ശരീരമാദ്യം ഖലുധര്‍മ്മ സാധനം
ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
ആരോഗ്യമൂലമുത്തമം
2020 നവംബര്‍ 13 ധന്വന്തരി ജയന്തിയായി ആഘോഷിക്കുന്നു. ധന്വന്തരി ജയന്തി ദേശീയ ആയുര്‍വേദ ദിനം കൂടിയാണ്. ഭാരതീയ സമ്പ്രദായം അനുസരിച്ചു ശാസ്ത്രീയ വ്യവസ്ഥകള്‍ക്ക് ഗുരു അല്ലെങ്കില്‍ ഈശ്വര സങ്കല്പം അവശ്യമാണ്. ഭാരതത്തിന്റെ തനതായ ആയുര്‍വേദമാകട്ടെ, പിന്നീട് നമ്മുടെ ചികിത്സാമണ്ഡലത്തിലേക്കു കടന്നു വന്ന മറ്റു ചികിത്സാ സംവിധാനങ്ങളാകട്ടെ, എല്ലാറ്റിനും ഗുരു അഥവാ ഈശ്വര സങ്കല്പമായി കാണാവുന്നതാണ് ധന്വന്തരി മൂര്‍ത്തി. ലോക ക്ഷേമത്തിനായി പാലാഴി മഥനത്തിനവസാനം അമൃത കലശവുമായി ഉയര്‍ന്നു വന്ന മൂര്‍ത്തിയാണ് ധന്വന്തരി.
2002 ലെ ധന്വന്തരി ജയന്തി ദിനത്തിലായിരുന്നു ഭാരതത്തില്‍ നിലവിലുള്ള വ്യത്യസ്ത ചികിത്സാ രീതികളെ അവയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് പരസ്പര പൂരകങ്ങളായി കണ്ട് സമന്വയിപ്പിച്ച് ഏറ്റവും ചെലവ് കുറഞ്ഞ ചികില്‍സ സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ആരോഗ്യഭാരതി’യുടെ പിറവി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ സേവാ പ്രമുഖായിരുന്ന മാന്യ. സൂര്യനാരായണ റാവുജിയുടെ ആശീര്‍വാദവും പ്രചോദനവും വേണ്ടുവോളം ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.
ദിനചര്യയിലും ഋതുചര്യയിലും അധിഷ്ഠിതമായ ജീവിത ശൈലിയും ആഹാരത്തിനു മുന്‍പും പിന്‍പും കൈകള്‍ കഴുകുന്ന രീതിയും ഒക്കെ ഒരു പരിധി വരെ ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീതി ജനകമായ കൊവിഡിനെ പോലും പ്രതിരോധിക്കുവാന്‍ ഭാരതത്തെ പ്രപ്തമാക്കിയത് നമ്മള് കണ്ടതാണ്. ഭക്ഷണത്തെ ഔഷധമായി കാണുന്ന സംസ്കാരവും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭക്ഷണം എങ്ങനെ എപ്പോള്‍ എത്ര മാത്രം എന്നുള്ളതിനും നമുക്ക് കൃത്യമായി നിബന്ധനകളുണ്ട്.
ആയുര്‍വേദവും യോഗയും നമ്മുടെ മാത്രം പാരമ്പര്യമാണ്. ഭാരതത്തിലേക്ക് കടന്നു വന്നിട്ടുള്ള മറ്റ് ചികിത്സ സമ്പ്രദായങ്ങളെ നാം സര്‍വാത്മനാ സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് ആരോഗ്യമേഖലയിലെ പല സ്ഥാപനങ്ങള്‍ക്കും കച്ചവടലക്ഷ്യം പ്രഥമ പരിഗണനയാവുന്നു എന്ന യാഥാര്‍ഥ്യവും കാണാതെ പോവരുത്. കുടുംബ ഡോക്ടര്‍മാര്‍ എന്ന സങ്കല്പം കളഞ്ഞ് എന്തിനും ഏതിനും അങ്ങേയറ്റത്തെ സ്പെഷ്യലിസ്റ്റുകളെയും പരിശോധനകളെയും തേടിപ്പോകുന്ന രീതിയും അപലപനീയം തന്നെ. അതേ സമയം തന്നെ ഉയര്‍ന്ന സംവിധാനങ്ങളുള്ള ആശുപത്രികള്‍ അത്യാവശ്യവുമാണ്.
പഞ്ചനക്ഷത്ര ആയുര്‍വേദ റിസോര്‍ട്ടുകളും അതുപോലെയുള്ള സ്ഥാപനങ്ങളും ആയുര്‍വേദത്തിന്റെ അന്തഃസത്ത വിസ്മരിച്ചു പോകുന്നതും കാണുന്നു.
ഹോമിയോ, സിദ്ധ,യോഗ, നാച്ചുറോപതി, യുനാനി, പാരമ്പര്യ വൈദ്യം തുടങ്ങി സകല സമ്പ്രദായങ്ങളും നാടിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഒന്നിച്ചു വരണം. നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രീയ അടിത്തറ ശക്തിപ്പെടുത്തുകയും വേണം.
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമായ ധന്വന്തരി ജയന്തി ആരോഗ്യ ഭാരതി സമുചിതമായി ആചരിക്കുന്നു. വീടുകളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ധന്വന്തരി പൂജകള്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൊണ്ട് നാടെങ്ങും മുഖരിതമാവട്ടെ.
ആരോഗ്യമുള്ള വ്യക്തി, ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള ദേശം ആരോഗ്യമുള്ള രാഷ്ട്രം അതാവട്ടെ നമ്മുടെ മന്ത്രം.
ഡോ. ബി.എസ്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: