ഡോ. എം. മോഹന്‍ദാസ്
പ്രസിഡന്റ് , ഭാരതീയ വിചാരകേന്ദ്രം
കേരളപ്പിറവി ദിനത്തില്‍ ജന്മഭൂമി ആരംഭിച്ച വികസനസംവാദത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ വികസന പ്രതിസന്ധികളെക്കുറിച്ച് വിശദമായ വിലയിരുത്തലാണ് നടന്നത്. . കാര്‍ഷിക -വ്യാവസായിക മേഖലകളുടെ തകര്‍ച്ച, ഭീമമായ ഭക്ഷ്യസുരക്ഷാഭീഷണി, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങള്‍, ഉയര്ന്നതൊഴിലില്ലായ്മ, സര്‍ക്കാര്‍ തലത്തിലുള്ള അനിയന്ത്രിതമായ ധൂര്‍ത്തും,പാഴ്ചെലവുകളും, സംസ്ഥാനത്തിനു വെളിയിലേക്കുള്ള വന്‍ വിഭവചേര്ച്ച, പൊതുമേഖലാ സ്ഥാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളുടെ ശോചനീയാവസ്ഥ , അടിയന്തരസൗകര്യമേഖലകളുടെ ദുരവസ്ഥ, വ്യാപാകമായ അഴിമതിയും സ്വജനപക്ഷപാതവുമടക്കം നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സംസ്ഥാനം നേരിടുന്നത്. ഈ പ്രതിസന്ധികള്‍ സമയോചിതമായി മറികടക്കാന്‍ വ്യക്തമായ ദിശാബോധത്തോടുകൂടിയ സാമ്പത്തികനയങ്ങളും, പരിപാടികളും ആസൂത്രണം ചെയ്യുന്നതോടൊപ്പം അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള ഇച്ഛാശക്തിയും അനിവാര്യമാണ്.
ആദ്യം പരിശോധിക്കേണ്ടത് ഏതുവിധത്തിലുള്ള വികസനമാണ് ഭാവി കേരളത്തിന് അനുയോജ്യമായിട്ടുള്ളത് എന്നാണ്. ആത്മനിര്‍ഭര്‍ ഭാരത് നയത്തിന്റെ പശ്ചാത്തലത്തില്‍, വികേന്ദ്രീകൃത- സ്വാശ്രയ പങ്കാളിത്ത- സുസ്ഥിരവികസനമാണ് കേരളത്തിനാവശ്യം. ഇതിന് നയപരവും, ഘടനാപരവും, വ്യവസ്ഥാപരവും ഭരണപരവുമായ പല പൊളിച്ചെഴുത്തുകളും പുന:സംഘടനകളും ആവശ്യമാണ്. . ഉല്പാദനമേഖലകളെ അവഗണിയ്ക്കുന്ന ഇപ്പോഴത്തെ നയം തിരുത്തി ഉല്പാദന മേഖലകള്‍ക്ക് മുന്തിയ പരിഗണന വികസന നയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. അതു പോലെ സര്‍ക്കാര്‍ സംവിധാനത്തിലും വികസന ഏജന്‍സികളുടെ പുന:സംഘടനയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പങ്കാളിത്തത്തിലും വലിയ തോതില്‍ അഴിച്ചുപണി നടത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വികസനോന്മുഖമാക്കുകയും വേണം. അത്തരമൊരു പശ്ചാത്തലത്തില്‍ പരിഗണിയ്ക്കേണ്ട ചില വികസന മേഖലകളെകുറിച്ചാണ് പ്രാഥമികമായി. ചര്‍ച്ച ചെയ്യുന്നത്.
കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം
നിലവിലുള്ള നെല്പാടങ്ങള് വെച്ച് കേരളത്തിന് അരി ഉല്പാദനത്തില് സ്വാശ്രയത്വംകൈവരിയ്ക്കാനാകില്ലെങ്കിലും ഭക്ഷ്യക്കമ്മിയുടെ തോത് ഗണ്യമായി കുറയ്ക്കാനാകും. തരിശായി കിടക്കുന്ന രണ്ടു ലക്ഷം ഹെക്ടറില്‍ ഒന്നരലക്ഷത്തോളം നെല്‍കൃഷിയ്ക്ക് അനുയോജ്യമാണ്. ഇവിടങ്ങളില്‍ 2 വിളവീതം എടുക്കാന്‍ കഴിഞ്ഞാല്‍ 5 മുതല്‍ 6 ലക്ഷം ടണ്‍ വരെ അതു അധികമായി ഉല്പാദിപ്പിയ്ക്കാനാകും . അതിനായി നടപ്പു വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 2500 കുളങ്ങളുടെ നവീകരണവും 5000 കിണറുകളുടെ റീചാര്‍ജിങ്ങും 5000 കിലോമീറ്റര്‍ തോടുകളുടെ ശുചീകരണവും യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനായാല്‍ നെല്‍കൃഷിയോടൊപ്പം പച്ചക്കറികൃഷിയും ഉള്‍നാടന്‍ മത്സ്യകൃഷിയും പ്രോത്സാഹിപ്പിയ്ക്കാനാകും. ഇതോടെ അരി ഉല്പാദനം 5 ല്‍ നിന്ന് 12 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ കഴിയും. ശേഷിച്ച 50000 ഹെക്ടറില്‍ പച്ചക്കറി, വാഴ, കപ്പ തുടങ്ങിയവയും ഉയര്‍ന്നസ്ഥലങ്ങളില്‍ ഫല വൃക്ഷങ്ങളും കൃഷി ചെയ്യാനാകും. ഇതോടെ പച്ചക്കറിയുടെ കാര്യത്തില്‍ ഏകദേശം സ്വാശ്രയം കൈവരിയ്ക്കാനാകും. ഇതു വഴി,10000 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് നഷ്ടപ്പെടുന്നത് ലാഭിക്കാനുമാകും.
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കണമെങ്കില്‍ പ്രാദേശികതലത്തില്‍ സ്റ്റോറേജ് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്കരണം വഴി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉല്പാദിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ശാക്തീകരിയ്ക്കേണ്ടതായിട്ടുണ്ട്. 1650 ല്‍ അധികം വരുന്ന സംഘങ്ങളില്ളില് നാലിലൊന്ന് സംഘങ്ങളെങ്കിലും ഈ മേഖലകളില്‍ സജീവമായാല്‍ കാര്‍ഷികമേഖലയുടെ പുനരുജ്ജീവനം എളുപ്പമാകും. ഉദാഹരണത്തിന് തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് റൈസ്മില്‍, പച്ചക്കറിച്ചന്ത, സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ വൈവിദ്ധ്യമായ മേഖലകളിലേക്ക് മൂന്നു പതിറ്റാണ്ടു മുന്‍പേ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു സംസ്ഥാനത്ത് അപൂര്‍വ്വമായി ചില സംഘങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതു പോലെ കൂടുതല്‍ സംഘങ്ങളെ കര്‍ഷകര്‍ക്കാവശ്യമായ സേവന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നയം മാറ്റവും ഘടനാമാറ്റവും ആവശ്യമാണ്. ഇവയെ പാടശേഖരസമിതികള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവയുമായി യുക്തിസഹമായി ബന്ധിപ്പിയ്ക്കേണ്ടതാണ്.
കാര്‍ഷികവികസനത്തിന് കേരളത്തിലെ തുണ്ടുഭൂമികളുടെ പരിമിതി മൂന്നു വിധത്തില്‍ പരിഹരിയ്ക്കാനാകും. ഒന്നാമത് കര്‍ഷകകൂട്ടായ്മയിലൂടെ കൂടുതല്‍ സ്ഥലത്ത് സംയോജിതവും സംഘടിതവുമായ കൃഷി രീതിയാണ്. ഇത് കര്‍ഷകരുടെ കൂട്ടായ്മ, സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയ ഏതെങ്കിലും രീതിയിലാകാം. രണ്ടാമത്തേത് പച്ചക്കറികള്‍, ഇല വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവതട്ടുകളായി കൃഷി ചെയ്യുന്ന വെര്‍ട്ടിക്കല്‍ ഫാമിങ്ങ് രീതിയാണ്. ചിലരെല്ലാം പരീക്ഷണ അടിസ്ഥാനത്തില്‍ ഈ വിധത്തില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും അതിന് നയപരമായ പിന്‍ബലം നല്‍കിയിട്ടില്ല. മൂന്നാമത്തേത് ഇസ്രയേല്‍ പോലുള്ള ഭൂമികുറവുള്ള പ്രദേശങ്ങളില്‍ വിജയകരമായി നടപ്പാക്കിവരുന്ന പ്രിന്‍സിപ്പല്‍ ഫാമിങ്ങാണ്. ഇതിന് മൂലധന ചെലവ് കൂടുതലാണ്. കര്‍ഷക ഉല്പാദകസംഘങ്ങള്, പ്രാഥമിക കാര്‍ഷിക സൊസൈറ്റികള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തിരിച്ചുവരുന്ന പ്രവാസികളുടെ കൂട്ടായ്മ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുദ്രാലോണ്‍, സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം എന്നിവ ഉപയോഗിച്ച് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. ഈ വഴി പഴം -പച്ചക്കറി മേഖലയില്‍ പൂര്‍ണ്ണമായ സ്വാശ്രയത്വംമാത്രമല്ല, ഗള്ഫ്നാടുകളിലേക്കടക്കം ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള് കയറ്റുമതി ചെയ്യാനും കഴിയും. അതിനാവശ്യമായ നയപരിപാടികളും പ്രോത്സാഹനവും അത്യാവശ്യമാണ്.
ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എം.എസ്.എം.ഇ കള്‍ക്കും കാര്‍ഷിക സംസ്കരണത്തില്‍ വലിയ മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളത്. 2 ലക്ഷം സൂക്ഷ്മ ഇടത്തരം ഭക്ഷ്യ സംസ്കരണ യൂണിറ്റുകളെ ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിന്റെ മാനദണ്ഡങ്ങളനുസരിച്ച് സജ്ജമാക്കാനും, ആധുനികവല്ക്കരിയ്ക്കാനും, ഗുണനിലവാരം ഉറപ്പു വരുത്താനും 10,000 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. അതോടൊപ്പം പ്രാദേശിക ബ്രാന്റുകളെ ഗുണനിലവാരം ഉറപ്പാക്കുന്ന അന്താരാഷ്ട്ര ബ്രാന്റുകളായി ഉയര്‍ത്തുന്നതിനുള്ള ശാക്തീകരണത്തിനായി ‘വോക്കല്ഫോര് ലോക്കല്‍’ എന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയെല്ലാം ഫലപ്രദമായി കേരളത്തിന് ഉപയോഗിക്കാവുന്നതാണ്.
അതുപോലെ പ്രധാനപ്പെട്ട മേഖലകളാണ് ഉള്‍നാടന്‍ മത്സ്യവളര്‍ത്തല്‍ (അക്വാകള്‍ച്ചര്‍) മത്സ്യസംസ്കരണം, ഡയറിവികസനം, ഔഷധസസ്യകൃഷിവികസനം, കൂണ്കൃഷിവികസനം തുടങ്ങിയവ. ഇവയ്ക്കെല്ലാം ആത്മനിര്‍ഭര്‍ ഭാരത് പാക്കേജില്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ ഉല്പാദക കമ്പനികളിലൂടെ അവര്‍ക്ക് സ്വാശ്രയത്വം കൈവരിയ്ക്കാനും അവസരങ്ങളുണ്ട്.
ഉച്ചഭക്ഷണവിതരണം നിലവിലുള്ള സൂകുളുകളെയെല്ലാം അവര്‍ക്കാവശ്യമായ പച്ചക്കറികളും, മറ്റ് വിഭവങ്ങളും കൃഷി ചെയ്ത് കഴിയാവുന്നത്ര സ്വാശ്രയത്വം കൈവരിയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക മേഖലയില്‍ താല്പര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമാകും.
പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം
അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും 18 ലക്ഷത്തിലധികം പേര് തൊഴില്‍ ചെയ്തിരുന്ന പരമ്പരാഗതവ്യവസായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടിത തൊഴിലാളികളുടെയും ഏതിര്‍പ്പു കാരണം ആധുനികവല്‍ക്കരണത്തിനും ഉല്പന്ന വൈവിദ്ധ്യത്തിനും കഴിയാതെ തകര്‍ച്ചയെ നേരിടുകയായിരുന്നു. ഇവയെ ഇന്നത്തെ വിപണനിയ്ക്കാവശ്യമായ വൈവിദ്ധ്യമാര്‍ന്ന ഗുണനിലവാരമുള്ള ഉല്പന്നങ്ങള് ഉല്പാദിപ്പിയ്ക്കാന് പ്രാപ്തമായ ആധുനികവല്‍ക്കരണം നടത്തിയാല്‍ ബീഡി ഒഴിച്ചുള്ള മേഖലകളെ ഒരു പരിധിവരെ പുനരുജ്ജീവിപ്പിയ്ക്കാനാകും. ഇതു വഴി ചുരുങ്ങിയത് 5 ലക്ഷം തൊഴിലെങ്കിലും അടുത്ത നാലഞ്ചുവര്‍ഷം കൊണ്ട് സൃഷ്ടിക്കാനാകും. ഈ മേഖലകളിലും തിരിച്ചുവരുന്ന പ്രവാസികളെ നൈപുണ്യവികസനം നടത്തി സ്റ്റാര്‍ട്ട് അപ്പുകള്‍, സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങള്‍ എന്നിവ വഴി പുനരുജ്ജീവിപ്പിയ്ക്കാനാകും. അതിനുള്ള സാമ്പത്തിക സഹായത്തിന് മുദ്രാലോണ്‍, എം.എസ്.എം.ഇ വായ്പകള്‍ എന്നിവയും ലഭ്യമാണ്. ജിയോടെക്സ്റ്റൈല്‍ മേഖലയുടെ വികസനത്തിന് ഈ വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ 25 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി ഉല്പാദനം 40,000 ടണ്ണായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് സമയബന്ധിതമായി നടപ്പാക്കേണ്ടതാണ്. അടുത്ത കാലത്ത് പ്രധാനമന്ത്രി വളരെ പ്രാധാന്യത്തോടെ ഊന്നിപ്പറഞ്ഞ കളിക്കോപ്പ് നിര്‍മ്മാണ മേഖലയിലെ സ്വാശ്രയത്വം കരകൗശല മേഖലയുടെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്.
പുതിയവ്യവസായങ്ങള്‍
കേരളത്തിലെ ഭൂപ്രകൃതിയും ഉയര്‍ന്ന ജനസാന്ദ്രതയും വന്‍കിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമല്ല എന്നാല്‍ ധാരാളം ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്ക് സാദ്ധ്യതകളുണ്ട്. പ്രധാനമായും അഞ്ചു മേഖലകളിലാണ് സാദ്ധ്യതകള്‍ കൂടുതലുള്ളത്. ഒന്നാമത്തേത് റബ്ബര്‍ അധിഷ്ഠിതവ്യവസായങ്ങളാണ്. ധാരാളം റബ്ബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനത്ത് റബ്ബര്‍ അധിഷ്ഠിതവ്യസായങ്ങള് കുറവായതാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കുന്നതിന് പ്രതിബന്ധമായിട്ടുള്ളത്. പ്രധാനമന്ത്രി കളിക്കോപ്പു നിര്‍മ്മാണത്തില്‍ സ്വാശ്രയത്വം വേണമെന്നാവശ്യപ്പെട്ടത് റബ്ബര്‍ മേഖലയ്ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ്.
രണ്ടാമത്തെ പ്രധാനമേഖല മൈക്രോ ഇലക്ട്രോണിക്സ് വ്യവസായങ്ങളാണ്. കേരളം ഇവ വാങ്ങുന്നതിനായി വര്‍ഷംതോറും പതിനായിരത്തിലധികം കോടി ചെലവഴിക്കുന്നുണ്ട്. മൂന്നാമത്തേത് കരിമണല്‍, വെള്ളമണല്‍, കളിമണ്വ്യവസായങ്ങളാണ്. കരിമണല്‍ ഖനനം നടത്തി കേരളത്തിനുപുറത്തേക്കു കടത്തുന്ന ലോബി വളരെ ശക്തമാണ്. കരിമണലില്‍ നിന്ന് വ്യവസായിക മൂല്യമുള്ളതും അറ്റോമിക് എനര്ജിമേഖലയ്ക്കാവശ്യമായതുമായ നിരവധി ഉയര്‍ന്ന മൂല്യമുള്ള ഉല്പന്നങ്ങളെ ഉല്പാദിപ്പിയ്ക്കാനുള്ള അവസരമാണ് നാം പാഴാക്കുന്ന്. അതു പോലെ വെള്ളമണലും വ്യാവസായികമായി വളരെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കാനുള്ള അസംസ്കൃതപദാര്ത്ഥമാണ്. പരമ്പരാഗതകളിമണ് വ്യവസായത്തെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങളുണ്ടാക്കാന് സജ്ജമാക്കേണ്ടതാണ്.
നാലാമത്തെ മേഖല കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളാണ്. കേരളത്തിലെ കാര്‍ഷിക ഉല്പന്നങ്ങള് ഗുഡ്മാനുഫാക്ചറിങ് പ്രാക്ടീസ് അനുസരിച്ച് ഗുണനിലവാരമുള്ള ഉല്പന്നങ്ങളായി കയറ്റുമതി ചെയ്യാന്‍ വലിയ സാദ്ധ്യതകളാണുള്ളത്. തേങ്ങാപ്പാല്‍, സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്, ഹെര്‍ബല്‍ എക്സ്ട്രാറ്റുകള്‍, തേന്‍ തുടങ്ങിയ നിരവധി കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വന്‍ സാദ്ധ്യതകളുണ്ട്. ഇവയെ ഫുഡ് പാര്‍ക്കുകളും 2 മെഗാ ഫുഡ്പാര്ക്കുകളുമായി ബന്ധിപ്പിയ്ക്കാവുന്നവയാണ്. അഞ്ചാമത്, കളിക്കോപ്പുനിര്മ്മാണ മേഖലയാണ്. ഇതില്‍ റബ്ബര്‍ ഉല്പന്നങ്ങളേക്കാള് മൈക്രോ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്ക്ക് വലിയസാദ്ധ്യതകളുണ്ട്. കരകൗശലമേഖലയെയും ഇതില്‍ പങ്കാളികളാക്കാം.
ഐ.ടി. അധിഷ്ഠിതസേവനങ്ങള്‍
കേരളത്തിന്റെ ഭാവി വികസനത്തില്‍ ഐ.ടി. മേഖലയ്ക്ക് വളരെ സുപ്രധാന പങ്ക് വഹിക്കാനാകും വിദൂരവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, സ്കില്‍ വികസനപദ്ധതികള്‍, ക്രിമിനോളജി, ദുരന്തനിവാരണം, ടെലിമെഡിസിന്‍, പൊതുഭരണം, ഭൂമി ഇടപാടുകള്‍, രജിസ്റ്റ്രേഷന് തുടങ്ങി എല്ലാ മേഖലകളിലും, ഐടി. അധിഷ്ഠിത സേവനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ബ്ലോക്ക് ചെയിന്‍ ക്ലൗഡ്കംപ്യൂട്ടിങ്ങ് എന്നീ മേഖലകളില്‍ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കാന് ഈ മേഖലയ്ക്ക് കഴിയും. അതിനുള്ള നയപരവും ഭരണപരവുമായ പ്രോത്സാഹനമാണ് അത്യാവശ്യമായിട്ടുള്ളത്.
മാലിന്യത്തെ സമ്പത്താക്കിമാറ്റുക
നമ്മുടെ ഏറ്റവും വലിയ പാരിസ്ഥിതികപ്രശ്നവും ആരോഗ്യ പ്രശ്നവുമായ അനിയന്ത്രിതമായി കുന്നുകൂടുന്ന മാലിന്യത്തെ സംസ്കരിച്ച് ഉപകാരപ്രദമായ ഉല്പാദനങ്ങളാക്കി മാറ്റുക വഴി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. പ്ലാസ്റ്റിക്കിതര മാലിന്യത്തെ ബയോഗ്യാസായും, ഓര്‍ഗാനിക് വളമായും മറ്റും ഉപയോഗപ്പെടുത്തുകയും പ്ലാസ്റ്റിക് മാലിന്യത്തെ സംസ്കരിച്ച് ടൈലുകളായോ, ഷീറ്റുകളായോ മാറ്റുകയും ശേഷിക്കുന്നവ റോഡുകളുടെ ടാറിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുകയും ചെയ്യാം. ഇതു വഴി റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ദീര്‍ഘകാലത്തേക്ക് ഒഴിവാക്കാനാകും
റബ്ബറൈസ്ഡ് ഹൈവേകള്‍
കേരളത്തില്‍ 1187 കിലോമീറ്റര്‍ ദേശീയപാതയും 4342 കിലോമീറ്റര്‍ സംസ്ഥാനപാതകളും അതിലിരട്ടി ജില്ലാ റോഡുകളും ഉണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ റബറൈസ് ചെയ്ത് റോഡുകള്‍ക്ക് 15 വര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ ആവശ്യമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശീയപാതകളും, സംസ്ഥാനപാതകളും ഘട്ടംഘട്ടമായി റബറൈസ് ചെയ്താല്‍ ഓരോ വര്‍ഷവും അറ്റകുറ്റപ്പണികള്‍ക്ക് ചെലവാക്കുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കുന്നതോടൊപ്പം ഇന്ധനച്ചെലവും മലിനീകരണവും വലിയ തോതില്‍ കുറയ്ക്കാനും കഴിയും. അതോടൊപ്പം ഇപ്പോള്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 75 ശതമാനമെങ്കിലും കുറയ്ക്കാനും കഴിയും. ഏറ്റവും വലിയ നേട്ടം റബ്ബര്‍ കര്‍ഷകര്‍ക്കായിരിക്കും. അവര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാന്‍ ഇതു സഹായിക്കും.
‘സോളാര്‍ സ്റ്റേറ്റ്’ ആയി മാറ്റുക
സ്വന്തം വിഭവങ്ങളുടെ പിന്‍ബലത്തില്‍ മാത്രമെ കേരളത്തിന് സ്ഥായിയായ സുസ്ഥിരവികസനം സാദ്ധ്യമാകുകയുള്ളൂ. കേരളത്തിന്റെ ഒരു സുപ്രധാന വിഭവമാണ് ശക്തമായ സൂര്യപ്രകാശം .കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സോളാര്‍ പവര്‍ എങ്ങിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിലെ സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍, സര്‍വ്വകലാശാലകള്‍, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹൈസ്കൂളുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ വലിയ കെട്ടിടങ്ങള്‍ എന്നിവയിലെല്ലാം ഘട്ടം ഘട്ടമായി സോളാര്‍ പവര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതിഉല്പാദിപ്പിയ്ക്കാനായാല് അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനം വൈദ്യുതിയില്‍ സ്വയം പര്യാപ്തമാകും. കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ഫ്ളോട്ടിങ് പ്ലാന്റുകളും ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ച്യെുലവ് കുറഞ്ഞ സോളാര്‍ പാനലുകള്‍ ഉല്പാദിപ്പിയ്ക്കാനുള്ള ഗവേഷണവും അതി പ്രധാനമാണ്. 2000ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള എല്ലാ പുതിയ കെട്ടിടങ്ങള്‍ക്കും പിന്നീട് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കാവുന്നതാണ്. പരമാവധി 10 വര്‍ഷം കൊണ്ട് കേരളത്തെ ‘സോളാര്‍ സ്റ്റേറ്റ്’ എന്ന പദവിയിലേക്ക് ഉയര്‍ത്താനാകും.
അഗ്രോടൂറിസം
കേരളത്തിലേക്കു വരുന്ന പാശ്ചാത്യ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും പ്രിയങ്കരമായത് അഗ്രോ ടൂറിസമാണ്. ഇപ്പോള്‍ വളരെ പരിമിതമായി വയനാട്ടിലും ഇടുക്കിജില്ലയിലും ഇത്തരം സ്ഥലങ്ങളുണ്ടെങ്കിലും അവയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു മാത്രമല്ല, ശരിയായരീതിയിലുള്ള അഗ്രോടൂറിസവുമല്ല., വയനാട്, ഇടുക്കി നെല്ലിയാമ്പതി, മൂന്നാര്‍, ഏലക്കാടുകള്‍ തുടങ്ങിയപ്രദേശങ്ങളില്‍ വൃത്തിയും, പ്രകൃതി സൗഹൃദവും,സുരക്ഷിതവും നല്ല നാടന്‍ ഭക്ഷണവുമടക്കമുള്ള സൗകര്യങ്ങളോടെ അഗ്രോ ടൂറിസം ആസൂത്രണംചെയ്താല്‍ കര്‍ഷകര്‍ക്ക് വരുമാനവര്ദ്ധനവിനോടൊപ്പം കാര്‍ഷിക ഉല്പന്നങ്ങള്ക്ക് കൂടുതല്‍ ഡിമാന്റും സൃഷ്ടിക്കാനാകും.
നാടന്‍ ഭക്ഷണശാലകളുടെ ശൃംഖല
കേരളത്തിലെ ദേശീയ-സംസ്ഥാന ഹൈവേകളില്‍ ഗുണനിലവാരമുള്ള അമിതവിലഈടാക്കാത്ത നാടന്‍ ഭക്ഷണശാലകള്‍ ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ കൂട്ടായ്മയില്‍ ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ ഓരോ 25 കിലോമീറ്ററിലും ഇടവിട്ട് ഇത്തരം ഭക്ഷണശാലകളുടെ ശൃംഖലസ്ഥാപിക്കാനായാല് യാത്രക്കാര്‍ക്ക് വലിയ ആശ്വാസവും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജീവിത മാര്‍ഗ്ഗവും ലഭ്യമാകും. ഇതിനായി മുദ്രാലോണ്‍ അടക്കമുള്ള കേന്ദ്രപദ്ധതികളുടെ സാമ്പത്തിക സഹായവും ലഭ്യമാണ്. ഇവയില്‍ സംസ്കരിച്ച ഭക്ഷണസാധനങ്ങള്‍ കൂടി പായ്ക്ക് ചെയ്ത് വില്‍ക്കാനായാല്‍ അത് ആയിരക്കണക്കിനാളുകള്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗമാകും. കഴിയാവുന്ന സ്ഥലങ്ങളില്‍ ഇവയോടൊപ്പം ഓര്‍ഗാനിക് ഉല്പന്നങ്ങളും ലഭ്യമാക്കാവുന്നതാണ്.
ആരോഗ്യഹബ്ബും ആരോഗ്യ ടൂറിസവും
സംസ്ഥാനത്ത് നിരവധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ആയുര്‍വ്വേദ ചികിത്സാകേന്ദ്രങ്ങളും നിലവിലുണ്ട്. ഇവയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയാല്‍ കേരളത്തെ ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബായി മാറ്റാനാകും. ആവശ്യമായ ഗുണനിലവാരവും സുരക്ഷയും, മെച്ചപ്പെട്ട ശുശ്രൂഷയും ലഭ്യമാക്കണമെന്നുമാത്രം. ഗള്‍ഫ് മേഖല, ഏഷ്യാപെസിഫിക് മേഖല, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവ തീര്‍ച്ചയായും ഈ ഹബ്ബിനെ സ്വീകരിക്കും. മറുവശത്ത് ആയുര്‍വ്വേദ-യോഗ സെന്ററുകളുടെ ഗുണനിലവാരം ഉയര്‍ത്തി യുക്തിസഹായമായി സംയോജിപ്പിച്ചാല്‍ സ്വാസ്ഥ്യ ചികിത്സയ്ക്ക് വിദേശികള്‍ക്ക് ആകര്ഷിക്കാനാവും. മറ്റൊരു തരത്തില്‍ ആരോഗ്യ ടൂറിസമായി ഇതിനെവികസിപ്പിക്കുവാന് ധാരാളം സാദ്ധ്യതകളുണ്ട്. ഇതിന്റെ പ്രചരത്തിന് ഗള്‍ഫില്‍ നിന്ന്തിരിച്ചുവന്നവരെ ഫലപ്രദമായി ഉപയോഗിപ്പെടുത്താന്‍ കഴിയും.
കേരളത്തിലെ ഡാമുകളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും കാരണം ഡാമുകളുടെ സംഭരണശേഷി ഏകദേശം 60 ശതമാനവും നഷ്ടപ്പെട്ടതാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി കേരളം നേരിടുന്ന പ്രളയത്തിന് മുഖ്യകാരണം. ഈ മണ്ണും മണലും നീക്കം ചെയ്താല്‍ പ്രളയത്തെ പ്രതിരോധിക്കുന്നതോടൊപ്പം റോഡ് വികസനത്തിനും, മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ലക്ഷക്കണക്കിന് ടണ്‍ മണ്ണും മണലും ലഭിക്കും. അതു വഴി സര്‍ക്കാറിന് വലിയ സാമ്പത്തികവരുമാനവും ഉണ്ടാകും. കുന്നുകളിടിച്ച് മണ്ണെടുക്കുന്നത്, ക്വാറികളുടെ അമിത ചൂഷണം എന്നിവ ഒരു പരിധി വരെ ഒഴിവാക്കി പാരിസ്ഥിതികസന്തുലനം ഉറപ്പാക്കാം. ലോക ബാങ്ക് സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ 28 ഡാമുകളുടെ പുരുദ്ധാരണത്തിനു ലഭിക്കുന്ന സഹായം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി ഡാം സുരക്ഷവര്ദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇവയ്ക്കു പുറമെ നിരവധിചെറുതും വലുതുമായവികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. ആരോഗ്യ ഹബ്ബുപോലെ വിദ്യാഭ്യാസ ഹബ്ബിനും സാദ്ധ്യതയുണ്ട്. എന്നാല്‍ ഈ മേഖല അതിനനുസരിച്ച് പുനസ്സംഘടിപ്പിയ്ക്കേണ്ടിവരും.
വെല്ലുവിളികള്‍
വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് നിരവധി വെല്ലുവിളികള്‍ പരിഹരിയ്ക്കാനുണ്ട്. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാന പ്രതിബന്ധം സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. ഇതു മറികടക്കാന്‍ വന്‍ തോതില്‍ വിഭവസമാഹരണം നടത്താന്‍ സര്‍ക്കാറുകള്‍ കാണിക്കുന്ന വിമുഖത മാറ്റിയേമതിയാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തില്‍ ചെയ്തതു പോലെ പബ്ലിക്- പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് മാതൃക കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചാല്‍ വിഭവപരിമിതി ഒരു പരിധിവരെ മറിടക്കാനാകും.വ്യവസായവകുപ്പിന്റെ കീഴില്‍ 85 പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കവര്‍ഷങ്ങളിലും നഷ്ടത്തിലായിരുന്നു. കഴിഞ്ഞ 2 വര്‍ഷം നേരിയ ലാഭമാണുള്ളത്. വെറും 258കോടിയാണ് അറ്റലാഭം. ഇവയെ യുക്തിസഹമായി സംയോജിപ്പിച്ച് ഭരണച്ചെലവ് കുറയ്ക്കുകയും സ്ഥിരമായി നഷ്ടം വരുത്തുന്നവയെ സ്വകാര്യ വല്ക്കരിയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുന്നണി ഭരണത്തില്‍ ഇതിനുള്ള സാദ്ധ്യതകള്‍ വിരളമാണ്. സി അച്യുതമേനോന് മുഖ്യമന്ത്രിയായ കാലത്ത് നിരവധി ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയെങ്കിലും ഇപ്പോള്‍ അവ ദുര്ദശയിലാണ്. അവയെ പുനരുജ്ജീവിപ്പിച്ച് ഗവേഷണം ശക്തമാക്കുക എന്ന ദൗത്യവും എറ്റെടുക്കേണ്ടതുണ്ട്.
പഞ്ചായത്ത് രാജ് സംവിധാനം പൊളിച്ചെഴുതി പഞ്ചായത്തുകളെ വികസന ഏജന്‍സികളായി രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. ആധുനികവല്‍ക്കരണത്തോടും സാങ്കേതികവിദ്യയോടുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും തൊഴിലാളി സംഘടനകളുടെയും എതിര്‍പ്പും വലിയവെല്ലുവിളിയാണ്. ഭരണപരമായ ധൂര്‍ത്തും, കാണാച്ചെലവുകളും ദൈനം ദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മറ്റൊരു വൈതരണിയാണ്.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്ഷന് എന്നിവയുടെ 35 ശതമാനത്തിലധികവും സ്വകാര്യ എയിഡഡ് വിദ്യാഭ്യാസ മേഖലയിലേക്കാണ് ഒഴുകുന്നത്. യൂണിവേഴ്സിറ്റികളെപ്പോലെ ഇവയെ ഗ്രാന്റ് ഇന്‍ എയിഡ് സ്ഥാപനങ്ങളാക്കി മാറ്റുകയും പെന്ഷന് കേന്ദ്രസര്ക്കാറിലേതുപോലെ പങ്കാളിത്ത പെന്ഷനാക്കുകയും ചെയ്യാനുള്ള രാഷ്ട്രീയ ഇഛാശക്തികൈവരിയ്ക്കേണ്ടതുണ്ട്. ഇത് പോലെ നിരവധി വെല്ലുവിളികളും നേരിടേണ്ടതായിട്ടുണ്ട്. ഇവയെ ശക്തമായി നേരിടാതെ കേരളത്തില്‍ സ്ഥായിയായ ‘വികസനം സാധ്യമാകില്ല. തുടര്‍ന്ന് വരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചാലെ കേരളം വികസനത്തില്‍ മുന്നേറുകയുള്ളൂ.
ചുരുക്കത്തില്‍ ഒരു വികേന്ദ്രീകൃത സ്വാശ്രയ പങ്കാളിത്തത്തിലധിഷ്ഠിതമായ സുസ്ഥിരവികസന തന്ത്രത്തിനു വേണ്ട രാഷ്ട്രീയ സമവായമാണ് ആദ്യമുണ്ടാകേണ്ടത്. അതോടൊപ്പം തദ്ദേശഭരണസ്ഥാപനങ്ങളെ പ്രാദേശികവികസനകേന്ദ്രങ്ങളായി പുനസ്സംഘടിപ്പിക്കുകയും പങ്കാളിത്ത വികസനം ശക്തിപ്പെടുത്തുകയും വേണം. എല്ലാറ്റിലുമുപരി കേന്ദ്ര പദ്ധതികളെ പരമാവധി സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയും വേണം. എന്നാല്‍ മാത്രമെ കേരളത്തെ വികസന സംസ്ഥാനമായി ഉയര്‍ത്താന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: