കേരളീയ ഗൃഹസങ്കല്‍പ്പങ്ങളുടെ ഗൃഹാതുരതകളാണ് നടുമുറ്റം, ദാരുനിര്‍മിതങ്ങളായ നീളന്‍ വരാന്തകള്‍, തുളസിത്തറ എന്നിവ. പ്രാചീന വാസ്തു ഗ്രന്ഥ പരാമര്‍ശങ്ങളില്‍ ഇതിനു മല്ലീകുട്ടിമം എന്ന നാമത്തില്‍ മുല്ലത്തറയായിട്ടും സങ്കല്‍പ്പം കാണുന്നുണ്ട്. പില്‍ക്കാലത്ത് തുളസിത്തറയായും പരിണാമമായി.
അങ്കണമധ്യ സൂത്രം, ഗൃഹമധ്യ സൂത്രം, കര്‍ണസൂത്രം, രജ്ജു സൂത്രം എന്നിവയ്‌ക്ക് വേധം വരാത്ത വിധം അങ്കണ മധ്യത്തിലാണ് തുളസി അല്ലെങ്കില്‍ മുല്ലത്തറ ചെയ്ത് വരാറുള്ളത്. നാലുകെട്ടുകളുടെ നാലു ശാലകള്‍ക്കിടയില്‍ പാദുകപ്പുറത്തു വരുന്ന ഗൃഹമണ്ഡല ഭാഗത്തെ മധ്യാങ്കണം അഥവാ പ്രാങ്കണം എന്നും ഗൃഹ വേദികയ്‌ക്ക് പുറത്തു വരുന്നതിന് ബാഹ്യാങ്കണം എന്നുമാണ് സംജ്ഞകള്‍. അങ്കണം എന്നതിനു മുറ്റം എന്നാണ് അര്‍ഥം.
പ്രാങ്കണവിധികള്‍ മുന്‍പേ പറയപ്പെട്ടവയാല്‍ സുവ്യക്തമായതല്ലോ. തെക്ക്വടക്ക് ദിശയില്‍ ഗുണാംശ വിസ്താരവിധിയനുസരിച്ച് നിയതമായ ആയാമത്തോട് കൂടിയ ദീര്‍ഘചതുരാകൃതിയിലുള്ളവയാകണം നടുമുറ്റങ്ങള്‍. അതല്ലെങ്കില്‍ 1,2,4,8,9,12,16 അംഗുലം കൊണ്ടും ആയാമം നല്‍കാം. കിഴക്ക് പടിഞ്ഞാറ് ആയാമം നല്‍കുന്നത് ഉത്തമമല്ല. എന്നാല്‍ സമചതുരമായ നടുമുറ്റവിധിയുണ്ട്.
നടുമുറ്റത്തിന്റെ വടക്കുകിഴക്കേ ഭാഗത്താണ് മുല്ലത്തറയ്‌ക്ക് സ്ഥാനം. നടുമുറ്റത്തല്ലെങ്കിലും മുല്ലത്തറ ഗൃഹത്തിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടത്. നടുമുറ്റത്തിന്റ വീതിയില്‍ നിന്നും അധികമുള്ള ദീര്‍ഘത്തില്‍ പകുതി വടക്കും തെക്കും നീക്കി മധ്യത്തിലുള്ള ചതുരം 8ഃ8 അറുപത്തിനാല് പദമുള്ള വാസ്തു മണ്ഡലമായി വിഭജിച്ച് മധ്യഭാഗത്തെ ആവൃതിയില്‍ ആപന്‍, ആപവത്സന്‍ എന്നീ ദേവന്മാരുടെ പദത്തിലാണ് മുല്ലത്തറയുടെ സ്ഥാനം. ആപന്റെ ഇടത്തെ, വടക്ക് പദത്തിലും ആപവത്സന്റെ വലത്തേ, തെക്ക് പദത്തിലും മധ്യത്തിലാണ് തുളസിത്തറക്ക് സ്ഥാനം കല്‍പ്പിക്കേണ്ടത്. അതായത് അങ്കണത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്നും വടക്കുകിഴക്കേ മൂലയിലേക്കുള്ള സൂത്രത്തിനു വേധം വരാത്ത വിധം വേണം എന്ന് സാരം.
ഏകശാലാ ഗൃഹങ്ങള്‍ക്കും ബാഹ്യാങ്കണത്തെ ഇപ്രകാരം ക്രമപ്പെടുത്തിയാണ് സ്ഥാനം കാണുന്നത്. തുളസിത്തറയുടെ സ്ഥാനം അറിയാതെ പ്രധാന വാതിലിനു നേര്‍ക്ക് വയ്‌ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഇത് പ്രധാന വാതിലിനു ദ്വാരവേധദോഷം ഉണ്ടാക്കുന്നതാണ്. തറ ഉയരം കുറഞ്ഞ വീടുകള്‍ക്ക് അതിന്മേല്‍ ഉയരം കൂടിയ തുളസിത്തറകളും സ്വീകാര്യമല്ല .
തുളസിത്തറയുടെ ഉയരം, ചുറ്റ് എന്നിവക്ക് ധ്വജയോനി അളവുകളാണ് നല്‍കേണ്ടത്. വൃത്താകൃതിയിലും സമചതുരശ്രമായും എട്ടോ പതിനാറോ പട്ടമായും നിര്‍മിക്കാവുന്നതാണ്. ഉപപീഠം, ജഗതി, കുമുദം തുടങ്ങിയ അടുക്കുകളാല്‍ ചേര്‍ന്നുമാകാം.അധിഷ്ഠാനപ്പൊക്കത്തോട് സമമായോ, ആറു മുതല്‍ പതിനൊന്നു വരെ ഭാഗിച്ചു ഒരു ഭാഗം ഉയരം കുറച്ചും ചെയ്യാവുന്നതാണ്. തുളസിത്തറയുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതിന്റെ ഉയരം വീടിന്റെ തറയുടെ ഉയരത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നതാണ്.
ഗൃഹത്തിന്റെ വടക്കുകിഴക്കേ മുറ്റത്ത് നിര്‍മിക്കുന്ന തുളസിത്തറ (മുല്ലത്തറ)യ്‌ക്ക് വിളക്കു വെച്ച് പ്രദക്ഷിണം വെക്കാന്‍ പാകത്തില്‍ നാലുവശവും സ്ഥലസൗകര്യമൊരുക്കേണ്ടതാണ്. അതായത് ഭൂമിയുടെ അതിര്‍ത്തി ചേര്‍ത്ത് നിര്‍മിക്കാന്‍ പാടില്ലെന്നര്‍ഥം. മറ്റു നിര്‍മാണങ്ങളാല്‍ ഞെരുങ്ങി പോകുകയുമരുത്. തറയുടെ കിഴക്കും പടിഞ്ഞാറും വിളക്ക് വയ്‌ക്കാനുള്ള ഇടങ്ങളും കല്‍പിക്കേണ്ടതാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക