ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി ആദായനികുതി വകുപ്പിന് നല്കിയ കണക്കില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ബിനീഷ് ആദായനികുതി വകുപ്പിന് നല്കിയ കണക്കിന്റെ പകര്‍പ്പും ഇഡി കോടതിയില്‍ നല്കി.
മുഹമ്മദ് അനൂപ്, റജീഷ് രവീന്ദ്രന് എന്നിവരുമായി ചേര്‍ന്ന് നിരവധി ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ ബെംഗളൂരുവില്‍ നടത്തിയിരുന്നു. ഇതിന്റെ മറവില്‍ നടത്തിയ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ബിനീഷിന്റെ ചില ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ബിനീഷ് കൊക്കയിന് എന്ന ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കര്‍ണാടക സ്വദേശി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്. ഇത്തരത്തില്‍ നിരവധി പേരെ ബിനാമികളാക്കിയാണ് ബിനീഷ് പ്രവര്‍ത്തിച്ചിരുന്നത്. ബിനീഷിന്റെ ആസ്തികള്‍ വളരെയേറെയാണ്. നേരത്തെ ദുബായില്‍ ബിനീഷ് താമസിക്കുന്ന സമയത്ത് ബാങ്ക് തട്ടിപ്പില്‍ പ്രതിയാണ്. ആ ബാങ്ക് തട്ടിപ്പ് കേസ് ഉള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
വെള്ളി, ശനി, ദിവസങ്ങളില്‍ ഏകദേശം പത്തുമണിക്കൂര്‍ വീതം ഇഡി ബിനീഷിനെ ചോദ്യം ചെയ്തു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ നാലാം ദിവസത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെ നടുവേദനയുണ്ടെന്ന് ബിനീഷ് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ തുടര്‍ ചോദ്യം ചെയ്യല്‍ നടന്നില്ല. ഇന്നലെയും ബിനീഷ് ശാരീരിക അസ്വസ്ഥതകള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ സാധിച്ചില്ല.
അതേ സമയം, കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ ബന്ധുക്കളെയും അഭിഭാഷകരെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു.
ബിനീഷിന്റെ ഇടപാടുകള്‍ സംബന്ധിച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി), ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി), ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി) ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ഇഡി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ഇഡി അറിയിച്ചതിനെ തുടര്‍ന്നാണ് എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നത്. ഇഡി കസ്റ്റഡി അവസാനിക്കുന്ന നവംബര്‍ ഏഴിന് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.
Click to Read: ബിനീഷ് വീണ്ടും ഇഡി കസ്റ്റഡിയില്‍; ലഭിച്ചത് 5.17 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: