ഒന്ന് : പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ കണ്ടെത്തി കൊലപ്പെടുത്തുന്നു. മൃതദേഹം കടലിലെറിഞ്ഞ ശേഷമാണ് പാക് ഭരണകൂടം പോലും അതറിഞ്ഞത്.
രണ്ട് : ഇറാക്കിലെ സദ്ദാം ഹുസൈനെ കണ്ടെത്തി കൊലപ്പെടുത്തിയതും ഇതേ യുഎസ് കമാന്‍ഡോകള്‍.
മൂന്ന്: ഒസാമക്ക് ശേഷം ഐഎസ് മേധാവിയായ അല്‍ ബാഗ്ദാദിയെ സിറിയയിലെ ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തി കൊലപ്പെടുത്തിയത്.
ലോകം ശ്രദ്ധിച്ച ഭീകര വേട്ടകളാണ് മേല്‍ സൂചിപ്പിച്ചത്. ഇതിപ്പോള്‍ ഇവിടെ ഉദ്ധരിച്ചത് എന്തുകൊണ്ടാണ് എന്ന് സ്വാഭാവികമായും പലരും സംശയിക്കും. പെട്ടെന്ന് ഇതിലേക്ക് ഒക്കെ മനസ് എത്തിച്ചത് സിപിഎമ്മിന്റെ മുഖപത്രത്തിന്റെ ഒരു മുഖപ്രസംഗമാണ്; ഇന്ത്യ അടുത്തിടെ അമേരിക്കയുമായി ഉണ്ടാക്കിയ ചില സൈനിക-നയതന്ത്ര ധാരണകളുടെ പശ്ചാത്തലത്തിലെ അവരുടെ വിലയിരുത്തലാണ്. ‘യുഎസുമായും അതിന്റെ കൈപ്പിടിയിലുള്ളവരുമായും കൂട്ടുകൂടിയും ചൈനാ വിരുദ്ധ സഖ്യത്തിന്റെ അഭേദ്യ ഭാഗമായും പ്രശ്നം തീര്‍പ്പാക്കാനാകില്ല. അതിനാല്‍ ഇന്ത്യയെ അമേരിക്കയുടെ കുടിയാന് പദവിയിലേക്ക് തരംതാഴ്ത്തുന്ന നടപടിയില്‍നിന്ന് മോഡി ഉടന്‍ പിന്‍വാങ്ങണം’ എന്നാണ് സിപിഎമ്മിന്റെ പത്രം പറഞ്ഞത്. അതിര്‍ത്തിയില്‍ ചൈന ഉണ്ടാക്കുന്ന പ്രകോപനം, കാശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണിത്.
പിന്നീട് ലഡാക് അതിര്‍ത്തിയില്‍ ചൈന നടത്തിവരുന്ന പ്രകോപനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താനും പത്രം തയ്യാറായി. ‘ചൈനക്കെതിരെ അമേരിക്കയുമായുള്ള കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് അതിവേഗം നീങ്ങിയതാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കിയത്’ എന്നതാണത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടിയും ചൈനയെ പ്രകോപിച്ചിട്ടുണ്ടത്രെ. അത്രയുമവര് തുറന്നു സമ്മതിച്ചിരിക്കുന്നു; ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ത്യക്കുള്ളിലെ ഒരു വിഷയത്തില്‍ തീരുമാനമെടുത്താല്‍ ചൈന പ്രകോപിതമാവുമത്രെ. ഇതുതന്നെയാണല്ലോ ഫറൂഖ് അബ്ദുള്ള പറഞ്ഞതും; ‘ചൈന വന്ന് കാശ്മീരില്‍ അനുഛേദം -370 പുനഃസ്ഥാപിക്കുമെന്ന്’. ഇവിടെ ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കത്തിന് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ഫറൂഖ് അബ്ദുള്ളയും കൂട്ടരും എന്നര്‍ത്ഥം.
സിപിഎമ്മിന് ഏതൊരു വിഷയത്തിലും രാഷ്ട്രീയമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള അവകാശമുണ്ട്. അത് ഇന്ത്യ വിരുദ്ധമാണോ എന്നതേ നമുക്ക് പ്രശനമാവുന്നുള്ളൂ. അത് കാണേണ്ടവര്‍ കാണട്ടെ, വിലയിരുത്തട്ടെ. എന്നാല്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ പുതിയ സഹകരണം ചെറുതായി കാണേണ്ട ഒന്നല്ല എന്നതാണ് നമ്മുടെ മുന്നിലെ വിഷയം. അതില്‍ ഏറ്റവും പ്രധാനം, എന്തെങ്കിലും അമേരിക്കക്ക് അടിയറവ് വെക്കുകയല്ല മോഡി സര്‍ക്കാര്‍ ചെയ്തത്, മറിച്ച് വാഷിങ്ങ്ടണില്‍ നിന്ന് കുറെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കുകയാണ്. അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ പിശാചിനെ കാണുന്ന ഭയാശങ്കകളോടെയുള്ള സമീപനം സിപിഎമ്മിന് ഉണ്ടാവുന്നത് പുതിയ കാര്യമല്ല. അടുത്തകാലത്തായി സിപിഎം നേതാക്കളുടെ മക്കള്‍ അവിടെ ജോലിതേടി പോകുന്നതും ചികിത്സക്ക് നേതാക്കള്‍ പോയതുമൊക്കെ നമ്മുടെ മുന്നില്‍ ഉണ്ടെങ്കിലും രാഷ്ട്രീയമായ അവരുടെ നിലപാട് പഴയതുതന്നെ. അവിടെയാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് വധങ്ങള്‍ പ്രധാനമാവുന്നത്. അത് മൂന്നും മാത്രമല്ല; ഉദാഹരണമായി വേറെയും പലതുമുണ്ട്; എന്നാല്‍ ഇവ എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നവയാണ്.
തങ്ങള്‍ അന്വേഷിക്കുന്നവര്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് കൃത്യമായി മനസിലാക്കാനും അവിടെച്ചെന്ന് ആവശ്യമുള്ള ‘ഓപ്പറേഷന്’ നടത്താനും അമേരിക്കക്ക് സാധ്യമായത് അവരുടേത് ലോകത്തിലെ ഏറ്റവും മികച്ച സാറ്റലൈറ്റ് – നിരീക്ഷണ സംവിധാനമായതുകൊണ്ടാണ്. അത് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് സൗകര്യം നല്‍കുന്നതിന് ഡല്‍ഹിയില്‍ നടന്ന 2+ 2 ഉച്ചകോടിക്കിടെ അമേരിക്ക സമ്മതിക്കുകയായിരുന്നു. അതെങ്ങിനെ ചെറിയ കാര്യമാവും. ഈ ധാരണയുടെ പ്രാധാന്യം വേണ്ടപോലെ തിരിച്ചറിഞ്ഞത് ചൈനയും പാക്കിസ്ഥാനുമാണ്. പാക് അധികൃതര്‍ നടത്തിയ പ്രതികരണം ഞെട്ടല്‍ പ്രകടമാക്കുന്നതാണല്ലോ. ചൈന എത്ര ഗൗരവത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്? പാക്കിസ്ഥാനും ചൈനയും ഭയപ്പെടുമ്പോള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മിണ്ടാതിരിക്കാനാവുകയുമില്ലല്ലോ.
ഇന്ത്യക്ക് കരുത്തില്ലാഞ്ഞിട്ടല്ല
ഇന്ത്യ എന്തെങ്കിലും ദൗര്‍ബല്യം കൊണ്ട് അമേരിക്കയുടെ ഔദാര്യം തേടുന്നു എന്ന പ്രശ്നം ഇവിടെ ഉയരുന്നതേയില്ല. ഒരു ഉദാഹരണം മാത്രം മതി; ബാലകോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നമുക്ക് മറക്കാറായിട്ടില്ലല്ലോ. അവിടെ കൃത്യമായി ലക്ഷ്യത്തിലെത്താനും ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനും നമ്മുടെ ധീരസൈനികര്‍ക്കായി. അത് ഇന്ത്യ സ്വായത്തമാക്കിയ സംവിധാനങ്ങളിലൂടെയാണ്. അന്ന് അങ്ങിനെയൊക്കെ നടന്നോ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ പ്രതിപക്ഷത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാക് പാര്‍ലമെന്റില്‍ പാക് മുസ്ലിം ലീഗ് നേതാവ് അയാസ് സാദിക്ക് നടത്തിയ പ്രസംഗം ശ്രദ്ധിച്ചാല്‍ ആ സംശയം അവര്‍ക്ക് മാറേണ്ടതാണ്.
കമാന്‍ഡര്‍ വര്‍ധമാനെ പാക്കിസ്ഥാന് ഇന്ത്യക്ക് വിട്ടുകൊടുത്തത് സംബന്ധിച്ചാണ് ആ പരാമര്‍ശങ്ങള്‍; അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ അന്നുരാത്രി ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു; അതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിശകലനം ചെയ്യുകയും വര്‍ധമാനെ വിട്ടുകൊടുക്കാന്‍ നിശ്ചയിക്കുകയുമാണ് ചെയ്തതെന്നാണ് അയാസ് സാദിക്ക് പറഞ്ഞത്. ബാലക്കോട്ട് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആ കാര്യങ്ങള്‍ ലീഗ് നേതാവ് വിശദീകരിച്ചത്. അതായത് ബാലക്കോട്ട് അടക്കമുള്ള നമ്മുടെ നടപടികള്‍ പാക്കിസ്ഥാനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
ഇനി ചൈനയുടെ കാര്യമോ? സൗത്ത് ചൈന കടലില്‍ ചൈന ഇന്ന് അനുഭവിക്കുന്ന ടെന്‍ഷന്‍ വിശദീകരിക്കേണ്ടതില്ലല്ലോ; അതിനു പിന്നിലെ ശക്തി കേന്ദ്രം ഇന്ത്യയല്ലേ. മറ്റൊന്ന്, ഡോക് ലാം കൂടി ഓര്‍ത്തുനോക്കൂ; നാണം കെട്ട് ചൈനക്ക് പിന്വലിയേണ്ടിവന്നില്ലേ. കോണ്‍ഗ്രസുകാരുടെ കാലത്തെ ഇന്ത്യയല്ല നരേന്ദ്ര മോദിയുടെ കീഴിലുള്ളത് എന്നത് പാക്കിസ്ഥാനും ചൈനയും തിരിച്ചറിഞ്ഞു കഴിഞ്ഞു. അമേരിക്കയുടെ ഔദാര്യമൊന്നുമില്ലാതെതന്നെ സ്വന്തം കാര്യം നോക്കാന്‍ ഇന്ത്യ സുശക്തയാണ് എന്നതല്ലേ ഇതൊക്കെ കാണിച്ചുതരുന്നത്.
ക്വാഡും ബെക്കയും
അടുത്തിടെ രൂപീകൃതമായ ഈ മേഖലയിലെ ഒരു പുതിയ സൗഹൃദമാണ് ‘ക്വാഡ്’; അമേരിക്ക, ഇന്ത്യ, ആസ്ത്രേലിയ, ജപ്പാന് എന്നിവരാണിതിലുള്ളത്. ഏഷ്യയിലെ നാറ്റോ എന്നുവരെ അതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. ഈ നാല് രാജ്യങ്ങളുടെ സൈന്യങ്ങള്‍ ഒന്നിച്ചു പരിശീലനം നടത്തുന്നു, പരസ്പരം സുരക്ഷാ പ്രശ്നങ്ങള്‍ കൈമാറുന്നു, സഹകരിക്കേണ്ടിടത്ത് സഹകരണം, അങ്ങിനെ പലതും. ഇത് തീര്‍ച്ചയായും ചൈനക്ക് തലവേദനയാണ്, പ്രത്യേകിച്ചും സൗത്ത് ചൈന കടലില്‍. ജപ്പാനും ആസ്ത്രേലിയയും അവിടെ ചൈനയുമായി പോ
രാടുകയാണല്ലോ. അവര്‍ക്കൊപ്പമാണ് ഇന്ത്യയും അമേരിക്കയുമെത്തുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ വേറെയുമുണ്ട്; അവരുടെ നിയന്ത്രണം ഏറെക്കുറെ ഇന്ത്യയുടെ കൈവശമാണിപ്പോള്‍. അതൊക്കെ ചേരുമ്പോള്‍ ചൈന പരിഭ്രാന്തിയിലാവുന്നത് കാണുവാനാകും. അതിന് പിന്നാലെയാണ് 2 + 2 മന്ത്രിതല ചര്‍ച്ചകള്‍. ഇന്ത്യയും അമേരിക്കയുമാണ് ഈ രാജ്യങ്ങള്‍; അവരുടെ പ്രതിരോധ- വിദേശകാര്യ മന്ത്രിമാര്‍ ഒന്നിച്ചിരുന്ന് പ്രശ്ങ്ങള്‍ വിശകലനം ചെയ്യുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നത് മൂന്നാമത്തെ ചര്‍ച്ചയാണ്. രണ്ടുരാജ്യങ്ങളും അവരുടെ സുരക്ഷാ- നയതന്ത്ര പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, പരസ്പരം ഏതെല്ലാം വിധത്തില്‍ സഹകരിക്കണം എന്ന് ആലോചിക്കുന്നു.
ഇത്തവണ ഉരുത്തിരിഞ്ഞത് ‘ബെക്ക’ കരാറാണ്; ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോ- ഓപ്പറേഷന് എഗ്രിമെന്റ്. ഉന്നത നിലവാരത്തിലെ മിലിറ്ററി ടെക്നോളജി, സുരക്ഷിതമായ സാറ്റലൈറ്റ് വിവരങ്ങള്‍ എന്നിവ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്ക സമ്മതം മൂളുകയാണ് ചെയ്തത്. അതാണ് ഞാന്‍ സൂചിപ്പിച്ചത്, ഒസാമയുടെയും സദ്ദാമിന്റെയും മറ്റും കാര്യങ്ങള്‍. അതുപോലെ ഇന്ത്യ തേടുന്ന കുറെ ഭീകരരുണ്ട്; അവര്‍ എവിടെയുണ്ടെന്ന് ഇന്ത്യക്കറിയാം ….. ജെയ്ഷ് ഈ മുഹമ്മദ് തലവന്‍ മുതല്‍ ദാവൂദ് ഇബ്രാഹിം വരെ. തീര്‍ച്ചയായും അമേരിക്കയുടെ സഹകരണത്തോടെ നമുക്ക് അവരെ കണ്ടെത്തുക പ്രയാസകരമാവില്ല. മറ്റൊന്ന്, ആ സാറ്റലൈറ്റ് വിവരങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തിക്കപ്പുറത്തെ സൈനിക നീക്കങ്ങള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ ഒക്കെ കൂടുതല്‍ സൂക്ഷ്മതയോടെ കണ്ടറിയാന്‍ ഇനി കഴിയും. ഈ കരാര്‍ ഒപ്പുവെച്ചപ്പോള്‍ ഏറ്റവുമധികം അസ്വസ്ഥരായത് പാക്കിസ്ഥാനാണ്; അവര്‍ക്ക് പിന്നാലെ ചൈനയും വിയര്‍ക്കുന്നത് കാണുകയുണ്ടായി. അതുതന്നെയാണ് ഈ ധാരണയുടെ വിജയം, നേട്ടം.
അമേരിക്കയില്‍ ഇപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടയിലാണ് അവരുടെ പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാര്‍ ഇന്ത്യയിലെത്തി ഈ ചര്‍ച്ചകളില്‍ വ്യാപൃതമായത്; ധാരണകളിലെത്തിയത്. എത്രത്തോളം പ്രാധാന്യം അവര്‍ നരേന്ദ്ര മോദിയുടെ ഇന്ത്യക്ക് കല്പ്പിക്കുന്നു എന്നതും ഇവിടെ നിഴലിക്കുന്നുണ്ടല്ലോ. അതൊന്നും നമ്മുടെ കമ്മ്യുണിസ്റ്റു കാര്‍ക്ക് മനസിലാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: