നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീണ്ടുപോയ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി കൊഴുപ്പ് കുറവായിരിക്കുമെങ്കിലും വീറും വാശിയും ഏറുമെന്നുറപ്പാണ്. വ്യക്തിബന്ധങ്ങളും പ്രാദേശിക വികസന പ്രശ്നങ്ങളുമൊക്കെ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കുമെങ്കിലും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം വിധിയെഴുത്തിനു പിന്നിലെ മുഖ്യ പ്രേരണയായിരിക്കും. ഭരണയന്ത്രത്തെ ഒന്നടങ്കം അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമൊക്കെ പ്രതികളോ ആരോപണവിധേയരോ ആയ അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിമര്‍ശനം വിലപ്പോവില്ല. യഥാര്‍ത്ഥത്തില്‍ വികസനമെന്ന പേരില്‍ അഴിമതി നടക്കുകയാണ്. കേരളത്തിന് ഗുണം ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല പദ്ധതികളും പിണറായി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ചിലതൊക്കെ പേരുമാറ്റി നടപ്പാക്കി ബഹുമതി നേടിയെടുക്കാനും ശ്രമിച്ചു.
ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന ഐക്യമുന്നണി ഒച്ചവയ്ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ജനങ്ങള്‍ക്കറിയാം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വന്നതാണല്ലോ എല്‍ഡിഎഫ്. പക്ഷേ ഒരാളെപ്പോലും ശിക്ഷിക്കാനായില്ല. ഇപ്പോള്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാണിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്താനുള്ള തന്ത്രമാണിത്. ജനങ്ങള്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഒക്കച്ചങ്ങായിമാരാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമെന്ന് എത്രയോ കേസുകളില്‍നിന്ന് വ്യക്തമായതാണ്. തങ്ങള്‍ അഴിമതിക്കെതിരാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ്സിനും യുഡിഎഫിനും നന്നായറിയാം. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതതീവ്രവാദികളുമായി സഖ്യമുണ്ടാക്കി അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിക്കേസുകളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട സിപിഎമ്മിന് സ്വന്തം അണികളെപ്പോലും നേരിടാനാവാത്ത അവസ്ഥയാണ്. പാര്‍ട്ടി നേതൃത്വം പറയുന്നത് നുണയാണെന്ന് ബഹുഭൂരിപക്ഷം അണികള്‍ക്കും അറിയാം. ആദ്യം കിട്ടുന്ന അവസരമെന്ന നിലയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍തന്നെ അവര്‍ ഇതിനെതിരെ പ്രതികരിക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപിയും എന്‍ഡിഎയും നടത്തിയത്. പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ത്തിട്ടും ബിജെപി വിജയക്കൊടി പാറിച്ചു. ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായി. ഇക്കാരണംകൊണ്ടുതന്നെ ഇവരുടെ ‘പരസ്പര വിരോധം’ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സാധാരണ ജനങ്ങളിലെത്തിയത് ബിജെപി മുന്നേറ്റത്തെ സഹായിക്കുന്ന ഘടകമാണ്. കേന്ദ്ര പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞ വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാന്‍ ബിജെപി വിരുദ്ധര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ പൊളിക്കാന്‍ ബിജെപിക്ക് കഴിയണം. ഇടതു-വലതു മുന്നണികളുടെ മതനിരപേക്ഷത ഏകപക്ഷീയമാണെന്നും, അത് വര്‍ഗീയ പ്രീണനമാണെന്നും കൊവിഡ് കാലത്തുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തിലും മറ്റും പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുകയാണ്. ഇടതു-വലതു മുന്നണികളുടെ പ്രതിച്ഛായയും വിശ്വാസ്യതയും നശിച്ചു. ബദല്‍ രാഷ്ട്രീയ ശക്തിയായി ബിജെപി ഉയര്‍ന്നു വന്നിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനുള്ള അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: