പതിവുപോലെ, സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും, മയക്കുമരുന്നു കടത്തുകേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റക്കാരല്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നു. തെറ്റുകാരല്ലാത്തതിനാല്‍ ഇരുവരും രാജിവയ്ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.
പതിവുപോലെ എന്നു പറയാന്‍ കാരണമുണ്ട്. പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസിന്റെ അനുഭവം. നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവ്ലിന് അഴിമതി നടന്നതെങ്കിലും പിണറായി പ്രതിയായത് പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ്. രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തി പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അത് വേണ്ടെന്നാണ് അന്ന് സിപിഎം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിലപാടെടുത്തത്. ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പിണറായിയെ പൂര്‍ണമായും ന്യായീകരിച്ച് രംഗത്തുവരികയുമുണ്ടായി.
പിണറായി മുഖ്യമന്ത്രിയായ ഒഴിവിലാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിയായത്. മകന് കള്ളപ്പണക്കേസില്‍ പ്രതിയായതില്‍ അച്ഛന് കുറ്റക്കാരനല്ലാത്തതിനാല്‍ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ലാവ്ലിന് കേസില്‍ പിണറായിയെ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനത്തിന്റെ തനിയാവര്‍ത്തനമാണ്. കാരാട്ട് മാറി സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായെങ്കിലും പാര്‍ട്ടിക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്നര്‍ത്ഥം. പാര്‍ട്ടിയില്‍ കാരാട്ടും യെച്ചൂരിയും രണ്ട് ചേരികളിലാണെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇരുവര്‍ക്കും പ്രത്യയശാസ്ത്ര ഭിന്നതകളൊന്നുമില്ല.
ലാവ്ലിന് കേസില്‍ പിണറായി അഴിമതി നടത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ക്കൊക്കെ വ്യക്തമായതാണ്. ഈ കേസിലെ അഴിമതിക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയത് സിപിഎമ്മിന്റെ സ്ഥാപകനേതാവുകുടിയായ വി.എസ്. അച്യുതാനന്ദനായിരുന്നല്ലോ. ഇതിനായി വിഎസ് നടത്തിയ നിയമ യുദ്ധം ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ പിണറായിയെ സിപിഎം രക്ഷിക്കുക തന്നെ ചെയ്തു. എന്താണിതിന്റെ കാരണമെന്നും ഏറെക്കുറെ വ്യക്തമായതാണ്. കോഴപ്പണത്തിന്റെ പങ്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിനും കിട്ടിയിരുന്നു. ലാവ്ലിന് അഴിമതി അരങ്ങേറുന്ന കാലത്ത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. ആരോപണ ശരങ്ങള്‍ സുര്‍ജിത്തിന്റെ ബിസിനസ്സുകാരായ മക്കളിലേക്കും നീണ്ടു. പാര്‍ട്ടി നേതാവ് എന്നതിനെക്കാള്‍ സുര്‍ജിതിന്റെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറിയായ കാരാട്ടിന് ആ കടപ്പാടുമുണ്ടായിരുന്നു.
നേതാക്കളുടെ പഞ്ചനക്ഷത്ര ജീവിത ശൈലി നിലനിര്‍ത്താന്‍ പാര്‍ട്ടിയംഗങ്ങളില്‍നിന്ന് പിരിക്കുന്ന ലെവികൊണ്ട് മതിയാവില്ലെന്നിരിക്കെ ഭരണാധികാരവും സ്വാധീനവുമുള്ളിടത്തുനിന്ന് അഴിമതികളിലൂടെ ലഭിക്കുന്ന മൂലധനം അതിനാവശ്യമാണ്. എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം സിപിഎമ്മില്‍ അംഗീകരിക്കപ്പെട്ട തത്വമാണിത്. ഇക്കാരണത്താലാണ് ലാവ്ലിന് കേസിലൂടെ അഴിമതിയുടെ പ്രോലിറ്റേറിയന്‍ പ്രതിരൂപമായ പിണറായി വിജയന് അഴിമതി വിരുദ്ധനായ വിഎസിനെക്കാള്‍ സിപിഎമ്മിന് സ്വീകാര്യനായതും, മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെട്ടതും.
അഴിമതിക്കാരനാണെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും പിണറായി വിജയനെ സംരക്ഷിക്കുന്നതുപോലെ കോടിയേരി ബാലകൃഷ്ണനെയും സംരക്ഷിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വം ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ പുറത്താക്കിയ ആളാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെന്നും, അയാള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരവാദിയല്ലെന്നും കേന്ദ്ര കമ്മിറ്റി നിലപാടെടുക്കുന്നത് ജനങ്ങളുടെ സാമാന്യ ബോധത്തെ പരിഹസിക്കലാണ്. പക്ഷേ ഇങ്ങനെ ചെയ്യാതിരിക്കാന്‍ പാര്‍ട്ടിക്ക് നിര്‍വാഹമില്ല.
ശിവശങ്കറിനെതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്ന എല്ലാ അഴിമതിയാരോപണങ്ങളും മുഖ്യമന്ത്രിക്കെതിരെയുമുള്ളതാണ്. രണ്ടുപേര്‍ ഒരേ തെറ്റ് ചെയ്താല്‍ ഒരാള്‍ കുറ്റക്കാരനും മറ്റെയാള്‍ നിരപരാധിയുമാവില്ലല്ലോ. പിണറായിക്ക് പങ്കുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും, അന്വേഷണ ഏജന്‍സികള്‍ സംശയിക്കുകയും ചെയ്യുന്ന സ്വര്‍ണ കള്ളക്കടത്തു വഴി വ്യക്തികള്‍ നേട്ടമുണ്ടാക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. പാര്‍ട്ടി ഫണ്ടിലേക്കും അതിന്റെ വിഹിതം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നുവേണം കരുതാന്‍. പിണറായി പിടിക്കപ്പെട്ടാല്‍ ഈ രഹസ്യം വെളിപ്പെടും. ഇത് പാര്‍ട്ടിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലുമുള്ള പല നേതാക്കളുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടിയേരി ബാലകൃഷ്ണനെ സിപിഎം സംരക്ഷിക്കുന്നത്. പാര്‍ട്ടി അംഗമല്ലാത്ത ബിനീഷിന്റെ ചെയ്തികള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും, മകന് തെറ്റു ചെയ്താല്‍ അച്ഛന് കുറ്റക്കാരനാവില്ലെന്നുമൊക്കെയുള്ള ന്യായവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രമേ വിലപ്പോവുകയുള്ളൂ. സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങള്‍ സംഘടിതവും ആസൂത്രിതവുമായ പ്രചാരവേലയിലൂടെ അങ്ങനെയല്ലെന്ന് സ്ഥാപിച്ചെടുക്കുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സഹജമാണ്. കോടിയേരിയെ വെള്ളപൂശാന്‍ സിപിഎമ്മും ആ രീതിയാണ് അവലംബിക്കുന്നത്.
കോടിയേരിയുടെ മക്കള്‍ സാമ്പത്തികസാമ്രാജ്യംപടുത്തുയര്ത്തിയത് അച്ഛന്റെ രാഷ്ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ചാണെന്നത് അനിഷേധ്യമായ സത്യമാണ്. ഇതിന് വഴിയൊരുക്കിയതും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായി നിന്നതും കോടിയേരി തന്നെയാണ്. ഈ അച്ഛനെയും മക്കളെയും അറിയാവുന്ന ആര്‍ക്കും മനസ്സിലാവുന്ന ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിനും നന്നായി അറിയാം. ജീര്‍ണിച്ച സാമൂഹ്യ വ്യവസ്ഥയില്‍ കഴിയേണ്ടി വരുമ്പോള്‍ അതിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് തെറ്റുകളിലേക്ക് വഴുതിവീണതല്ല ഈ മക്കള്‍. നിയമവിരുദ്ധമായ ചെയ്തികളിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗം അവര്‍ ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. പാര്‍ട്ടി നേതാവും എംഎല്‍എയും മന്ത്രിയുമൊക്കെയായുള്ള അച്ഛന്റെ വളര്‍ച്ചയ്ക്ക് ആനുപാതികമായാണ് മക്കളുടെ ബിസിനസ്സ് പുരോഗമിച്ചതും.
നേതാക്കള്‍ക്കെതിരെ പലതരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടി പരിശോധിക്കും എന്നാണ് സിപിഎം പറയാറുള്ളത്. പിണറായി ലാവ്ലിന് കേസില്‍ പ്രതിയായപ്പോഴും ഇങ്ങനെയൊരു പ്രഖ്യാപനമുണ്ടായെങ്കിലും പരിശോധന നടന്നില്ല. ഇത്തരമൊരു പരിശോധന കോടിയേരിയുടെ മക്കളുടെ കാര്യത്തിലും സാധ്യമല്ല. കാരണം അത് അച്ഛനിലേക്കെത്തും. ‘ഒറിജിനല്‍ സിന്’ അതായത് യഥാര്‍ത്ഥ കുറ്റം ചെയ്തത് കോടിയേരി തന്നെയാണ്.
തന്റെ മക്കള്‍ എത്ര വലിയ കുറ്റം ചെയ്തിട്ടുള്ളവരാണെങ്കിലും പാര്‍ട്ടിയില്‍ സംരക്ഷിക്കപ്പെടുമെന്ന് കോടിയേരിക്ക് ഉറപ്പാണ്. കുറ്റം ചെയ്തിട്ടുള്ളത് അവര്‍ മാത്രമല്ല. ബിനീഷ് കോടിയേരിയെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിനോട് പിണറായി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഒരു മാധ്യമവും പരിശോധിച്ചു കണ്ടില്ല. പിണറായിയുടെ മൗനത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്. കേസുകളില്‍ പ്രതിയായിട്ടില്ലെങ്കിലും പിണറായിയുടെ മക്കള്‍ക്കെതിരെയും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുടെ ആരോപണങ്ങളുണ്ട്. അധോലോക നേതാക്കളുടെ പരിവേഷമുള്ള കോടിയേരിയുടെ മക്കളെ പിണറായി തള്ളിപ്പറയുന്ന നിമിഷം സ്വന്തം മക്കളുടെ കഥകളും പുറത്തുവരും.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലോകത്ത് എവിടെയൊക്കെ അധികാരം ലഭിച്ചിട്ടുണ്ടോ അവിടങ്ങളിലൊക്കെ യുഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് മിലോവന്‍ ജിലാസ് ചൂണ്ടിക്കാട്ടിയിട്ടുള്ള ‘പുതിയ വര്‍ഗം’ ഉയര്‍ന്നുവന്നിട്ടുണ്ട്. സമത്വ സുന്ദര ലോകത്തിന്റെ മുഗ്ധ സങ്കല്‍പ്പങ്ങളൊക്കെ മാറ്റിവച്ച് ആഡംബരത്തിലും ലൈംഗിക അരാജകത്വത്തിലും മുങ്ങിയ പാര്‍ട്ടി പ്രഭുക്കന്മാര് എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിലും നിര്‍ബാധം വിഹരിച്ചു. ഇന്ത്യയില്‍ പോലും ഇതു കാണാം. മൂന്നര പതിറ്റാണ്ടോളം പശ്ചിമബംഗാള്‍ ഭരിച്ച ജ്യോതിബസുവിന്റെ തണലില്‍ മകന് ചന്ദന്‍ ബസു സാമ്പത്തിക സാമ്രാജ്യം പടുത്തുയര്ത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു കാലത്ത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണല്ലോ.
ഡിറ്റേക്റ്റര്‍ഷിപ്പ് ഓഫ് ദ പ്രോലിറ്റേറിയറ്റ് (തൊഴിലാളി വര്‍ഗ സര്‍വാധിപത്യം) സിപിഎമ്മില്‍ ഡിറ്റേക്റ്റര്‍ഷിപ്പ് ഓഫ് ദ കറപ്റ്റ് (അഴിമതിക്കാരുടെ സര്‍വാധിപത്യം) ആയി മാറിയിരിക്കുകയാണ്. പ്ലീനം രേഖകള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനങ്ങള്‍ക്കും ഇതിനെതിരെ ഒന്നും ചെയ്യാനാവില്ല. അഴിമതിയുടെ കാര്യത്തില്‍ ചെറുമീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ പാര്‍ട്ടിയില്‍ ഒരുമിച്ചു നീന്തുകയാണ്. കുഞ്ഞുങ്ങളെ വായില്‍ കൊണ്ടുനടക്കുന്ന തിമിംഗലങ്ങളും ഇക്കൂട്ടത്തിലുണ്ടാവുക സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: