ചീരാല്‍: പടിഞ്ഞാറത്തറയില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തമിഴ്നാട് അതിര്‍ത്തികളില്‍ സായുധസേനയെ ഉപയോഗിച്ചാണ് സുരക്ഷാ ശക്തമാക്കിയിരിക്കുന്നത്. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തമിഴ്നാട് തേനി സ്വദേശി വേല്മുരുകന് കൊല്ലപ്പെടുകയും, അഞ്ചുപേര്‍ രക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
രക്ഷപ്പെട്ട ഒരാള്‍ക്ക് പരിക്കുകള്‍ ഉള്ളതിനാല്‍ ഇവര്‍ റോഡ് മാര്‍ഗം കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്നാട് പോലീസ്.ഈ സാഹചര്യത്തിലാണ് അതിര്‍ത്തികളായ നമ്പ്യാര്‍കുന്ന്, താളൂര്‍, പാട്ടവയല്‍, ചോലാടി തുടങ്ങിയ പ്രദേശങ്ങളില്തമിഴ്നാട് സായുധസേനയെ നിയോഗിച്ചിരിക്കുന്നത്. തമിഴ്നാടന്‍ വനമേഖലകളില്‍ എന്‍എഫ്ടിയും എസ്ടിഎഫും സംയുക്തമായി പരിശോധനയും നടത്തുന്നുണ്ട്. പരിക്കേറ്റയാളുടെ വിവരങ്ങള്‍ ഇതുവരെലഭിച്ചിട്ടില്ല. ഇവര്‍ സംഘമായി തമിഴ്നാടന്‍ അതിര്‍ത്തിയിലൂടെയോ, വനത്തിലൂടെയോ കടക്കാനുള്ള ശ്രമത്തെ തടയാനാണ് ഇവരുടെ ലക്ഷ്യം, കൂടാതെ രാത്രികാലങ്ങളില്‍ പ്രത്യേക സംഘം പട്രോളിങ്ങും നടത്തുന്നുണ്ട്. വനപ്രദേശങ്ങളോട് ചേര്‍ന്ന പോലീസ് സ്റ്റേഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: