ന്യൂദല്‍ഹി: മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള എല്ലാ പുതിയ ജീവനക്കാരുടെയും പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരംഭകര്‍ക്ക് അധിക വായ്പ ഗ്യാരന്റി പദ്ധതിയും നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ടം എന്ന പേരിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. 12 പുതിയ കാര്യങ്ങളാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും വിജയകരമായി നടപ്പാക്കാനായി. സാമ്പത്തിരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. വൈദ്യുതി ഉപയോഗത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
ജിഎസ്ടി പിരിക്കുന്നതില്‍ പത്തുശതമാനത്തിന്റെയും വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്ത് പുതിയ ഉണര്‍വുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പോര്‍ട്ടലിന് നടപടി തുടങ്ങി. ഒറ്റ റേഷന്‍കാര്‍ഡ് പദ്ധതിക്ക് ഇതിനം നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവ അഡ്വാന്‍സ് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.
1,32,000 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. ഒക്ടോബറിന് ശേഷം പുതിയ തൊഴിലുകള്‍ കണ്ടെത്താനുള്ള നടപടികളിലേക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീങ്ങുന്നത്. കമ്പനികള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുവേണ്ടി പ്രോത്സാഹനമെന്ന നിലയിലാണ് ആദ്യ പദ്ധതി പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ ഒന്നുമുതല്‍ തൊഴില്‍ കിട്ടുന്നവര്‍ക്ക് പ്രോവിഡന്റ് ഫണ്ട് സബ്‌സിഡി ലഭ്യമാക്കും. ആയിരത്തില്‍ താഴെ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രോവിഡന്റ് ഫണ്ട് വിഹിതം സര്‍ക്കാര്‍ നല്‍കും. ജീവനക്കാരുടെ വിഹിതത്തിനൊപ്പം സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ അടയ്‌ക്കും. 15,000-ല്‍ താഴെ ശമ്പളമുള്ള എല്ലാ ജീവനക്കാരുടെയും വിഹിതമായിരിക്കും രണ്ടുവര്‍ഷത്തേക്ക് ഇത്തരത്തില്‍ നല്‍കുക.
അന്‍പത് പേരില്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന നിബന്ധന ബാധകമാണ്. ചെറുകിട സംരംഭകരുടെയും സ്ഥാപനങ്ങളുടെയും വായ്പ ഗ്യാരന്റി പദ്ധതി അടുത്തവര്‍ഷം മാര്‍ച്ചുവരെ നീട്ടും. ഇതിനകം രണ്ടുലക്ഷം കോടി രൂപയുടെ വായ്പകള്‍ ഈ പദ്ധതി വഴി നല്‍കിക്കഴിഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: