ന്യൂദല്‍ഹി: ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സാമൂഹ്യമാധ്യമ മേഖലയില്‍ ആകെ അച്ചടക്കം കൊണ്ടുവരാന്‍ വഴി തുറക്കും. ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡറുകളിലെ സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ വാര്‍ത്തകള്‍, കറന്റ് അഫയേഴ്സ് എന്നിവയെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കിയ വിജ്ഞാപനത്തെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷവും. യാതൊരു നിയന്ത്രണവുമില്ലാത്ത ഈ മേഖലയില്‍ എന്തും നിര്‍മിച്ച് സംപ്രേക്ഷണം ചെയ്യാമെന്നതായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന കേന്ദ്രങ്ങള്‍ വാര്‍ത്താ ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണങ്ങളില്‍ അതൃപ്തരാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സിനിമകള്‍ അടക്കം ഓവര്‍ ദി ടോപ്പ് (ഒ ടി ടി) പ്ലാറ്റ്ഫോമുകളില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ശശാങ്ക് ഝാ എന്ന അഭിഭാഷകനാണ് ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന നിലപാടുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയത്.
”സുദര്ശന് ടിവി സംപ്രേക്ഷണം ചെയ്ത യുപിഎസ്സി ജിഹാദ് എന്ന പരിപാടിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സുപ്രീംകോടതിക്കോ കേന്ദ്ര സര്‍ക്കാരിനോ സാധിക്കും. എന്നാല്‍, സുദര്ശന് ടിവിക്ക് ഓണ്‍ലൈനായി ഒ ടി ടി പ്ലാറ്റ്ഫോമില്‍ ഈ പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ യാതൊരു നിയമ തടസ്സവുമില്ലെന്നതാണ് നിലവിലെ സ്ഥിതി. നിയമപരമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്”
ശ്രീജിത് പണിക്കര്‍
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും ഒ ടി ടി പ്ലാറ്റ്ഫോമുകളും എത്രയുണ്ടെന്നോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ അറിയാത്ത സ്ഥിതി വലിയ നിയമ പ്രശ്നം തന്നെയായി നില്ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കൊലപാതകങ്ങളും ലൈംഗിക ദൃശ്യങ്ങളും കുത്തിനിറച്ച വെബ് സീരിസുകള്‍ അടക്കമുള്ളവയ്ക്കും യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ലക്ഷങ്ങളിലേക്ക് എത്തിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കും പുതിയ നിയമ പ്രകാരം നിയന്ത്രണങ്ങള്‍ സാധ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ 1961ലെ അലോക്കേഷന് ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതിയിലൂടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.
പത്രങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ചാനലുകളുടെ നിയന്ത്രണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പരസ്യ നിയന്ത്രണത്തിന് അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമാ സെന്‍സറിങ്ങിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും ഉണ്ടെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ആയിരക്കണക്കിന് ഒടിടി, വാര്‍ത്താ പോര്‍ട്ടലുകള്‍ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. സ്വയം നിയന്ത്രണമാണ് വേണ്ടതെന്ന മുന്‍ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറി വിജ്ഞാപനത്തിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഇതിന്റെ പശ്ചാത്തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: