ഈയടുത്ത കാലത്തെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭകനായ യൂസഫ് അലി സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയേയും വളര്‍ച്ചാ ശ്രമങ്ങളെയും സ്പര്‍ശിക്കുന്ന ശ്രദ്ധേയമായ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ ഇനി ഏതെല്ലാം മേഖലകളിലാണ് വളര്‍ച്ചാ സാധ്യത കാണുന്നത് എന്ന എം.ജി.രാധാകൃഷ്ണന്റെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത് കേരളത്തിന് ഒരു മികച്ച വിദ്യാഭ്യാസ ഹബ് ആയി മാറുവാന്‍ പറ്റും. അതിനുള്ള മാനവവിഭവ ശേഷി നമുക്കുണ്ട്.
”പക്ഷെ യൂസഫ് അലിയെ വിട്ടേക്കൂ, ഞാന്‍ ഈ അരിയും ഗോതമ്പും ഒക്കെ വിറ്റു കഴിഞ്ഞോളാം. എനിക്ക് വിദ്യാഭ്യാസ കച്ചവടം ചെയ്യാന്‍ വന്ന ബൂര്‍ഷ്വാ മുതലാളി എന്നുള്ള പേര് കേള്‍ക്കാന്‍ താല്പര്യം ഇല്ല” എന്ന് ചിരിച്ചു കൊണ്ടുതന്നെ പറഞ്ഞു.
അദ്ദേഹത്തിന്റെ ഉത്തരം കേരളത്തോടുള്ള വ്യവസായികളുടെ പൊതുവെയുള്ള സമീപനമാണ് സൂചിപ്പിക്കുന്നത്. ഇതൊരു ഭരണകൂടത്തെ പറ്റിയോ ഒരു രാഷ്ട്രീയ മുന്നണിയെ പറ്റിയോ ഉള്ള അഭിപ്രായമൊന്നുമല്ല. പൊതുവെ നമ്മുടെസംസ്ഥാനത്തിന്റെ വികസന അജന്‍ഡയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തിലേക്കാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
വികസന നയത്തെക്കുറിച്ചുള്ള സമവായം ഇല്ലായ്മ. എന്തിനെയും ഏതിനെയും രാഷ്ട്രീയ കണ്ണടയിട്ടു മാത്രം കാണുന്ന പാരമ്പര്യം നമ്മുടെ സംസ്ഥാനത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. കേരള രാഷ്ട്രീയം ഈ പ്രവണതയ്ക്ക് അതീതമായി ഉയര്‍ന്നിട്ടില്ല എന്ന് മാത്രമല്ല, ഇവിടുത്തെ രാഷ്ട്രീയ സംവാദങ്ങളും, ഒരു പരിധി വരെ മാധ്യമങ്ങളും അങ്ങനെയുള്ള ഒരു പരിതസ്ഥിതിയെ പ്രോത്സാഹിപ്പിക്കാന്‍ കുറേ വര്‍ഷമായി ശ്രമിച്ചിട്ടുമുണ്ട്. അതിന്റെ ഭവിഷ്യത് സംസ്ഥാനത്തിന്റെ വികസനത്തെ മൊത്തത്തിലും തൊഴില്‍ സാധ്യതകളെയും ആഭ്യന്തര ഉത്പാദനത്തെ പ്രത്യേകിച്ചും പ്രതികൂലമായി ബാധിച്ചു.
”എതിര്‍ത്തുകൊണ്ട്” രാഷ്ടീയ ശ്രദ്ധ നേടുക, അല്ലെങ്കില്‍ നിഷേധാത്മക നിലപാടുകള്‍ മാത്രമെടുത്തു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്നത് ഒരു പൊതുമിനിമം പരിപാടിയായി മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പൊക്കെ അടുത്തിരിക്കുന്ന ഈ സമയത്തെ വിവാദങ്ങളെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി, കേരളത്തെ അതിന്റെ അന്തര്‍ലീന ശക്തിക്ക് അനുസൃതമായ ഒരു വളര്‍ച്ചാ പാതയിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ഈ പ്രവണതയാണ്. സംസ്ഥാനത്തിന്റെ തനതു കൂട്ടുമുന്നണി രാഷ്ട്രീയ പാരമ്പര്യം ഈ പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി എന്നുവേണം കരുതാന്‍.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ നഖ ശിഖാന്തം എതിര്‍ത്ത, വമ്പന്‍ പദ്ധതികള്‍ പോലും അധികാരത്തില്‍ വരുമ്പോള്‍ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുക, അതിന്റെ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുക. ഇത്തരം കാഴ്ചകള്‍ നാം എത്രയോ തവണ കണ്ടിരിക്കുന്നു. അത് അക്കമിട്ട് നിരത്താതെ തന്നെ കേരള ജനതയ്ക്കറിയാവുന്നതാണ്.
കേരളത്തിനകത്തു വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ പ്രഗത്ഭര്‍ പോലും അവരുടെ പുതിയ സംരംഭങ്ങള്‍ സംസ്ഥാനത്തിന് വെളിയില്‍ നടത്തുവാനാണ് ശ്രമിക്കുന്നത്. കേരള വികസനത്തില്‍ താല്പര്യമുള്ള എല്ലാവര്ക്കും ആശങ്കയുളവാക്കുന്ന സംഭവ വികാസമാണ്. അപ്പോള്‍, വികസനത്തിന് വേണ്ടിയെങ്കിലും സമവായത്തിന്റെ പാതയിലേക്ക് കേരള രാഷ്ട്രീയം ഉയരുവാന് എന്തൊക്കെയാണ് ചെയ്യേണ്ടത്? പ്രത്യേകിച്ചും മുന്നണി രാഷ്ട്രീയം മുഖമുദ്രയായി നില്ക്കുന്ന സാഹചര്യത്തില്‍? എട്ടോ പത്തോ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ മാത്രം ഒരു പൂര്‍ണ മന്ത്രിസഭാ രൂപീകരണം നടക്കുന്ന ഒരന്തരീക്ഷത്തില്‍ ? അതെപോലെ ഒരു പാര്‍ട്ടിയോ, ജനപ്രതിനിധിയോ, പഞ്ചായത്തോ വിചാരിച്ചാല്‍ പോലും വലിയ പദ്ധതികള്‍ക്ക് വരെ ഇടങ്കോലിടുവാന് സാധിക്കും എന്നിരിക്കെ?
മൂലധന നിക്ഷേപം കൂട്ടാന്‍ അഭിപ്രായ സമന്വയം ഉണ്ടായേ തീരൂ. സംസ്ഥാനത്ത് മൂലധന നിക്ഷേപം വര്‍ധിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകും. ഈ നിക്ഷേപങ്ങള്‍ ഏതൊക്കെ മേഖലയിലാവാം എന്നതിനെ കുറിച്ച് പോലും പരക്കെയുള്ള സമവായം ഇന്നില്ല. നമ്മുടെ സംസ്ഥാനത്ത് ഒരു സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എസ്ഡിസി) രൂപീകരിക്കേണ്ടതിന്റെ സമയം സമാഗതം ആയിരിക്കുന്നു. നിതി ആയോഗിന് മുമ്പുണ്ടായിരുന്ന ദേശീയ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ മാതൃകയില്‍. ഇത് സംസ്ഥാന നിയമസഭയുടെ, നിയമ നിര്‍മാണം മൂലം സ്ഥാപിച്ചെടുക്കാന്‍ പറ്റുന്ന ഒരു സംഘടന ആയിരിക്കും.
ഈ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളെ നമുക്ക് ഇങ്ങനെ സംക്ഷിപ്തമായി കാണാം.
1. രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനപ്രതിനിധി സഭകളുടെയും സഹകരണം വികസന പ്രവര്‍ത്തിനു വേണ്ടി ഉറപ്പാക്കുക.
2. പദ്ധതികളോ, പ്രൊജക്ടുകളോ സംസ്ഥാനത്തു നടപ്പാക്കുമ്പോള്‍ എല്ലാ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും അതില്‍ ഒരു ”സെന്‍സ് ഓഫ് പാര്‍ട്ടിസിപ്പേഷന്‍” ഉണ്ടാകുവാനുള്ള വിശാല വേദിയാകും ഈ കൗണ്‍സില്‍.
3. എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഈ വേദിയില്‍ തന്നെ അതിനുള്ള ചര്‍ച്ചകള്‍ നടത്തി പിന്നെയുള്ള വിവാദങ്ങള്‍ ഒഴിവാക്കുക
4. സമതുലിതമായ വികസനം ഉറപ്പാക്കാന്‍ വേണ്ട ചര്‍ച്ചയ്ക്കുള്ള ഒരു പൊതുവേദി
5. മുഖ്യമന്ത്രിയോടും മറ്റധികാരികളോടും വികസന അജണ്ടയെ അടിസ്ഥാനമാക്കി മാത്രം ചര്‍ച്ച ചെയ്യുവാനുള്ള ഒരു അവസരം ഒരുക്കും.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകള്‍ക്ക്, ഒരംഗത്തെ ഇതിലേക്ക് നോമിനേറ്റ് ചെയ്യാന്‍ സാധിക്കണം. മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്നും സംഖ്യ പരിമിതപ്പെടുത്തി നറുക്കെടുത്തു ഇതില്‍ പ്രാതിനിധ്യം കൊടുക്കാം. അതെപോലെ, സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഓരോ അംഗങ്ങളെ വീതം ഇതില്‍ നോമിനേറ്റ് ചെയ്യാം എന്ന വ്യവസ്ഥയും കൊണ്ടുവരാം. മുഖ്യമന്ത്രി ചെയര്മാന് ആയിട്ടുള്ള ഈ എസ്ഡിസിക്ക് പരമാവധി 70 അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവാം.
ഇതിന്റെ ഘടന, പ്രാധിനിധ്യം, രൂപം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളൂ. മേല്പറഞ്ഞതു ഒരു കരട് മാത്രം. വികസനോന്മുഖമായ പദ്ധതികളും പരിപാടികളും ഈ കൗണ്‍സിലിലെ ചര്‍ച്ചയ്ക്കു വിധേയമാക്കി സ്വീകരിക്കുകയാണെങ്കില്‍ സമവായത്തിന്റെ സ്വീകാര്യത ആ പദ്ധതികള്‍ക്കും തുടര്‍ നടപടികള്‍ക്കും ലഭിക്കും. കൂടാതെ കൗണ്‍സിലില്‍ വരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതികള്‍ക്ക് രൂപംകൊടുക്കുകയും ചെയ്യാം.
ഏറ്റവും താഴെക്കിടയിലുള്ള പഞ്ചായത്തുകളുടെ ശബ്ദവും പ്രാതിനിധ്യവും ഈ കൗണ്‍സിലിന്റെ മാറ്റുകൂട്ടും എന്നതായിരിക്കും ഇതിന്റെ പ്രത്യേകത. അതെപോലെ സാധാരണഗതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത ജനപ്രതിനിധകള്‍ക്കും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസന അജണ്ടയുടെ ഭാഗഭാക്കായി എന്ന തോന്നലും ഉണ്ടാവും. മൂന്ന് മാസത്തില്‍ ഒരിക്കലോ മറ്റോ ഈ കൗണ്‍സിലിന് കൂടാന്‍ സാധിച്ചാല്‍ സംസ്ഥാനം ഭരിക്കുന്നവര്‍ ആരായാലും, അവര്‍ക്കു വികസനത്തിന് വേണ്ടി സമവായവും, ഐക്യബോധവും, ഒരുമയും, അഭിപ്രായ സമന്വയവും സൃഷ്ടിക്കുവാനുള്ള വേദിയായി ഇത് മാറും.
വികേന്ദ്രീകൃത വികസനത്തിലും, വിദ്യാഭ്യാസം, ആതുര സേവനം എന്നീ മേഖലകളിലും നല്ല മുന്നേറ്റം ചരിത്രപരമായി നേടുവാന്‍ സാധിച്ചിട്ടില്ല. കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുവാന്‍ ഉപകരിക്കുന്ന ഒരു ആശയം ആയിരിക്കും എസ്ഡിസി. അതിന്റെ ഘടനയിലും നടത്തിപ്പിലും ഒക്കെ വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷം മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
ഇവിടെ അവതരിപ്പിച്ചത് രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം പിന്നാമ്പുറത്തേയ്ക്ക് മിക്കവാറും തള്ളപ്പെടുന്ന വികസന അജണ്ടയെ, ഒരു പാര്‍ട്ടിയുടേയോ അല്ലെങ്കില്‍ മുന്നണിയുടെയോ മാത്രം പരിപാടിയായി മാറ്റാതെ എല്ലാ രാഷ്ട്രീയ ധാരകളെയും ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് എങ്ങനെ മുന്നോട്ടു നീങ്ങാന്‍ സാധിക്കും എന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശം മാത്രം.
ഇതല്ലെങ്കില്‍ മറ്റേതെങ്കിലും മാതൃക ഉപയോഗിച്ച് വികസനത്തിന് ഒരു പൊതുസ്വീകാര്യത വരുത്തേണ്ട ആവശ്യം കേരളത്തിനുണ്ട്. കേരളത്തിന് പുറത്തുള്ള നിക്ഷേപകര്‍ പ്രത്യേകിച്ചും ഇങ്ങനെയുള്ള നവ ഉദ്യമങ്ങളെ സ്വാഗതം ചെയ്യും എന്നതിന് സംശയം ഇല്ല. കാരണം, അത്യധികം രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനം എന്നാണ് ഇന്ന് കേരളത്തെ കുറിച്ചുള്ള ധാരണ. വികസന നടപടികള്‍ പോലും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും പാര്‍ട്ടി ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി മാത്രം കാണുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക്.
പ്രധാന മന്ത്രി മുന്നോട്ടു വച്ച ആത്മ നിര്‍ഭര ഭാരതം എന്ന തത്വത്തോട് ഒത്തു നില്ക്കുന്ന സാമ്പത്തിക കാഴ്ചപ്പാട് തന്നെയാണ് കേരളത്തിലെ ഭരണകൂടങ്ങളും ഇന്ന് പറഞ്ഞു വരുന്നത്. ഒരു ഉപഭോഗ സംസ്ഥാനം എന്നതില്‍ നിന്നും ഉത്പാദന സേവന കാര്‍ഷിക മേഖലകളില്‍ സ്വയം പര്യാപ്തത എങ്ങനെ വരുത്താം എന്നതാണ് കേരളത്തിന്റെ ഇന്നത്തെ പ്രസക്തമായ വിഷയം. സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്ന ആശയം ഇതുമായി ഒത്തുപോവും എന്ന് മാത്രമല്ല കുറേക്കൂടി വിപുലീകൃതവും വിശാലവുമായ സമവായത്തിന് വേദി ഒരുക്കും
(ബാങ്കിങ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ലേഖകന്‍. അഭിപ്രായം വ്യക്തിപരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: