മണ്ണാര്‍ക്കാട്: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി സിപിഐ. സിപിഎമ്മിനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് സിപിഐ മത്സരരംഗത്തുള്ളത്. മുന്നണിധാരണകളില് സമവായം നഷ്ടപ്പെട്ടതോടെ നഗരസഭയിലെ 11 വാര്‍ഡുകളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നത്.
നഗരസഭ മുന്‍ വൈസ് ചെയര്മാന് ടി.ആര്.സെബാസ്റ്റ്യന്‍ മത്സരിക്കുന്ന വടക്കേക്കര എട്ടാംവാര്‍ഡില്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ നിര്ണായവാര്ഡുകളില് സിപിഐ സാന്നിധ്യം അറിയിക്കും.
നിലവില്‍ സിപിഐക്ക് അര്‍ഹതപ്പെട്ട വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണം. വിജയസാധ്യതയുള്ള നായാടിക്കുന്ന്, ഒന്നാംമൈല്‍ എന്നിവിടങ്ങളില്‍ സിപിഐക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
കൊടുവാളികുണ്ട്(4), നായാടിക്കുന്ന്(22), നമ്പിയംകുന്ന്(29) എന്നീവാര്‍ഡുകള്‍ ധാരണപ്രകാരം സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ മുന്നണി ധാരണപാലിക്കാന്‍ സിപിഎം തയ്യാറാകാത്തതോടെയാണ് ഏഴ് വാര്‍ഡുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പരമശിവന് പറഞ്ഞു. അരകുര്‍ശി (7), വടക്കേക്കര(8), തെന്നാരി(9), അരയംകോട്(10), വിനായക നഗര്‍(19),പാറപ്പുറം(20), ഗോവിന്ദാപുരം(26) തുടങ്ങിയ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
നഗരഭയിലെ 22-ാം വാര്‍ഡില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച സിപിഐ.
വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് നഗരസഭയിലെ 22 ആം വാര്‍ഡില്‍ സിപിഐയാണ് മത്സരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സിപിഎമ്മിലെ കെ. മന്‍സൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത് സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെ സിപിഐയിലെ നാസര്‍ കൊണ്ടുപറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങി. ഇതോടെ രണ്ട് പേരുടേയും പോസ്റ്ററുകള്‍ വാര്‍ഡിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെടുകയും ചെയ്തു.ഇതിനിടെയാണ് സിപിഐ ഡിവിഷന് കണ്വെന്ഷന് ചേര്‍ന്ന് നാസര്‍ കൊണ്ടുപറമ്പിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുന്നണി തിരുമാനത്തിന് വിരുദ്ധമായി ഇനി സിപിഎമ്മിന്റെ കെ.മന്‍സൂര്‍ സ്ഥാനാര്‍ത്ഥിയായി തുടരുമോയെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 21-ാം വാര്‍ഡായ നാരങ്ങപെറ്റയില് നിന്ന് ജയിച്ച മന്‍സൂര്‍ ഇപ്പോള്‍ 22-ാം വാര്‍ഡായ നായാടിക്കുന്നില്‍ മത്സരിക്കുന്നത് എല്‍ഡിഎഫില്‍ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: