കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ സ്ത്രീകള്‍ക്ക് നേരെ സിപിഎം സംഘം നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് സിപിഎമ്മും പോലീസും ഒത്തുകളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും അടിയന്തിരാവസ്ഥയില്‍ പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന് വിധേയനാവുകയും തുടര്‍ന്ന് ജയില്വാസവുമനുഭവിക്കുകയും ചെയ്ത വലിയ പുനത്തില്‍ രാജന് എന്ന കമ്യൂണിസ്റ്റുകാരന്റെ കുടുംബത്തെയാണ് റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കിയില്ലെന്ന കാരണത്താല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 26ന് മാര്‍ക്സിസ്റ്റ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പിണറായി പോലിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ക്രൂരപീഡനം.
രാജന്റെ ഭാര്യ ലളിത പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചു 2012 ല്‍ ധര്‍മ്മടം പോലീസ് സബ്ബ് ഇന്‍സ്പെക്ടറുടെ മദ്ധ്യസ്ഥതയില്‍ നടപ്പാതക്കായി സ്ഥലം നല്‍കിയിരുന്നു. 1.80 മീറ്റര്‍ വീതിയില്‍ 20 മീറ്ററോളം നീളത്തില്‍ സ്ഥലമാണ് അന്ന് വിട്ടുനല്‍കിയത്. ഇപ്പോള്‍ നടപ്പാത വികസനത്തിന്റെ പേരില്‍ രണ്ടാമതും ലളിതയുടെ സ്ഥലം മാത്രം പാര്‍ട്ടി അവശ്യപ്പെട്ടതോടെ ലളിത തടസ്സവാദമുന്നയിക്കുകയായിരുന്നു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കുന്നതിനായി പോലിസും ഗ്രാമപഞ്ചായത്തും ശ്രമിച്ചുവരുന്നതിനിടയിലാണ് ജെസിബി ഉപയോഗിച്ച് സിപിഎം സംഘം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഒരു മീറ്ററോളം വീതിയില്‍ ലളിതയുടെ കൈവശമുള്ള സ്ഥലത്തെ മതില് തകര്‍ത്ത് വീണ്ടും കൈയേറിയത്. ഇത് തടയാന്‍ ശ്രമിച്ച ലളിതയെ ജെസിബിയുടെ കൈകള്ക്കകത്താക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ലളിതയെ ബ്രാഞ്ച് സെക്രട്ടറിയടക്കമുളളവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു. ലളിതയെ രക്ഷിക്കാര്‍ ശ്രമിക്കുന്ന മകളെയും മകന്റെ ഭാര്യയെയും വലിച്ചിഴക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമം നടക്കവേ പിണറായി പോലീസ് സ്റ്റേഷനിലെ പോലിസുകാര്‍ ഒന്ന് തടയാന്‍ പോലും ശ്രമിക്കാതെ കാഴ്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിക്കേറ്റ ലളിതയും മകന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും വളരെ ലാഘവമായ സ്റ്റേഷനില്‍ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകള്‍ പ്രകാരമാണ് അക്രമികള്‍ക്കെതിരെ പോലിസ് കേസെടുത്തത്. അക്രമത്തിന് ശേഷവും പ്രദേശത്തെ സിപിഎം സംഘം കുടുംബത്തെ വേട്ടയാടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അക്രമത്തിനിരയായ ലളിത പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇത്രയും വലിയ മനുഷ്യാവകാശ ലംഘനവും സ്ത്രീപിഡനവും നടന്നിട്ടും പോലിസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്. ഗുരുതര നിയമലംഘനത്തിനെതിരെ ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് ഹരിദാസ് പറഞ്ഞു.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസും ഭരണപക്ഷവും ചേര്‍ന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനം ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. രാജന്, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് കെ.പി. ഹരീഷ്ബാബു, ജനറല്‍ സെക്രട്ടറി എ. അനില്‍കുമാര്‍, ജില്ലാ കമ്മിറ്റിയംഗം അജയകുമാര്‍ മീനോത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: