ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പപ്പുമാര്‍ പരാജയപ്പെട്ടെങ്കിലും ഒരാളെക്കുറിച്ച് മാത്രമാണ് മാധ്യമങ്ങള്‍ പറയുന്നത്. മധേപുര മണ്ഡലത്തില്‍ മത്സരിച്ച ജനാധികാര്‍ പാര്‍ട്ടി നേതാവ് പപ്പുയാദവാണ് ഇയാള്‍. ചെറു പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച ഈ പപ്പുവിന്റെ പരാജയം ഒരു കൗതുക വാര്‍ത്തയെന്ന നിലയ്ക്ക് ആസ്വദിക്കാവുന്നതാണ്.
ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ്സിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണ് രണ്ടാമത്തെ പപ്പു. ബീഹാര്‍ പപ്പുവിനെപ്പോലെ വലിയ അവകാശവാദങ്ങളാണ് കോണ്‍ഗ്രസ്സ് പപ്പുവും ഉന്നയിച്ചത്. മഹാസഖ്യം വന്‍ ഭൂരിപക്ഷം നേടി ജയിക്കുമെന്നും, അത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ത്യത്തിലേക്കു നയിക്കുമെന്നുമൊക്കെ സഹജമായ ബുദ്ധിശൂന്യതയോടെ പ്രസംഗിച്ചു നടന്ന കോണ്‍ഗ്രസ്സ് പപ്പുവിനെ ബീഹാറിലെ ജനങ്ങള്‍ ശരിക്കും അപമാനിച്ചു വിട്ടിരിക്കുന്നു.
ബീഹാറിലേത് കോണ്‍ഗ്രസ്സിന്റെ പരാജയം എന്നതിനെക്കാള്‍ രാഹുലിന്റെ പരാജയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്. ഇത് വലിയ ത്യാഗമായി ചിത്രീകരിക്കുകയും ചെയ്തു. അമ്മ സോണിയയെ സൂക്ഷിക്കാനേല്പ്പിച്ച അധ്യക്ഷ പദവിയില്‍ തിരിച്ചെത്താനുള്ള അവസരമായാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെ രാഹുല്‍ കണ്ടത്. ജയം ഉറപ്പാണെന്ന ധാരണയില്‍ വന്‍തോതില്‍ വിലപേശി 70 സീറ്റില്‍ മത്സരിച്ചത് ഇതിനായിരുന്നു. ആര്‍ജെഡിയുടെ ചെലവില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക. അത് രാഹുല്‍ മോന്റെ അക്കൗണ്ടില്‍ വരവുവയ്ക്കുക. ഇതായിരുന്നു തന്ത്രം.
കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷയായ സോണിയ സ്ഥിരം അധ്യക്ഷയായി തുടരുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി വിളിച്ച് നേതൃത്വമാറ്റം ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നതാണ്. നെഹ്റു കുടുംബത്തിന് പുറത്തുള്ളവര്‍ക്കും കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് വരാമെന്ന് കുടുംബവാഴ്ചയുടെ വക്താക്കള്‍ വാചകമടിക്കാറുണ്ടെങ്കിലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണ് സോണിയയുടെ ഇടക്കാല അധ്യക്ഷ പദവി.
നേതൃമാറ്റത്തിനുവേണ്ടി ആവശ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുലിനെ വീണ്ടും കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ഒരുക്കം തുടങ്ങിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടായിരുന്നു ഇത്. പരാജയത്തിന്റെ പ്രതിരൂപമായി ദേശീയ രാഷ്ട്രീയത്തില്‍ അലഞ്ഞുതിരിയുന്ന ഒരുവനെ വീണ്ടും പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയേല്‍പ്പിക്കുന്നതിന് എന്തെങ്കിലും ഒരു ന്യായീകരണം വേണമല്ലൊ. ബീഹാറില്‍ 2015 ല്‍ കിട്ടിയ 27 സീറ്റിനെക്കാള്‍ ഒരു സീറ്റെങ്കിലും ഇക്കുറി കൂടുതല്‍ ലഭിച്ചാല്‍ അത് രാഹുല്‍ മോന്റെ അപാരമായ കഴിവിന്റെ തെളിവായി ചിത്രീകരിക്കാനാണ് പദ്ധതിയിട്ടത്. പക്ഷേ സഖ്യകക്ഷികള്‍ വന്‍തോതില്‍ മുന്നേറിയപ്പോഴും കോണ്‍ഗ്രസ്സ് വെറും 17 സീറ്റിലൊതുങ്ങിയതിനാല് പദ്ധതി പാളി.
രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന വസ്തുത വിസ്മരിച്ച് നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാഹുലിന്റെ രാഷ്ട്രീയം. ഈ വിദ്വേഷ പ്രചാരണത്തിനൊപ്പം പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ നില്‍ക്കാത്തതാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടാന്‍ കാരണമെന്നും രാഹുല്‍ വാദിക്കുകയുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും പരാജയത്തില്‍നിന്ന് പാഠം പഠിച്ച് സമീപനം മാറ്റുന്നതിനു പകരം അധിക്ഷേപ രാഷ്ട്രീയം തുടരുകയാണ് രാഹുല്‍ ചെയ്തത്. മോദിയെപ്പോലെ താനും കരുത്തുറ്റ നേതാവാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇതുണ്ടായി. കൊവിഡ് മഹാമാരി പടരാനിടയായതിന്റെ ഉത്തരവാദി മോദിയാണെന്നും, ജനങ്ങള്‍ അതിന് പകരം ചോദിക്കുമെന്നുമാണ് പല യോഗങ്ങളിലും രാഹുല്‍ പ്രസംഗിച്ചത്. ഇതും കോണ്‍ഗ്രസ്സിന്റെ തിരിച്ചടിക്ക് കാരണമായി. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാഷ്ട്രങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയുമൊക്കെ പ്രശംസ ലഭിച്ച ഒരു ഭരണാധികാരിയെയാണ് ഇപ്രകാരം നിന്ദിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം രാഹുല്‍ പ്രകടിപ്പിച്ചില്ല.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരാജയം കോണ്‍ഗ്രസ്സിന് സംഭവിച്ചു. 59 മണ്ഡലങ്ങളില്‍ 41 ലും ജയിച്ച ബിജെപി ‘പാന്‍ ഇന്ത്യന്‍’ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചപ്പോള്‍ 31 മണ്ഡലങ്ങളാണ് കോണ്‍ഗ്രസ്സിനെ കൈവിട്ടത്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ബഹുഭൂരിപക്ഷം സീറ്റുകളും നേടിയ ബിജെപി ഈ സംസ്ഥാനങ്ങളിലെ ജൈത്രയാത്ര തുടരുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനസമ്മതി കുറഞ്ഞുവരികയാണെന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്.
ബീഹാറില്‍ രാഹുല്‍ പരിഹാസ്യപാത്രമായതുപോലെയാണ് ഉത്തര്‍പ്രദേശില്‍ സഹോദരി പ്രിയങ്ക വാദ്ര ഒന്നുമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നതും. ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഇരുവരും വലിയ സന്തോഷത്തിലായിരുന്നുവല്ലോ. യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരെ വലിയ ജനരോഷമാണെന്നും, ഇത് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുന്നതിലേക്ക് സ്ഥിതിഗതികളെ നയിക്കുമെന്നുമാണ് രാഹുല്‍-പ്രിയങ്കമാരെ മുന്‍നിര്‍ത്തി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇതൊക്കെ വ്യാമോഹം മാത്രമാണെന്നും, സാരിയുടുത്ത രാഹുല്‍ മാത്രമാണ് പ്രിയങ്കയെന്നും ഉത്തര്‍പ്രദേശിലെ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ യോഗി ആദിത്യനാഥിന്റെ ഹിതപരിശോധനയായിരിക്കും എന്നാണ് പ്രതിപക്ഷം പ്രചരിപ്പിച്ചത്. എന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ ആറും നേടിയത് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായിരുന്ന ജനസമ്മതി മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്നതിന് തെളിവാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ്സിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ സൂചനയാണെന്ന അവകാശവാദം ഇതോടെ അസ്ഥാനത്തായിരിക്കുന്നു. പശ്ചിമബംഗാളിലും മറ്റും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുള്ള സിപിഎമ്മിന്റെ മോഹത്തിനും ഇത് തിരിച്ചടിയാണ്.
കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ കനത്ത പരാജയത്തില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം ആ പാര്‍ട്ടിയില്‍ തന്നെയുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയവരാണ് ഇവര്‍. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയവര്‍ ശരിയല്ലെന്ന് തെളിയിക്കാനും, അങ്ങനെ ഒറ്റപ്പെടുത്താനുമുള്ള അവസരമായിക്കൂടിയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെ സോണിയ കണ്ടത്. പാര്‍ട്ടി നേടുന്ന തകര്‍പ്പന്‍ വിജയം നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ വായടപ്പിക്കുമെന്ന് സോണിയ സ്വപ്നം കണ്ടു. ജയിച്ചു കയറുന്ന എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകാതിരിക്കാനുള്ള തന്ത്രം മെനയുന്നതിനും മറ്റും ഉപജാപക വൃന്ദത്തില്പ്പെടുന്നവരെ സോണിയ ചുമതലയേല്‍പ്പിച്ചത് ഈ മോഹംകൊണ്ടാണ്. അറിവും അനുഭവസമ്പത്തും കാര്യപ്രാപ്തിയുമുള്ള നേതാക്കളെ തള്ളി രഞ്ജിത് സുര്‍ജേവാലയെയും കെ.സി.വേണുഗോപാലിനെയും പോലുള്ള വിധേയന്മാരുടെ പാര്‍ട്ടി മാത്രമായി കോണ്‍ഗ്രസ്സ് മാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവരുടെ മാത്രം നേതാവാണ് രാഹുല്‍.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതെങ്കില്‍ ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെയും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയയും പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഒഴിയേണ്ടതാണ്. ഒരു സീറ്റുമാത്രം നേടാനായ ചിരാഗ് പാസ്വാന്റെ എല്‍ജെപി പോലും പരാജയത്തെ വിലയിരുത്തി പ്രതികരിക്കാന്‍ തയ്യാറായപ്പോള്‍ ബീഹാറിനകത്തും പുറത്തും കനത്ത തിരിച്ചടി നേരിട്ടതിനെക്കുറിച്ച് സോണിയയോ രാഹുലോ പ്രതികരിക്കാതിരുന്നത് ശ്രദ്ധേയമാണ്. ഒന്നും പറയാനില്ല. എന്തു പറഞ്ഞാലും വിലപ്പോവില്ല.
സംഘടനാപരമായി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ് കാലങ്ങളായി ബീഹാറിലെ കോണ്‍ഗ്രസ്സ്. എന്നിട്ടും മഹാസഖ്യവുമായി വിലപേശി കൂടുതല്‍ സീറ്റില്‍ മത്സരിച്ചു. മഹാരാഷ്ട്രയെ മനസ്സില്‍ വച്ചുകൊണ്ടായിരുന്നു ഇത്. വളരെ കുറച്ച് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞതെങ്കിലും അവിടത്തെ ശിവസേനാ സര്‍ക്കാരിനെ ഉപയോഗിച്ച് നേട്ടമുണ്ടാക്കാനും, രാഷ്ട്രീയ പ്രതികാരം ചെയ്യാനും കോണ്‍ഗ്രസ്സിന് കഴിയുന്നുണ്ട്. ആര്‍ജെഡിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇതുപോലൊരു സ്ഥിതിവിശേഷം ബീഹാറിലും സൃഷ്ടിക്കാമെന്ന് സോണിയ കണക്കുകൂട്ടി. മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡിയുടെ സ്ഥാനത്ത് ബീഹാറില്‍ മഹാഗഡ്ബന്ധന്. ഈ തന്ത്രം തിരിച്ചറിഞ്ഞിരിക്കാമെങ്കിലും കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാതിരിക്കാന്‍ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍ജെഡിക്ക് നിവൃത്തിയില്ലായിരുന്നു.
ബീഹാറിലെ തെരഞ്ഞെടുപ്പ് പരാജയം സോണിയാ കോണ്‍ഗ്രസ്സിനെ മറ്റൊരു പതനത്തില്‍ എത്തിച്ചിരിക്കുകയാണ്. സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഭരണത്തിലേറാനും, അധികാരം ഉപയോഗിച്ച് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനുമുള്ള കോണ്‍ഗ്രസ്സിന്റെ തന്ത്രം മറ്റു പാര്‍ട്ടികള്‍ ഇനി തിരിച്ചറിയും. സ്വന്തം ചെലവില്‍ ആളാവാന്‍ അവര്‍ കോണ്‍ഗ്രസ്സിനെ അനുവദിക്കില്ല. സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ്സ് ഒരു ഭാരമായിരിക്കുന്നു. പാര്‍ട്ടിക്ക് ഭരണമുള്ള സംസ്ഥാനങ്ങളിലും കേരളംപോലെ സ്വാധീനമുള്ള ഇടങ്ങളിലും നെഹ്റു കുടുംബക്കാരുടെ കൊള്ളരുതായ്മകള്‍ പഴയതുപോലെ നടക്കില്ല. ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ടെന്ന് ചെന്നിത്തലമാര്‍ക്ക് ഉറപ്പിച്ചുപറയാം. ദേശീയ രാഷ്ട്രീയത്തില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഒരിക്കലും സോണിയാ കോണ്‍ഗ്രസ്സിന് കഴിയില്ല എന്നു മാത്രമല്ല, കോണ്‍ഗ്രസ്സിനുതന്നെ നെഹ്റു കുടുംബം ഒരു ബാധ്യതയാണെന്ന ചിന്ത പാര്‍ട്ടിയില്‍ ശക്തിപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: