ശ്ലോകം 252
നിദ്രാകല്പ്പിതദേശകാലവിഷയ ജ്ഞാത്രാദി സര്‍വം യഥാ
മിഥ്യാ തദ്വദിഹാപി ജാഗ്രതി ജഗത് സ്വാജ്ഞാനകാര്യത്വതഃ
യസ്മാദേവമിദം ശരീരകരണ പ്രാണാഹമാദ്യപ്യസത്
തസ്മാത് തത്ത്വമസി പ്രശാന്തമമലം ബ്രഹ്മാദ്വയം യത്പരം
സ്വപ്നത്തില്‍ കാണുന്ന ദേശം, കാലം, വിഷയം, അറിയുന്നയാള്‍ എന്നിവയൊക്കെ മിഥ്യയാണ്. അതുപോലെ ജാഗ്രദവസ്ഥയിലും അജ്ഞാനജന്യമായതിനാല്‍ അതും മിഥ്യയാണ്. ശരീരങ്ങളും പ്രാണങ്ങളും കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനും സത്യമല്ല. പ്രശാന്തവും അമലവും അദ്വയവുമായ പരബ്രഹ്മം തന്നെയാണ് നീ.
സ്വപ്ന പ്രപഞ്ചത്തിലെ എല്ലാം വാസ്തവത്തില്‍ ഇല്ലാത്തതാണ്. പക്ഷേ സ്വപ്നം കാണുമ്പോള്‍ ഇവയൊക്കെ ഉള്ളതുപോലെ തോന്നും. കാലം, ദേശം, വസ്തുക്കള്‍, ഇവയെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഭോക്താവായ ജീവന് എന്നിവയെല്ലാം ശരിക്കും ഉള്ളതാണെന്ന് സ്വപ്ന സമയത്ത് തോന്നാറുണ്ട്. എന്നാല്‍ ഉണരുമ്പോള്‍ ഇതൊന്നും വാസ്തവമല്ലെന്ന് ബോധ്യമാകും.
സ്വപ്നാഭിമാനിയും സ്വപ്ന ലോകവും സ്വപ്നകരണങ്ങളും സ്വപ്നാനുഭവങ്ങളുമെല്ലാം മിഥ്യയാണെന്ന് ജാഗ്രത്തിലേക്ക് കടക്കുമ്പോള്‍ അറിയാം. അപ്പോള്‍ സ്വപ്നലോകം ഇല്ലാതാകും. സ്വപ്നലോകം പോലെ ജാഗ്രദവസ്ഥയും മിഥ്യയാണ്. ജാഗ്രത്തിനെ വിസ്മരിക്കുമ്പോള്‍ സ്വപ്നലോകം ഉണ്ടാകും.
ആത്മജ്ഞാനമില്ലായ്മ എന്ന അജ്ഞാനത്തിന്റെ സൃഷ്ടിയാണ് ജാഗ്രദവസ്ഥ. ആത്മജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജാഗ്രദവസ്ഥ സത്യമെന്ന് നമുക്ക് തോന്നുന്നത്. സ്വപ്ന ലോകം പോലെ തന്നെയാണ് ജാഗ്രത്തിലും. യാഥാര്‍ഥ്യത്തിലേക്ക് അഥവാ തുരീയാവസ്ഥയിലേക്ക് ഉണര്‍ന്നാല്‍ പിന്നെ ജാഗ്രത്തും സ്വപ്നം പോലെ മിഥ്യയാണ്.
സ്വസ്വരൂപത്തെ ആവരണം ചെയ്യുന്ന മൂലജ്ഞാനത്തില് നിന്നും ഉണ്ടായതാണിത്.ജഗത്ത് മിഥ്യയായതിനാല്‍ മുമ്പ് ആത്മാവെന്ന് അഭിമാനിച്ചിരുന്ന ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം മുതലായവയും മിഥ്യയാണ്. ഇവയൊന്നും. വാസ്തവത്തില്‍ ഇല്ലാത്തതാണ് എന്നറിയണം. സ്വപ്നത്തിലെ പോലെ ജാഗ്രത്തിലെ വസ്തുക്കളും ദൃഷ്ടനഷ്ട സ്വഭാവമുള്ളവയാണ്. കണ്ട് മറഞ്ഞ് പോകുന്ന ഇവയ്ക്കൊന്നും ഉണ്മയേയില്ല. അവ അജ്ഞാനത്തില്‍ നിന്ന് ഉണ്ടായവയാണ്. ശരീരം മുതലായവയിലെ അഭിമാനവും മിഥ്യ തന്നെ.
ആത്മസാക്ഷാത്കാരം നേടുമ്പോള്‍ അവ അപ്രത്യക്ഷമാകും. അവയ്ക്കൊക്കെ അപ്പുറമുള്ള ഉപാധികളൊന്നുമില്ലാത്ത പരിശുദ്ധവും അദ്വയവുമായ പരം ബ്രഹ്മമാണ് ഞാന്‍. അത് നീ ആകുന്നു എന്ന തത്ത്വമസി വാക്യത്തിലൂടെ ഇതാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: