കൊച്ചി: കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തീരുമാനിച്ചെങ്കില്‍ അന്ന് പിളര്‍ന്നതെന്തിനെന്ന് സിപിഐ. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിച്ചവര്‍ അധികം പറയേണ്ടെന്ന് സിപിഎം. അതിനിടെ, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും അടക്കം ആരുമായും ചേര്‍ന്ന് തുടര്‍ ഭരണത്തിന് ‘മരണക്കളി’ കളിക്കുന്ന ഇടതുമുന്നണിയില്‍ നിന്ന് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ഒഴിഞ്ഞൊഴിഞ്ഞു പോവുകയാണ്. എന്തായാലും കോണ്‍ഗ്രസിനൊപ്പമില്ലെന്നു പറയുന്ന ഇക്കൂട്ടര്‍ ബിജെപിയോട് ചേരാന്‍ മടിക്കുന്നുണ്ട്. പകരം ‘മോദിക്കൊപ്പം’ എന്ന അടവുനയം സ്വീകരിക്കാന്‍ ഒരുങ്ങുകയാണവര്‍.
ജനകീയ ജനാധിപത്യത്തിന് ഒരുങ്ങാന്‍ കോണ്‍ഗ്രസുമായും ചേരണമെന്ന ആശയം ഉയര്‍ന്നപ്പോള്‍, കല്‍ക്കത്ത തിസീസിന്റെ ചര്‍ച്ചയില്‍, ഉടന്‍ വിപ്ലവമെന്ന് വ്യാഖ്യാനിച്ച് ചിലര്‍ 1964ല്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്തിനായിരുന്നുവെന്ന് കമ്യൂണിസ്റ്റുകള്‍ ചോദിക്കാന്‍ തുടങ്ങി. ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഖ്യമെന്ന സിപിഎം തീരുമാനം, പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലെ 94 അംഗങ്ങളില്‍ 10 പേരുടെ വിയോജിപ്പോടെ അംഗീകരിച്ചതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെ ധാര്‍മികത ഉണര്‍ത്തിയത്. ഈ തീരുമാനത്തോടെ ‘ബദല്‍രേഖ’ അവതരിപ്പിച്ച എം.വി. രാഘവനെ പുറത്താക്കിയതുള്‍പ്പെടെ തെറ്റായെന്ന് സിപിഎം സമ്മതിക്കുകയാണെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ പറയുന്നു. മാത്രമല്ല ‘എന്തിനെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത് ഒടുവില്‍ നിങ്ങള്‍ അതിന്റെ ഭാഗമാകുമെന്ന’ തത്ത്വം ശരിവയ്ക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.
നാല് കാര്യങ്ങള്‍ ഈ ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍’ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: സിപിഐയില്‍ നിന്ന് പിളര്‍ന്ന് പോയ ന്യൂനപക്ഷം സിപിഎമ്മിന് രൂപം കൊടുത്തത് തെറ്റായി. അതിനാല്‍ സിപിഐയില്‍ സിപിഎം ലയിക്കണം. രണ്ട്: രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ തീരുമാനം രാഷ്ട്രീയ ന്യൂനപക്ഷം അനുസരിക്കണമെന്നാണ് കമ്യൂണിസ്റ്റ് തത്ത്വം. അത് പ്രകാരം കോണ്‍ഗ്രസ് സഖ്യം ആകാമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം കേരളത്തിലെ സഖാക്കളില്‍ ചിലരടങ്ങുന്ന ന്യൂനപക്ഷമായ 10 പേര് എതിര്‍ത്തെങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ചു. സിപിഐയില്‍നിന്ന് 1964ല്‍ 135 അംഗ ദേശീയ സമിതിയില്‍നിന്ന് 32 പേര് മാത്രമുള്ള ന്യൂനപക്ഷം ഇറങ്ങിപ്പോന്നാണ് സിപിഎം രൂപീകരിച്ചത്. അന്ന് ഭൂരിപക്ഷത്തെ അനുസരിച്ചില്ല. അത് താത്ത്വിക നിലപാടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ബന്ധം അംഗീകരിക്കാതെ കേരള സിപി
എംകാര്‍ കേരള സിപിഎം ഉണ്ടാക്കുമോ എന്ന് വ്യക്തമാക്കണം. മൂന്ന്: സിപിഎമ്മിന്റെ ഈ തെരഞ്ഞെടുപ്പ് അടവുകള്‍ക്ക് സിപിഐ കൂട്ടുനില്‍ക്കേണ്ടതില്ല. അഥവാ അങ്ങനെ മുന്നണിയില്‍ നില്ക്കുന്നെങ്കില് അത് രാഷ്ട്രീയ മേല്‍ക്കോയ്മ നേടിക്കൊണ്ടാവണം. പരസ്യമായി ഒരു പ്രസ്താവന പോലും ഇക്കാര്യത്തില്‍ നടത്താനാവാതെ ‘റാന്‍മൂളി’കളായി നേതൃത്വം ഓച്ഛാനിച്ച് നില്‍ക്കുന്നത് നാണക്കേടാണ്. സിപിഎമ്മിന്റെ നയമല്ല എല്‍ഡിഎഫ് നടപ്പിലാക്കേണ്ടത്. താത്ത്വികമായി നിലപാടെടുക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായും പരസ്യ സഖ്യം കേരളത്തിലും ചെയ്യാന്‍ എന്താണ് മടി; ബിജെപി കേരളത്തില്‍ അതിവേഗം വളരുകയാണെന്ന സത്യം തിരിച്ചറിയണം.
നാലാമതായി യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ഉയര്‍ത്തുന്ന ചോദ്യം ഏറ്റവും പ്രസക്തമാണ്. ബിജെപി രാഷ്ട്രീയ ശത്രുവായിരിക്കാം, പക്ഷേ നരേന്ദ്ര മോദിയുടെ ഭരണം അഴിമതിക്കെതിരെ നടത്തുന്ന യുദ്ധവും വികസനകാര്യ പരിപാടിയുടെ നടപ്പാക്കല്‍ രീതിയും പിന്തുണ അര്‍ഹിക്കുന്നതാണ് എന്നവര്‍ പറയുന്നു. നാലു പതിറ്റാണ്ട് തുടര്‍ഭരണം കിട്ടിയ ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഴിമതി തടയാനോ സദ്ഭരണം നടത്താനോ കഴിഞ്ഞില്ല. അതാണ് പാര്‍ട്ടിയുടെ പതന കാരണം. കേരളത്തില്‍ തുടര്‍ഭരണം ആശിക്കുമ്പോള്‍, ഈ ഭരണം അഴിമതിയുടെ ആഴത്തിലാണെന്നോര്‍ക്കണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
മറ്റെല്ലായിടത്തും കോണ്‍ഗ്രസുമായി രഹസ്യവും പരസ്യവുമായ ബന്ധവും സഖ്യവും, കേരളത്തില്‍ മാത്രമല്ല എന്ന് പറഞ്ഞാല്‍ ആരെ കബളിപ്പിക്കാനാകുമെന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ ചോദിക്കുന്നു. ഇത് ‘അടവുനയ’മല്ല, ‘അടിയറവുനയ’മാണ്. അതിനാല്‍ ബിജെപിയോടൊപ്പം നില്‍ക്കാതെ നരേന്ദ്ര മോദിയോട് ചേര്‍ന്നാലും കോണ്‍ഗ്രസിനൊപ്പമില്ല. കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരുത്തും എന്നാണ് ‘യഥാര്‍ത്ഥ കമ്യൂണിസ്റ്റു’കളുടെ നിലപാട്. ആവുംവിധം ഈ വിഷയത്തില്‍ പ്രചാരണത്തിന് ആസൂത്രണം നടത്തുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: