കൊച്ചി: പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു തേടാന്‍ സിപിഎം-സിപിഐ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അംഗങ്ങള്‍ക്കും മടി. കാര്യങ്ങള്‍ ബോധ്യപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ‘സ്വതന്ത്രമാര്ക്കുള്ള’ ചിഹ്നം സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നു.
പാവങ്ങളുടെ രക്ഷയ്ക്കുള്ള പാര്‍ട്ടിയുടെ അടയാളമെന്ന് പാര്‍ട്ടി അനുഭാവികളും പുകഴ്ത്തിയിരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമാണ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ വിനയാകുന്നത്. ചിഹ്നം അക്രമവും അഴിമതിയും സര്‍വനാശവുമാണ് പ്രതീകമാക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.
സിപിഎമ്മിന്റെ ചിഹ്നവും സിപിഐയുടെ അരിവാള്‍ നെല്ക്കതിര് ചിഹ്നവും തമ്മിലുള്ള സാമ്യവും, മുന്നണിയില്‍ സിപിഎമ്മിനെ അന്ധമായി പിന്തുണച്ച് നില്‍ക്കുന്നതുമാണ് ആ പാര്‍ട്ടിയുടെ പ്രതിസന്ധി.
‘പണിയാളര്‍ക്കായ് പൊരുതുന്നോര്ക്കീ ചെങ്കൊടിയെന്നും തണലേകും’ എന്ന വയലാറിന്റെ വരികള്‍ പാടി നടന്ന പാര്‍ട്ടി ഇപ്പോള്‍ തന്ത്രപരമായി സ്വന്തം ചിഹ്നം ഒഴിവാക്കാനുള്ള ആസൂത്രണത്തിലാണ്.
തെരഞ്ഞെടുപ്പ് അടവുനയമെന്ന പേരില്‍, ‘സ്വതന്ത്ര സ്ഥാനാര്‍ഥികളായി’ സിപിഎം നേതാക്കളെ പോലും മറ്റു ചിഹ്നങ്ങളില്‍ മത്സരിപ്പിക്കാനാണ് പദ്ധതി. അത്ര ഉറപ്പുള്ള സീറ്റുകളില്‍ മാത്രമായിരിക്കും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നമാക്കുക.
സിപിഐയാണ് ഈ പ്രതിസന്ധിയില്‍ ഏറെ അകപ്പെട്ടിട്ടുള്ളത്. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് സ്ഥാനാര്‍ഥിയാകാന്‍ നിര്‍ദേശിച്ചയാളും പാര്‍ട്ടി ചിഹ്നമുണ്ടാക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പെടുത്തിയത് ഞെട്ടിച്ച സംഭവമായി.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള കടുത്ത വിയോജിപ്പ് കേരളത്തില്‍ വ്യാപകമായ കാലത്ത് എതിരാളികള്‍ പ്രചരിച്ച ‘അയ്യോ ഈ അരിവാള്‍ തല കൊയ്യാനാണേ, അയ്യോ ഈ ചുറ്റിക ചുറ്റിയ്ക്കാനാണേ, അയ്യോ ഈ നക്ഷത്രം നാശത്തിനാണേ’ എന്ന മുദ്രാവാക്യം പാര്‍ട്ടിക്കും ഇപ്പോള്‍ ബോധ്യപ്പെട്ട സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: