തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച കനേഡിയന്‍ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന് ശ്രമം നടത്തിയതായി രേഖകള്‍. ജീവിതശൈലീ രോഗങ്ങള്‍ കൂടിയ കേരളത്തില്‍ കൊളസ്ട്രോളിനും രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ പ്രശ്നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയില്‍ ‘പോളിപില്‍’ എന്ന പുതിയ ഗുളികയ്ക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. കാനഡയില്‍ പരീക്ഷണാര്‍ഥം നല്കിയ ഗുളിക കേരളത്തില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കി രോഗികള്‍ക്ക് നല്‍കാനായിരുന്നു കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (പിഎച്ച്ആര്‍ഐ) തീരുമാനം. ഇതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
സംസ്ഥാനത്തെ പത്ത് ലക്ഷം ജനങ്ങളുടെ സമഗ്ര വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേ വഴി ശേഖരിച്ചിട്ടുണ്ട്. ഈ സര്‍വേയില്‍ ആദ്യ ഘട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പിഎച്ച്ആര്‍ഐയുടെ തലവനും മലയാളിയുമായ ഡോ. സലിം യൂസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന് ശ്രമം തുടങ്ങിയത്. ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കമ്പനി കോടികള്‍ മുടക്കിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഈ പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ യാതൊരു അനുമതി ഇല്ലാതെയും, ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഈ ഡാറ്റ കച്ചവടം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പോളിപില്‍ എന്ന പേരില്‍ കേരളത്തില്‍ ഈ മരുന്ന് കൊണ്ടുവന്നാല്‍ വിവാദങ്ങളുണ്ടാകുമെന്നും പോളിഫാര്‍മസി എന്നുപയോഗിച്ചാല്‍ മതിയെന്നും സര്‍വേയുമായി സഹകരിച്ച ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന്റെ ഡോ. വിജയകുമാര്‍, ഡോ. സലിം യൂസഫിന് മെയില്‍ അയച്ചു. പിന്നീട് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് ഉപദേശകനുമായ രാജീവ് സദാനന്ദനും ഡോ. വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ. ബിപിന്‍ ഗോപാലും പങ്കെടുത്തു. അതിനുശേഷമാണ് കാനഡയില്‍ വളരെ കുറച്ചാളുകളില്‍ പരീക്ഷിച്ചശേഷം അടുത്ത ഘട്ടം എന്ന നിലയില്‍ ഈ ഗുളിക കേരള സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്കാന് നീക്കം നടത്തിയത്.
ഉദ്യോഗസ്ഥതലത്തില്‍ ഇതിനുവേണ്ടി കോടിക്കണക്കിന് രൂപ കോഴ നല്‍കിയതായാണ് വിവരം. സര്‍വേയുടെ വിവരങ്ങള്‍ മരുന്ന് ഗവേഷണ കമ്പനിക്ക് കൈമാറിയ വാര്‍ത്തയും കൂടുതല്‍ വിവരങ്ങളും പുറത്തുവന്നപ്പോള്‍ ആദ്യം ഇത് നിഷേധിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ വെട്ടിലായി. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കൈമാറിയതില്‍ ആരോഗ്യവകുപ്പിലെ തന്നെ പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വിവരങ്ങളും പു
റത്തുവരികയാണ്. സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി സൗജന്യമായി ഈ മരുന്ന് നല്കുമ്പോള് പാവപ്പെട്ട നിരവധി രോഗികളായിരിക്കും ഇത് ഉപയോഗിക്കുക. ഇവരിലെ മാറ്റങ്ങള്‍ കിരണ്‍ സര്‍വേയുടെ മറവില്‍ത്തന്നെ ചെലവൊന്നുമില്ലാതെ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൃത്യമായി വിലയിരുത്താനുമാകും. സര്‍വേയുടെ ഏകോപനം നിര്‍വഹിച്ച അച്യുതമേനോന് സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് സ്റ്റഡീസിന്റെ രേഖകളില്‍ 10 വര്‍ഷം തുടര്‍ സര്‍വേ ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പിഎച്ച്ആര്‍ഐയുടെ സോഫ്റ്റ്വെയര് ഉപയോഗിച്ചാണു സര്‍വേ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: