ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്കുന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാക്കുമെന്നു വിലയിരുത്തല്‍. മരംമുറി തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. 1964ലെ ചട്ട പ്രകാരം പതിച്ച് നല്കിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ളവയാണ് മുറിക്കാന്‍ പുതിയ ഉത്തരവു പ്രകാരം അനുമതി. അപകടകരമായ സാഹചര്യത്തില്‍ നില്ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.
പുതിയ ഉത്തരവു പ്രകാരം സ്വയം കിളിര്‍ത്ത് വന്നവയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ എല്ലാം മരങ്ങളും മുറിക്കാനാകും. ഇതിന് പ്രത്യേകിച്ച് ആരുടേയും അനുമതി വേണ്ടെന്നും ഇത് തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവുകള്‍ പാസാക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്താല്‍ ഗുരുതര കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥനെതിരെ നടപടി സ്വികരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കേരളം പോലുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുകയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്മാന് ജോണ്‍ പെരുവന്താനം ജന്മഭൂമിയോട് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങള്‍ കണ്മുന്നിലുണ്ടായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. പരിസ്ഥിതി സാക്ഷരതയില്ലാത്തവര്‍ നാടിന്റെ ഭരണാധികാരികളായാല്‍ നാടിനുണ്ടാകുന്ന വലിയ ദുരന്തമാണ് ഈ ഉത്തരവെന്നും അദ്ദേഹം.
ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ദൂരവ്യാപക പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം ഇത് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയാകും. വലിയ വരള്‍ച്ചയുണ്ടായി കൃഷി തന്നെ ചെയ്യാനാവാത്ത അവസ്ഥയാകും. ഇവയൊന്നും കര്‍ഷകരെ സഹായിക്കാനോ കര്‍ഷക സ്നേഹമോ ആണെന്ന് വിശ്വസിക്കാനാകില്ലെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.
ഇടുക്കി, വയനാട് ജില്ലകളില്‍ നിലവില്‍ എസ്റ്റേറ്റിലെ മരം മുറിയുടെ മറവില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ച് കടത്തുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഇതിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് മരങ്ങളാകും ഇനി മുറിച്ചു കടത്തുക. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ദൂരവ്യാപകമായി എല്ലാ ജനതയേയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം. അതേസമയം വന്‍തോതില്‍ മരം മുറി നടക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ഇത്തരം തീരുമാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: