പാരീസ്: സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ കരിയറില്‍ ആയിരം വിജയങ്ങള്‍ തികച്ചു. റോളക്സ് പാരീസ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നാട്ടുകാരനായ ഫെലിസിയാനോ ലോപ്പസിനെ പരാജയപ്പെടുത്തിയാണ് ആയിരം വിജയങ്ങള്‍ തികച്ചത്. ഓപ്പണ്‍ കാലഘട്ടത്തില്‍ ഈ നാഴികകല്ല് പിന്നിടുന്ന നാലാമത്തെ താരമാണ്. ലോക രണ്ടാം നമ്പറായ നദാല്‍ 4-6,7-6,6-4 എന്ന സ്കോറിനാണ് ലോപ്പസിനെ പരാജയപ്പെടുത്തിയത്.
ജിമ്മി കോണേഴ്സ് (1274), റോജര്‍ ഫെഡറര്‍ (1242), ഇവാന് ലെന്‍ഡല്‍ (1068) എന്നിവരാണ് നദാലിന് മുമ്പ് ഓപ്പണ്‍ കാലഘട്ടത്തില്‍ ആയിരം വിജയങ്ങള്‍ നേടിയ താരങ്ങള്‍. 1968 ലാണ് ഓപ്പണ്‍ കാലഘട്ടം തുടങ്ങിയത്.
2002 മേയില്‍ പതിനഞ്ചാം വയസിലാണ് നദാല്‍ ആദ്യ വിജയം നേടിയത്. പരാഗ്വെയുടെ റാമോണ്‍ ഡെല്ഗാഡോയ്ക്കെതിരെയായിരുന്നു ആദ്യ വിജയം. പതിനാറാം വയസില്‍ മൊണ്ടി കാര്‍ലോ മാസ്റ്റേഴസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍, ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ആല്‍ബര്‍ട്ട് കോസ്റ്റയെ അട്ടിമറിച്ചു. ഇരുപത്തിനാലാം വയസില്‍ അഞ്ഞൂറു വിജയങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കി. കരിയറില്‍ 35 മാസ്റ്റേഴ്സ് കിരീടങ്ങളും 86 ടൂര്‍ണമെന്റ് വിജയങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: