മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ച് വീമ്പിളക്കിക്കൊണ്ടിരുന്നതിന്റെ പൊള്ളത്തരമാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ചും, സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലെ അഴിമതിയെക്കുറിച്ചുമുള്ള അന്വേഷണം മുഖ്യമന്ത്രിയിലേക്ക് അടുത്തുവരികയാണ്. നിലവില്‍ ഏറ്റെടുത്ത കേസില്‍ വിലക്ക് ബാധകമാവില്ലെങ്കിലും കൂടുതല്‍ ഇടപെടലുകള്‍ ഒഴിവാക്കാനാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസില്‍ പ്രതിയായിരിക്കുന്നത് അയാളുടെ മാത്രം കുറ്റമാണെന്നും, ലൈഫ് പദ്ധതിയില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍തന്നെ അതില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമുള്ള വാദങ്ങള്‍ വിലപ്പോവില്ലെന്ന് ഇതിനകം അന്വേഷണ ഏജന്‍സികള്‍ തെളിയിച്ചു കഴിഞ്ഞു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ആവശ്യപ്പെട്ടതോടെ തന്റെ നില പരുങ്ങലിലാവുകയാണെന്ന് പിണറായി വിജയന് തിരിച്ചറിയുന്നു. ‘സിഎം’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രവീന്ദ്രന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വശക്തനാണെന്നും, സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്നയുമായി ഈ ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നതാണ് തിടുക്കത്തില്‍ സിബിഐയുടെ വഴിമുടക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് തന്റെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അടുത്ത ദിവസംവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള അടവായിരുന്നുവെന്ന് സിബിഐയുടെ വഴിമുടക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യക്തമാവുന്നു. അന്വേഷണത്തോട് സഹകരിക്കുന്നതായി നടിച്ച് തെളിവുകള്‍ നശിപ്പിക്കാനും, അതുവഴി പ്രതികളെ രക്ഷപ്പെടുത്താനുമാണ് പിണറായി ലക്ഷ്യമിട്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍തന്നെ അന്വേഷണത്തിന് എതിരല്ല എന്നു പറഞ്ഞുകൊണ്ടിരിക്കുക. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ എവിടെവരെ എത്തുന്നു എന്നാണ് മുഖ്യമന്ത്രി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ലൈഫ് അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ ദിശ തന്നിലേക്ക് തിരിയുന്നു എന്നു മനസ്സിലാക്കി വിജിലന്‍സിനെ രംഗത്തിറക്കി ഫയലുകള്‍ പിടിച്ചെടുത്തു. സിബിഐക്കെതിരായ കേസില്‍ ഹൈക്കോടതി അന്തിമവിധി പറയാനിരിക്കെയാണ് ശിവശങ്കറിനെയും വിജിലന്‍സ് ഇപ്പോള്‍ ലൈഫ് അഴിമതി കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. ഈ കേസില്‍ ശിവശങ്കറിനെ സിബിഐക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാവുമെന്നു കണ്ടാണ് വിജിലന്‍സ് ഏറ്റെടുത്തത്. ലൈഫിലെ അഴിമതിയില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ഒരു ഘട്ടം വരെ പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് ശിവശങ്കര്‍ പ്രതിയായതിലൂടെ വ്യക്തമാവുന്നതൊന്നും മുഖ്യമന്ത്രിക്ക് പ്രശ്നമല്ല. സ്വന്തം തടി രക്ഷിക്കലാണല്ലോ ഏറ്റവും പ്രധാനം.
പൊതു സമ്മതപത്രം അനുസരിച്ചാണ് സിബിഐ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശരിയാണ്. പക്ഷേ സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ സിബിഐ അന്വേഷണം തടയാനാവില്ല. ഹൈക്കോടതികളുടെയോ സുപ്രീംകോടതിയുടെയോ അനുവാദത്തോടെ സിബിഐക്ക് ഏതു കേസും അന്വേഷിക്കാം. മാത്രമല്ല നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് വിലക്ക് ബാധകമാവുകയുമില്ല. പിണറായി സര്‍ക്കാരിനും ഇതറിയാം. ഒരു പ്രത്യേക കേസില്‍ അന്വേഷണത്തിനായി കോടതികളില്‍നിന്ന് സിബിഐക്ക് അനുമതി നേടാന്‍ കാലതാമസമെടുക്കാം. ഈ സാവകാശമുപയോഗിച്ച് അന്വേഷിക്കാന്‍ പോകുന്ന കേസിന്റെ തെളിവുകള്‍ പരമാവധി നശിപ്പിക്കാനാവും. ലൈഫ് പദ്ധതിയില്‍ മാത്രമല്ല, പിണറായി സര്‍ക്കാരിന്റെ മറ്റ് പല പദ്ധതികളിലും അഴിമതി നടന്നിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊന്നും സാധാരണ രീതിയിലുള്ള അഴിമതികളുമല്ല. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുള്‍പ്പെടെ നടന്നിട്ടുള്ള രാജ്യാന്തര ഇടപാടുകളാണ്. ഈ പദ്ധതികളും സിബിഐ അന്വേഷിക്കുമെന്ന് പിണറായി സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത് തടയാനാണ് സിബിഐക്ക് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള പദ്ധതികളിലെല്ലാം അത് നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും. അന്വേഷണം ഇവിടംവരെ എത്തരുത്. ഇതിനാണ് അധികാര ദുരുപയോഗത്തിലൂടെ സിബിഐയെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: