും പാലവും നന്നാക്കുന്നില്ല: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും പാലമംഗലത്തുകാര്‍

വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയാത്ത പാലം മാറ്റി മറ്റൊരു പാലം പണിയാനും റോഡ് നിര്‍മ്മിക്കാനും ആയി 12 ലക്ഷം രൂപ അനുവദിച്ചു എന്ന് അധികൃതര്‍ പറഞ്ഞതല്ലാതെ ഇതുവരെയും പണി നടന്നില്ലെന്ന് പ്രദേശവാസികള്‍

Published by

മുട്ടില്‍: വര്‍ഷങ്ങളായി റോഡും പാലവും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണത്തിന് ഒരുങ്ങി മുട്ടില്‍ പഞ്ചായത്ത് 14ാം വാര്‍ഡിലെ പാലമംഗലം പ്രദേശവാസികള്‍. മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ 18 ഓളം    കുടുബങ്ങളടങ്ങിയ വനവാസി കോളനിയും ഉണ്ട്. റോഡ് ലഭിച്ചില്ലെങ്കില്‍ തങ്ങളും വോട്ട് ചെയ്യില്ലെന്നാണ് കോളനിക്കാരും പറയുന്നത്. 

വര്‍ഷങ്ങളായി ഒരു വഴിക്ക് വേണ്ടി കാത്തിരിക്കുന്ന ഇവര്‍ക്ക് ഇതുവരെയും വഴിയുണ്ടാക്കി കൊടുക്കുവാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. നടപ്പാത മാത്രമായ ഇവിടെ വാഹനം എത്താറില്ല. ഒരു കിലോമീറ്ററോളം നടന്നാണ് വാഹന സൗകര്യമുള്ള സ്ഥലത്ത് ഇവര്‍ എത്തുന്നത്. റോഡില്ലാത്തതുകൊണ്ട് തന്നെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് കോളനി നിവാസികളും പറയുന്നു. 

കുറച്ചു കാലങ്ങള്‍ക്ക് മുന്‍പാണ് ഹൃദയാഘാതം വന്ന 24 വയസ്സുകാരന്‍ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാത്തതിനെ  തുടര്‍ന്ന് ഇവിടെ മരണപ്പെട്ടത്. രോഗികളെ എടുത്തുകൊണ്ടു വേണം വാഹന സൗകര്യം ഉള്ളിടത്ത് എത്തുവാന്‍. ഇവരുടെ നടപ്പാതയില്‍ എത്തണമെങ്കില്‍ ഒരു ചെറു പാലം കടക്കണം. വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയാത്ത ഈ പാലം മാറ്റി മറ്റൊരു പാലം പണിയാനും റോഡ് നിര്‍മ്മിക്കാനും ആയി 12 ലക്ഷം രൂപ അനുവദിച്ചു എന്ന് പറഞ്ഞതല്ലാതെ ഇതുവരെയും പണി നടന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. 

സാധനങ്ങള്‍ ടൗണില്‍ എത്തിക്കുവാന്‍ തലച്ചുമട് മാത്രമാണ് ഇവര്‍ക്ക് ഏക ആശ്രയം. അതിനാല്‍ തന്നെ തങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് വോട്ടു നല്‍കുവാന്‍ കഴിയില്ലെന്നാണ് പാല മംഗലം കോളനിവാസികള്‍ പറയുന്നത്.റോഡില്ല: 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts