ന്യൂദല്‍ഹി: ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹനത്തിനുനേരെ കല്ലേറ്. വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക് പരിക്കുണ്ടെന്നാണ് അവിടെനിന്നുള്ള വിവരം.
അടുത്തിടെ ദിലീപ് ഘോഷിനുനേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. അലിപൂര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗോണില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ദിലീപ് ഘോഷ്. സംഭവത്തെ തുടര്‍ന്ന് ജയ്ഗോണ്‍ മുതല്‍ സിലിഗുരി വരെ വഴിയിലുടനീളം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നേരത്തേ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയിരുന്നു.
കല്ലെറിഞ്ഞവരെ കൃത്യമായി തിരിച്ചറിയാനായില്ല. ആക്രണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്ഷിത്തിന് ശ്രമിക്കുകയാണെന്നും സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 356 പ്രയോഗിക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ബംഗാളില്‍ ബിജെപി പ്രവര്‍ത്തര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: