കേരളവികസനത്തെപ്പറ്റിയുള്ള ചര്‍ച്ചക്ക് കേരളത്തെക്കാള്‍ പഴക്കമുണ്ട്. കേരളം വളര്‍ന്നു. വളര്‍ച്ച കൈവരിച്ചിട്ടും പക്ഷെ വികസനം, അതിന്റെ നേരായ അര്‍ത്ഥത്തില്‍, യാഥാര്ത്ഥ്യമായില്ലിനിയും. വികസനചര്‍ച്ച തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. വൈരുധ്യങ്ങളുടെയും വിരോധാഭാസങ്ങളുടെയും ഒരു വലിയ ഭാണ്ഡക്കെട്ടായി ‘ദൈവത്തിന്റെ ഈ സ്വന്തം നാട്’ ലോകത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു നില്ക്കുന്നു.
ഉയര്‍ന്ന പൊതുജനാരോഗ്യ പരിരക്ഷ ഒരു വശത്ത്, മറുവശത്ത് കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരികളുടെ വിളനിലം, വിദേശനാണ്യം ഏറ്റവുമധികം ഒഴുകിയെത്തിയിട്ടും പ്രത്യുല്പാദനപരമായ മുതല്‍മുടക്കിന്റെ അഭാവം, പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്താന്‍ പറ്റാത്തത്ര അവസരങ്ങളുടെ അഭാവം, പുഴകളും കായലുകളും കൊണ്ട് സമ്പുഷ്ടമെങ്കിലും ജലദൗര്‍ലഭ്യവും വൈദ്യുതിനിയന്ത്രണവും സര്‍വസാധാരണം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണ്, പക്ഷെ ഭഷ്യധാന്യങ്ങളും പച്ചക്കറിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന്, സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വളരെ മുന്നില്‍ നില്‍ക്കുമ്പോഴും മാനസിക വൈകല്യങ്ങളും ആത്മഹത്യാനിരക്കും വളരെകൂടുതല്‍, അങ്ങനെ നീണ്ടുപോകുന്നു ആ വൈരുധ്യങ്ങള്‍. കേരള വികസന മാതൃക എന്നറിയപ്പെടുന്ന കേരളത്തിന്റെ വികസനാനുഭവം തന്നെ വൈരുദ്ധ്യാത്മകമാണ്. നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയതാണത്. എന്നാല്‍ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുകയാണ് പതിവ്. ആ നേട്ടങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന ചില ‘എട്ടുകാലി മമ്മൂഞ്ഞു’മാര്‍ നമ്മുടെ ഇടത്പക്ഷക്കാര്ക്കിടയിലുണ്ട്. കേരളവികസന മാതൃകയുടെ ‘ക്രെഡിറ്റ്’ ആര്‍ക്കെങ്കിലും അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് നമ്മുടെ രാജാവാഴ്ച്ചക്കാലത്തെ ഭരണാധികാരികള്‍ക്കും അക്കാലത്തെ നവോത്ഥാന നായകര്‍ക്കും മാത്രമാണ്.
സര് സി.പി. രാമസ്വാമി അയ്യര്‍ എന്ന ദിവാനേക്കാള്‍ വലിയ വികസന കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിയേയും സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂറോ, കൊച്ചിയും മലബാറും ഉള്‍പ്പെട്ട കേരളമോ നാളിതുവരെ വരെ കണ്ടില്ല.ഒരു ഡസനിലേറെ മുഖ്യമന്ത്രിമാര്‍ മാറി മാറി കേരളം ഭരിച്ചു. അവരില്‍ ചിലര്‍ ഒന്നിലേറെ തവണയും. അവരാരും മോശക്കാരായിരുന്നില്ല. പക്ഷെ അവര്‍ക്കാര്‍ക്കും വികസനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടോ വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛയോ ഉണ്ടായില്ല. വികസനത്തെപ്പറ്റി വാചകമടിച്ച് സമയം കളഞ്ഞു. ചില നേരിയ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നല്ല. ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി ആയിരുന്നു കെ. കരുണാകരന്. നെടുമ്പാശ്ശേരി വിമാനത്താവളം അതിന് ഉദാഹരണമാണ്. പക്ഷെ പാരിസ്ഥിതികമായി പെരിയാര്‍ തീരത്തുള്ളവര്‍ പാടം നികത്തിയതിനു വലിയ വില കൊടുക്കേണ്ടി വരുന്നു.
വികസനത്തെപറ്റി സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാടിന്റെ അഭാവത്താലാണിത്. അടുത്ത കാലത്തെ അതിവൃഷ്ടിയും പ്രളയവും ഒക്കെ അനുഭവിച്ചിട്ടും പരിസ്ഥിതിയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന് അധരാനുകമ്പ മാത്രം. അതിരപ്പുള്ളി പദ്ധതിയും മറ്റും അതാണ് സൂചിപ്പിക്കുന്നത്. മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും പരിസ്തിഥി സംബന്ധിച്ച ശുപാര്‍ശകള്‍ വനരോദനങ്ങളായി മാറി. പലരും പലതും പലയവസരങ്ങളില്‍ പറഞ്ഞിട്ടും, പിന്നെ ചൊറിഞ്ഞിട്ടും കൂടി ഹാ അറിയുന്നില്ലല്ലോ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം. അത് കൊണ്ടാണല്ലോ വികസനം എന്നാല്‍ വിമാനാത്താവളങ്ങളും പഞ്ച നക്ഷത്ര ഹോട്ടലുകളും മാളുകളും ബഹുനില ഫഌറ്റ് സമുച്ചയങ്ങളും ആണെന്ന ധാരണയില്‍ അവയൊക്കെ കെട്ടിപ്പൊക്കി അവര്‍ ചാരിതാര്‍ഥ്യം അടയുന്നത്. ശബരിമല പൂങ്കാവനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അഞ്ചാമത്തെ വിമാനത്താവളം ചെറുവള്ളിയില്‍ വരുന്നത്. ഇതിന് പുറമെ ഇടുക്കിയിലും വിമാനത്തവളത്തിന് നിര്‍ദേശം ഉണ്ട്.
വിമാനത്താവളനിര്‍മാണത്തിന്റെ മറവില്‍ മന്ത്രിമാര്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും ശതകോടികള്‍ കൊയ്യാനാവും. തിരുവനന്തപുരം വിമാനത്താവളവികസനം അദാനിയെ ഏല്‍പ്പിക്കരുത് തങ്ങള്‍ സ്വയം നടപ്പിലാക്കാം എന്ന് ഇടത് മുന്നണിയും വലത് മുന്നണിയും വാശിപിടിക്കുന്നത് വിമാനത്താവളം എന്ന കറവപ്പശുവിനെ കണ്ടിട്ടാണ്. കൂടുതല്‍ ഭൂമി വിമാനത്താവളത്തിന് വിട്ടു കൊടുക്കണം എന്ന ആവശ്യവുമായി എയര്‍പോര്‍ട്ട് അതോറിറ്റി സെക്രട്ടറിയേറ്റിലും മന്ത്രി മന്ദിരങ്ങളിലും കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടായി. പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന നിലപാടാണ് ഇരു മുന്നണികളുടെയും. കെഎസ്ആര്‍ടിസി പോലും നേരെ ചൊവ്വേ നടത്തികൊണ്ട് പോവാന്‍ സാധിക്കാത്തവരാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പിന് വേണ്ടി മൂക്ക് മുറിച്ച് ശകുനം മുടക്കുന്നത്.. വാണിജ്യകാര്യങ്ങളില്‍ സര്‍ക്കാരിന് കാര്യമില്ല. വാണിജ്യത്തിന് അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ പങ്ക്. ക്ഷേത്രഭരണം മുതല്‍ മദ്യക്കച്ചവടം വരെ എന്തിലും ഏതിലും സര്‍ക്കാര്‍ കൈകടത്തുന്ന കേരള വികല മാതൃക മാറിയേ മതിയാവൂ.
ആദ്യ ഇ. എം. എസ് മന്ത്രിസഭയും അതിലെ അംഗങ്ങളും ഒട്ടേറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. പക്ഷെ അതിവൈകാരികമായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വികസന സമീപനം. വികസനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള വിഫല ശ്രമവും ഉണ്ടായി. വികസനത്തില്‍ പ്രത്യശാസ്ത്രമുണ്ടോ എന്നത് അന്നത്തെപ്പോലെ ഇന്നും ഒരു തര്‍ക്ക വിഷയം തന്നെയാണ്. പണ്ട് ഉപപ്രധാനമന്ത്രി ആയിരിക്കെ എല്‍. കെ. അഡ്വാനിയാണ് ഒരഭിമുഖത്തില്‍ പറഞ്ഞത് ഭരണനിര്‍വഹണത്തില്‍ പ്രത്യയശാസ്ത്രമില്ലെന്ന് .ഇതേ ആശയം തന്നെയാണ് ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി’ എന്ന് ചൈനയിലെ ഡെങ് സിയാവോ പിംഗ് പറഞ്ഞത്. ധര്‍മ്മമായിരുന്നു ഭാരതീയ ഭരണാധികാരികള്‍ മുറുകെപ്പിടിച്ചിരുന്ന പ്രത്യയശാസ്ത്രം.ബൗദ്ധികമായ പ്രത്യയശാസ്ത്രത്തിലുപരി ആത്മീയമായ ഒരന്തര്ധരയും അനുഭവത്തിന്റെ കരുത്തും ഉള്ള ചലനാത്മകമായ ദര്‍ശനമാണ് ധര്‍മ്മം. കേരളത്തിലും പണ്ട് രാജാക്കന്മാര് പിന്തുടര്ന്നിരുന്നത് ഭരണനിര്‍വഹണത്തില്‍ ധര്‍മ്മ മാര്‍ഗമാണ്. തിരുവിതാംകൂര്‍ അറിയപ്പെട്ടിരുന്നത് തന്നെ ‘ധര്‍മ്മരാജ്യം’ എന്ന പേരിലായിരുന്നല്ലോ. ധര്മ്മത്തിന് ജാതി, മത, വര്‍ഗ, വര്‍ണ്ണ, കക്ഷി പരിഗണനകളില്ല. അത് സാര്‍വ്വലൗകീകവും സര്‍വകാല പ്രസക്തവും സനാതനവുമാണ്. ‘ധര്‍മ്മോ രക്ഷതി രക്ഷിത:’. ധര്‍മ്മത്തെ മുറുകെപ്പിടിക്കുന്നവരെ ധര്‍മ്മവും സംരക്ഷിക്കും എന്ന് ആപ്തവാക്യം.
ശാസ്ത്രമാണ് (സയന്‍സ്) ധര്‍മ്മം എന്ന് വിശ്വസിച്ചിരുന്ന മുഖ്യമന്ത്രി ആയിരുന്നു സി. അച്യുത മേനോന്. കടുത്ത കമ്മ്യൂണിസ്റ്റ് എങ്കിലും ‘മാന്യനായ കമ്മ്യൂണിസ്റ്റ്’ എന്നാണ് അച്യുത മേനോന് അറിയപ്പെട്ടിരുന്നത്. നല്ലൊരു വികസന കാഴ്ചപ്പാട് മുഖ്യമന്ത്രി ആയിരിക്കെ അച്യുതമേനോന് സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് നല്ല കുറെ വികസന കാല്വൈപ്പുകള് ഉണ്ടായി. ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍, സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ്, ഭൗമ ശാസ്ത്രകേന്ദ്രം, ഇലക്ട്രോണിക്സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ തുടങ്ങി മികവിന്റെ കേന്ദ്രങ്ങളുടെ ഒരു ശൃംഖലയും അവയെ നയിക്കാന്‍ എം.എസ്. വല്യത്താന്, കെ.പി.പി. നമ്പ്യാര്‍, വി.കെ.എസ്. മേനോന്, കെ.എന്‍, രാജ്, ഹര്‍ഷ് കെ. ഗുപ്ത എന്നിങ്ങനെ കേരളത്തിന് പുറത്ത് നിന്നെത്തിയ പ്രതിഭാശാലികളുടെ നീണ്ട നിരയും കേരളത്തേപ്പറ്റി പു
തിയ പ്രതീക്ഷ ഉണര്‍ത്തി. പക്ഷെ പില്ക്കാലത്തെ ആ സ്ഥാപനങ്ങളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഇലക്ട്രോണിക്സ് എന്നത് ഭാരതത്തിനാകെ അപരിചിതമായിരുന്ന എഴുപതുകളിലാണ് അച്യുത മേനോന് കെ.പി.പി. നമ്പ്യാറിലൂടെ കേരളത്തില്‍ ഇലക്ട്രോണിക്സ് വികസന കോര്‍പറേഷനും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുന്നത്. ഇന്ന് രാജ്യമാസകലം വിവരസാങ്കേതികവിദ്യ എന്ന പുതിയ പേരില്‍ ഇലക്ട്രോണിക്സ് പടര്‍ന്നു പന്തലിക്കുമ്പോള്‍ കേരളത്തില്‍ അവയുടെ നില ശോചനീയമാണ്. രാജ്യത്തെ ആദ്യ ‘ടെക്നോപാര്‍ക്’ പോലും തിരുവനന്തപുരത്താണ് ആരംഭിച്ചതെന്നോര്ക്കുക.
സര് സിപി എന്ന ഇടത് പക്ഷത്താല്‍ വെറുക്കപ്പെട്ട ധിഷണാശാലിയാണ് ഇവിടെ വികസനത്തിന്റെ ശിലകള്‍ പാകിയത്. കരമനയാറിന്റെ കര മുതല്‍ ആലുവാപ്പുഴയോരം വരെ. അവയ്ക്ക് മുകളില്‍ പിന്നെ കാര്യമായി ഒന്നും കെട്ടിപ്പൊക്കിയില്ല ജനായാത്ത സര്‍ക്കാറുകള്‍. അന്നാരംഭിച്ചവയുടെ വൈവിധ്യവല്ക്കരണമോ വികസനമോ പോലും വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ നമുക്കായില്ല. എഫ്എസിടി, ടിസിസി, ട്രാവന്കോര് ടൈറ്റാനിയം, പെരുമ്പാവൂര്‍ റയോണ്‍സ് എന്നിങ്ങനെ എത്രയെത്ര വ്യവസായ ജീവച്ഛവങ്ങള്‍.ആദ്യ സര്‍വകലാശാലയുടെ ആദ്യ കുലപതിയായി തിരുവനന്തപുരത്തേക്ക് സിപി ക്ഷണിച്ചത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ആയിരുന്നു എന്നത് തന്നെ ആ ഭരണതന്ത്രജ്ഞന്റെ ഔന്നത്യം വിളിച്ചോതുന്നു.
ഒരു വശത്ത് അതി വേഗം കുതിച്ചുയരുന്ന വികസനാവശ്യങ്ങള്‍. മറുവശത്ത് ഇനി പുതിയ കാല്‍വെപ്പുകള്‍ പോയിട്ട് നിലവിലുള്ളവ മുന്നോട്ട് കൊണ്ട് പോവാന്‍ പോലുമുള്ള ശേഷിയും ശേമുഷിയും ഇല്ല മാറി മാറി ഭരണത്തിലെത്തുന്ന മുന്നണികള്‍ക്ക്. വിദ്യാഭ്യാസ, സാക്ഷര, ആരോഗ്യ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടവും നിലവാരവും നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നത് ഉമ്മന്‍ ചാണ്ടി ധനമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ വിശദമായി വെളിപ്പെടുത്തിയിരുന്നു. അതൊരു ജനകീയ ഭരണാധികാരിയുടെ കുറ്റസമ്മതമോ കുമ്പസാരമോ ആയിരുന്നു. സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികള്‍ വികസന വിഷമവൃത്തംഎന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ ഈ അവസ്ഥ പിന്നീടങ്ങോട്ട് കൂടുതല്‍ രൂക്ഷമായിട്ടേ ഉള്ളൂ. മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ദുരഭിമാനം മൂലം തുറന്ന് പറയാറില്ല എന്ന് മാത്രം. കഴിഞ്ഞ മൂന്നിലേറെ പതിറ്റാണ്ടായി സംസ്ഥാനത്തെ വികസനവിഷമവൃത്തം ഒരു തലത്തിലും ഒരു സംവാദത്തിലും ക്രിയാത്മകമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ലക്ഷങ്ങളുടെ കടബാധ്യതയുമായിട്ടാണ് ഓരോ കുഞ്ഞും ഇവിടെ പിറന്നു വീഴുന്നത്. എന്നിട്ടും കിട്ടുന്നിടത്തെല്ലാം നിര്‍ബാധം കടം വാങ്ങുന്നുണ്ട് കേരളം. മാര്‍ക്സിയന്‍ എന്ന് അവകാശപ്പെടുന്ന ധന മന്ത്രി തോമസ് ഐസക് കെയീന്സിനെ കൂട്ടു പിടിച്ചാണ് ഈ കടം വാങ്ങി ചെലവാക്കുന്നതിനെ ന്യായീകരിക്കുന്നത്. ശ്രീപദ്മനാഭന്റെ സ്വര്‍ണവും രത്നങ്ങളും വരെ പണയപ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ഭീമമായ വായ്പകള്‍ എടുക്കാനായിരുന്നു ഒടുവിലത്തെ ആലോചന. അതില്‍ തൊടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പരമോന്നത കോടതി വിധിച്ചതോടെ ആ ആലോചന അലസിപ്പോയി.
അരിമണിയൊന്ന് കൊറിക്കാനില്ലേലും തരിവളയിട്ട് കിലുക്കാനാണ് കേരളത്തിന്റെ മോഹം. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള മാമാങ്കങ്ങളുടെയും മേളകളുടെയും നാടാണ് കേരളം. കോടികളാണ് ഖജനാവില്‍ നിന്ന് അവയുടെ സംഘാടനത്തിനായി ചെലവിടുന്നത്. ചെലവ് ചുരുക്കുന്നതിനുള്ള ശുപാര്‍ശകള്‍ക്കായി കമ്മിറ്റികളും കമ്മീഷനുകളും നിരവധി രൂപീകരിച്ചു. അവയുടെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയേറ്റിലെ അലമാരകളില്‍ പൊടിയടിച്ച് കിടക്കുന്നു. തൊട്ടതിനും പിടിച്ചതിനും കമ്മീഷന് രൂപീകരിക്കുക നമ്മുടെ സര്‍ക്കാറുകളുടെ ഒരു സുകുമാരകലയാണ്. ശമ്പളത്തിനും യാത്രാബത്തയ്ക്കുമായി കോടികളാണ് ഈ വെള്ളാനകള്‍ ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നത്. ഒരു ഐജി നയിച്ചിരുന്ന കേരള പോലീസില്‍ ഇന്ന് എത്ര ഡിജിപിമാര്‍ എത്രയെത്ര എഡി ജിപിമാര്‍. എന്നിട്ടും നിയമസമാധാനപാലനവും കുറ്റകൃത്യ നിയന്ത്രണവും കാര്യക്ഷമമായി നടക്കുന്നുമില്ല. ബലാല്‍സംഗങ്ങളും സ്ത്രീ പീഡനവും വാര്‍ത്തയാകാത്ത ദിവസമില്ല. ക്രൈമുകളുടെ വേലിയേറ്റം ടീവി ചാനലുകള്‍ക്ക് പ്രത്യേക ദൈനദിനപരിപാടിക്ക് വകയായി. കേരളത്തില്‍ അവശേഷിക്കുന്ന അപൂര്‍വം ധനസ്രോതസുകളില്‍ പ്രധാനപ്പെട്ടവയായിരുന്നു എക്സൈസ്, ടൂറിസം മേഖകളും പ്രവാസികളും. സര്‍ക്കാരിന് നേരിട്ട് കിട്ടുന്നില്ലെങ്കിലും പ്രവാസികള്‍ നാട്ടിലേക്ക് പണ മയക്കുകയും ഇവിടെ അത് ചെലവാക്കുകയും ചെയ്യുന്നുണ്ടായിരുന്നത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ചുരുങ്ങിത്തുടങ്ങി. ലക്ഷക്കണക്കിന് പ്രവാസികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. അവിടെ തുടരുന്നവരുടെ അവസ്ഥയും ആശ്വാസകരമല്ല. കോവിഡ് കാലം കടന്ന് പോയാല്‍ കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസം. സാമ്പത്തികമായും സാമൂഹ്യമായും വമ്പിച്ചൊരു വെല്ലുവിളിയാണിത് എന്നറിഞ്ഞിട്ടും ആരും അത് കണ്ടതായി ഭാവിക്കുന്നതേ ഇല്ല. ഒരു അഗ്നിപര്‍വതത്തിന്റെ മുകളിലാണ് കേരളം. എപ്പോള്‍ വേണമെങ്കിലും അത് കേരളീയ സമൂഹത്തില്‍ പൊട്ടിത്തെറിക്കാം. ദൂരവ്യാപകമാവും ആ സാമൂഹ്യ വിസ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍.
കേന്ദ്രസര്‍ക്കാറുമായി മുന്‍വിധികള്‍ ഇല്ലാതെ സംസാരിച്ചും കേന്ദ്രത്തേക്കൂടി സഹകരിച്ചും മാത്രമേ പ്രവാസി പ്രശ്നം പരിഹരിക്കാനാവൂ.അടുത്ത സംസ്ഥാന ഭരണം ഏത് മുന്നണിയുടേതായാലും കേന്ദ്രവുമായി ധാരണയിലും സഹകരണത്തിലും മുന്നോട്ട് പോയാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ. പിണറായി ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കുന്ന ‘ഭരണത്തോടൊപ്പം സമരവും സമരത്തോടൊപ്പം ഭരണവും ‘ എന്ന നമ്പൂതിരിപ്പാടിന്റെ പഴയ പരിപാടി ഇനി നടപ്പില്ല.നടത്താന്‍ അനുവദിച്ചു കൂടാ. അവസാനിപ്പിക്കുന്നതിന് മുമ്പ് അബ്ദുള്‍ കലാമിനെ ഓര്‍ക്കാതെ വയ്യ.
കേരളത്തെ കേരളീയരെപ്പോലെ സ്നേഹിച്ച ആ രാജര്‍ഷി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ രാഷ്ട്രപതിയായിരിക്കെ അഭിസംബോധന ചെയ്തപ്പോള്‍ പ്രസ്സ് ഗാലറിയില്‍ ഈ ലേഖകനും ഉണ്ടായിരുന്നു.അന്നദ്ദേഹം സംസാരിച്ചത് മുഴുവന്‍ കേരള വികസനത്തെ കുറിച്ചായായിരുന്നു. ‘മിഷന് 2020’ എന്നൊരു ലഘു പുസ്തകവും അദ്ദേഹം സഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു. 2020ന് മുമ്പ് കേരളത്തിന് വിവിധ മേഖലകളില്‍ നടപ്പിലാക്കാവുന്നതും നടപ്പിലാക്കേണ്ടതുമായ പദ്ധതി നിര്‍ദേശങ്ങള്‍ സ്വന്തം മസ്തിഷ്കത്തില്‍ ഉദിച്ചത് അക്കമിട്ട് മുന്‍ രാഷ്ട്രപതി ഉള്‍ക്കൊള്ളിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ 2020ന് തിരശീല വീഴും. എത്ര നിയമസഭാ സാമാജികര്‍ക്ക്,എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക്, ഏത് മുന്നണിയിലോ പെട്ടവരാവട്ടെ, നെഞ്ചില്‍ കൈവച്ച് പറയാനാവും താന്‍ ആ വികസനത്തിന്റെ ഇതിഹാസം ഒന്ന് മറിച്ചെങ്കിലും നോക്കി എന്ന്? അനസ്യൂതം തുടരുന്ന നമ്മുടെ വികസന ചര്‍ച്ചകളെപ്പറ്റി അറിഞ്ഞാല്‍ അബ്ദുള്‍ കലാംജി സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: