മക്കളേ,
സംസ്കൃതഭാഷ നമ്മുടെ അമ്മയാണ്. അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഷയാണ്. ഭാരതത്തിന്റെ സംസ്കാരത്തെയും സംസ്കൃതഭാഷയെയും വേര്‍തിരിക്കാനാവില്ല. വേദവും ഉപനിഷത്തും ഗീതയുമെല്ലാം ശരിയായി മനസ്സിലാക്കണമെങ്കില്‍ സംസ്കൃതം അറിയാതെ പറ്റില്ല. മന്ത്രങ്ങളുടെ അര്‍ഥം നന്നായി മനസ്സിലാക്കാന്‍ സംസ്കൃതത്തില്‍ത്തന്നെ അവ പഠിക്കണം. ശാസ്ര്തഗ്രന്ഥങ്ങളുടെ മറ്റു ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ വാങ്ങാന്‍ കിട്ടുമെന്നു പറഞ്ഞിട്ടു കാര്യമില്ല. തേന്‍ തേനായി കഴിച്ചാലേ അതിന്റെ മാധുര്യം നുണയാന്‍ കഴിയൂ. സംസ്കൃതപദങ്ങളുടെ ശരിയായ ഉച്ചാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ നമ്മള് ഒരു കാര്യം ശ്രദ്ധിക്കണം, സാധകര്‍ സംസ്കൃതം പഠിക്കുന്നത് പാണ്ഡിത്യം പ്രകടിപ്പിക്കാനാകരുത്. അതു നമ്മുടെ ശാസ്ര്തങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കണം. സംസ്കാരം വളര്‍ത്താന്‍വേണ്ടിയായിരിക്കണം. ഇതിനെല്ലാമുള്ള ഒരു മാധ്യമമായി സംസ്കൃതഭാഷയെ സ്വീകരിക്കാം. നല്ല സ്വാദുള്ള മാമ്പഴം ലഭ്യമാണെങ്കില്‍ അത് എവിടെകിട്ടുമെന്നു അന്വേഷിച്ചു കണ്ടുപിടിച്ച് അത് വാങ്ങിക്കഴിച്ച് ആസ്വദിക്കണം. അല്ലാതെ മാമ്പഴത്തിന്റെ പടം നോക്കിയിരുന്നിട്ടു കാര്യമില്ല. സംസ്കൃതം അറിഞ്ഞിരിക്കുന്നതു നല്ലതാണ്. പക്ഷെ, ജീവിതകാലം മുഴുവന്‍ വ്യാകരണം പഠിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്.
ഒരാള്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലുന്നു. ടൈംടേബിള്‍ നോക്കി തനിക്കു പോകേണ്ട വണ്ടി എപ്പോള്‍ വരും, എത്രയാണു ടിക്കറ്റുചാര്‍ജ് എന്നെല്ലാം മനസ്സിലാക്കിയാല്‍ പിന്നെ ടിക്കറ്റെടുത്തു ട്രെയിനില്‍ കയറുകയല്ലേ വേണ്ടത്. പണ്ഡിതന്മാരാണെന്നു പറയുന്ന ചിലര്‍ റെയില്‍വേ ടൈംടേബിള്‍ മുഴുവന്‍ കാണാതെ പഠിച്ചുകൊണ്ടിരിക്കുന്നവരെപ്പോലെയാണ്. ജീവിതലക്ഷ്യം അവര്‍ മറന്നുപോകുന്നു. ഒരു ചാക്കു പഞ്ചസാരയുണ്ട്. പഞ്ചസാര മധുരമാണെന്നറിയാന്‍ അതു മുഴുവനും തിന്നുനോക്കേണ്ട ആവശ്യമുണ്ടോ. വിശക്കുമ്പോള്‍ വിശപ്പുമാറ്റാന്‍ ആഹാരം കഴിക്കേണ്ടത് ആവശ്യമാണ്. എന്നുവച്ച് കലവറയിലുള്ള മുഴുവന്‍ സാധനവും ഭക്ഷിക്കണമെന്നില്ലല്ലോ. ചിലരുടെ രീതി അങ്ങനെയല്ല. മുഴുവനും തിന്നുനോക്കട്ടെ എന്നാണ്. അങ്ങനെ അവരുടെ ജന്മവും പാഴായിപ്പോകുന്നു.
നാലു വേദങ്ങളും ആറു ശാസ്ര്തങ്ങളുമെല്ലാം തപസ്വികളുടെ ഉള്ളില്‍നിന്നു വന്നതാണ്. തപസ്സിലൂടെ എല്ലാം തെളിയും. തപസ്സില്ലാത്തവന്‍ പത്തുദിവസംകൊണ്ടു പഠിക്കുന്ന കാര്യം തപസ്വിക്ക് ഒരുദിവസംകൊണ്ടു പഠിക്കാം. അതുകൊണ്ടു തപസ്സാണു മുഖ്യമായും വേണ്ടത്. സംസ്കൃതവും ശാസ്ര്തങ്ങളുമെല്ലാം മനസ്സിലാക്കിയിരിക്കണം. അതോടൊപ്പം അവയുടെ ശരിയായ പ്രയോജനമെന്തെന്നുള്ള ബോധം നിലനിര്‍ത്തുകയും വേണം. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്താണ്, അതിലേയ്ക്കുള്ള മാര്‍ഗമേതാണ് എന്നറിയാനായിരിക്കണം നമ്മള് പഠിക്കുന്നത്. ലക്ഷ്യവും മാര്‍ഗവും വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ ആ മാര്‍ഗ്ഗത്തിലൂടെ നീങ്ങാന്‍ ശ്രമിക്കുക. തത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. പാണ്ഡിത്യംകൊണ്ടുമാത്രം നമ്മള് എവിടെയും എത്തുകയില്ല.
ചിലര്‍ ക്ഷേത്രമുറ്റത്തിരുന്ന് ഗീതയും ഉപനിഷത്തുമെല്ലാം വായിക്കും. പക്ഷേ നിസ്സാരകാര്യങ്ങള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ദേഷ്യപ്പെടും. ആരോ പറഞ്ഞ തത്ത്വങ്ങള്‍ ടേപ്രിക്കോര്‍ഡറിനെപ്പോലെ ആവര്‍ത്തിക്കുന്നു എന്നല്ലാതെ അതൊന്നും ജീവിതത്തില്‍ പകര്‍ത്താന്‍ അവര്‍ക്കു കഴിയുന്നില്ല. പാണ്ഡിത്യമുണ്ടായിട്ടും സ്ഥിതി ഇതാണെങ്കില്‍ എന്തുപ്രയോജനം. സഹജീവികളോടു സ്നേഹം വരണം. കഷ്ടപ്പെടുന്നവരോടു കരുണ വരണം. അതില്ലെങ്കില്‍ നമ്മള് വെറും സ്വാര്‍ഥജീവികളായി മാറും. ഒരിക്കലും നമുക്ക് ഈശ്വരങ്കല്‍ എത്താന്‍ പറ്റില്ല.
ചില പണ്ഡിതന്മാരെ ശ്രദ്ധിച്ചാലറിയാം അവര്‍ക്കു പഠിപ്പേയുള്ളു; അനുഭവമില്ല. അതുകൊണ്ടെന്തുപറ്റി, തൊണ്ണൂറു വയസ്സുവരെ പഠിച്ചിട്ടും ദുഃഖമൊഴിഞ്ഞ സമയമില്ല. പഠിച്ചത് ഉരുവിട്ടു കാലം കഴിക്കുന്നു. ചിലര്‍ വെറുതെ വീട്ടില്‍ കുത്തിയിരിക്കുന്നു. ആവശ്യത്തിനുമാത്രം പഠിക്കണം. ഒപ്പം തപസ്സും വേണം. അങ്ങനെയായാല്‍ ആ ജ്ഞാനം തനിക്കും ലോകത്തിനും പ്രയോജനപ്പെടും. അതുകൊണ്ട്, ശാസ്ത്രം വ്യക്തമായി മനസ്സിലാക്കുന്നതിനോടൊപ്പം തപസ്സും വേണം. തപസ്സിലൂടെമാത്രമേ പഠിച്ചത് അനുഭവത്തില്‍ വരൂ, തനിക്കു ശാന്തി കിട്ടൂ. തപസ്സിലൂടെ നേടുന്ന ശക്തി ലോകത്തിനു സമര്‍പ്പിക്കുന്ന ഭാവംകൂടി വരണം. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും അറിയാതെ കഷ്ടപ്പെടുന്നവരെ ഉദ്ധരിക്കാന്‍ ശ്രമിക്കണം. അതിലൂടെ നമുക്കു മാത്രമല്ല ലോകത്തിനും പ്രയോജനം കിട്ടും. പൂര്‍ണനിഷ്കാമഭാവം വരണം. അപ്പോള്‍ മാത്രമാണ് നമ്മള് പൂര്‍ണരാകുന്നത്. ആത്മീയജീവിതത്തിന്റെ തുടക്കവും കാരുണ്യമാണ്; അതിന്റെ പൂര്‍ണതയും കാരുണ്യത്തിലാണ്. അതു നമ്മള് മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: